സത്സംഗം 10 : സ്വഭാവദോഷങ്ങളെ ഇല്ലാതാക്കുന്നതിനായുള്ള പ്രക്രിയ

ഏതു മാർഗത്തിലൂടെ സാധന ചെയ്താലും കാമം, ക്രോധം, ലോഭം, മോഹം, മദം, മത്സരം ഈ ഷഡ്രിപുക്കളെ ഇല്ലാതാക്കിയില്ലെങ്കിൽ സാധനയിൽ ഉന്നതി ഉണ്ടാവില്ല. ലളിതമായ ഭാഷയിൽ പറയുകയാണെങ്കിൽ ആധ്യാത്മിക ഉന്നതി എന്നു വച്ചാൽ ഈശ്വരനുമായി ഒന്നാകുന്ന മാർഗത്തിലേക്കുള്ള പ്രയാണം. ഈശ്വരനിൽ ദുർഗുണങ്ങളൊന്നുമില്ല. ഈശ്വരൻ സർവഗുണവല്ലഭനാണ്. നമുക്ക് ഈശ്വരനുമായി ഒന്നാകണമെങ്കിൽ നമ്മളിലുള്ള ദുർഗുണങ്ങൾ ഇല്ലാതാക്കണം.

സ്വഭാവദോഷങ്ങൾ കാരണം പറ്റുന്ന തെറ്റകുളിൽ സാധനയുടെ ശക്തി ചിലവായി പോകും. അതു കാരണം വ്യക്തിയുടെ ആധ്യാത്മിക ഉന്നതി ആകില്ല. ഉദാഹരണത്തിന് നുണ പറഞ്ഞാൽ 30 മാല ജപം പാഴായി പോകും. സ്വഭാവദോഷങ്ങൾ കാരണം ഭൌതിക ജീവിതത്തിലും പല പ്രശ്നങ്ങളും ഉണ്ടാകുകയും നാം ദുഃഖിതരാകുകയും ചെയ്യും. ആരാണെങ്കിലും ദുഃഖം ഒഴിവാക്കി ആനന്ദം നേടുവാനായി ശമ്രിക്കുന്നു. അത് നേടണമെങ്കിൽ സ്വഭാവദോഷങ്ങൾ മാറ്റേണ്ടത് അനിവാര്യമാണ് പക്ഷേ ഈ പ്രക്രിയ നടപ്പിലാക്കണമെങ്കിൽ ആദ്യം നാം എന്തു ചെയ്യണം? ആദ്യം നാം നമ്മളിലുള്ള കുറവുകളും ദോഷങ്ങളും മനസ്സോടെ സ്വീകരിക്കുക, സമ്മദിക്കുക.

സാധാരണ വ്യക്തിയുടെയും പ്രാഥമിക നിലയിലെ സാധകന്‍റെയും ചിത്തവൃത്തി ബഹിർമുഖമായിരിക്കും. അതു കാരണം തുടക്കത്തിൽ ’ഒരു മനുഷ്യൻ എന്ന നിലയിൽ ’ഞാൻ’ എങ്ങനെയുള്ള വ്യക്തിയാണ്’, എന്നതിനെക്കുറിച്ച് നമുക്ക് ബോധമുണ്ടാവില്ല. ഓരോ വ്യക്തിക്കും തന്നെക്കുറിച്ച് ഒരു ഭ്രമം (തെറ്റിദ്ധാരണ) ഉണ്ടാകും. പലപ്പോഴും തന്‍റെ ചിന്തകളും പെരുമാറ്റവും പ്രവർത്തിയും ശരിയാണെന്ന് തോന്നുന്നതു കാരണം വ്യക്തി ഒരു ഭ്രമത്തിലിരിക്കും. അവൻ തന്നെ കുറിച്ച് ഒരു ’മിഥ്യ ചിത്രം/ആഭാസപരമായ ചിത്രം’ അതായത് pseudo image തയ്യാറാക്കുന്നു. ഈ ചിത്രം സത്യത്തിൽനിന്നും വ്യത്യസ്തം ആയിരിക്കും. ഉദാ. ’ഞാൻ എല്ലാ കാര്യങ്ങളും കൃത്യമായും വൃത്തിയോടെയും ചെയ്യും’, ’ഞാൻ മറ്റുള്ളവരെ സഹായിക്കും’, ’എനിക്ക് ഇന്ന ഒരു കാര്യം ഒരിക്കലും ചെയ്യാൻ കഴിയില്ല.’ ഇത്തരം ചില ചിന്തകളും ഭാവനകളും വ്യക്തിയുടെ മനസ്സിൽ വളരെ ശക്തമായി സ്ഥാനം പിടിച്ചിട്ടുണ്ടാകും. ഈ ചിന്തകൾ കാരണം സൃഷ്ടിക്കപ്പെട്ട ആഭാസപരമായ ചിത്രം നിലനിർത്തുന്നതിനായി വ്യക്തി അറിഞ്ഞു കൊണ്ടും അറിയാതെയും പ്രയത്നിക്കുന്നു. അതു കൊണ്ടാണ് നമ്മുടെ പെരുമാറ്റം ഓരോ വ്യക്തി അനുസരിച്ച് വ്യത്യസ്തമാകുന്നത്. അന്തർമുഖതയോടുകൂടി നാം ആദ്യത്തെ പടിയിൽ ഈ മിഥ്യാചിത്രത്തെ മായ്ക്കുവാനുള്ള ശമ്രം നടത്തി ’യഥാർഥത്തിൽ ’ഞാൻ’ എങ്ങനെയുള്ള വ്യക്തിയാണ് ?’ എന്നത് മനസ്സിലാക്കുകയും അതിനായി നമ്മുടെ മനസ്സിനെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യേണ്ടതാണ്.

പൊതുവേ ആളുകളുടെ ചിന്താഗതി എപ്രകാരമായിരിക്കും? ’ഞാൻ ചെയ്യുന്നതാണ് നന്നായിരിക്കുന്നത്’, ’ഞാൻ പറഞ്ഞതാണ് ശരി’, ’എന്നെ അവർ മനസ്സിലാക്കുന്നില്ല’, ’അവർ എന്നോട് മാത്രമാണ് ഇങ്ങനെ പെരുമാറുന്നത്’, ഇപ്രകാരമായിരിക്കും സാധാരണ വ്യക്തിയുടെ ചിന്താപ്രക്രിയ. തീരുമാനം തെറ്റിയാൽ തന്നെ അതിനു കാരണക്കാരൻ മുമ്പിലുള്ള വ്യക്തി അല്ലെങ്കിൽ സാഹചര്യമാണ് എന്നാണ് നാം ചിന്തിക്കുക. നേരെ മറിച്ച് ഈ സ്ഥിതിയിൽ ’എനിക്ക് എന്ത് ചെയ്യുവാൻ കഴിയുമായിരുന്നു?’ അല്ലെങ്കിൽ ’എന്നെക്കൊണ്ട് എന്തു തെറ്റ് പറ്റി’ എന്നാരും ചിന്തിക്കില്ല.

ചിന്താഗതി ഇപ്രകാരം ആക്കുന്നതാണ് സ്വഭാവദോഷങ്ങളെ ഇല്ലാതാക്കുന്നതിലെ ആദ്യപടിയും ഏറ്റവും പ്രധാന കാര്യവും. ഇങ്ങനെ ചിന്തിക്കുവാൻ കഴിഞ്ഞെങ്കിൽ നമ്മുടെ തെറ്റിന്‍റെ മൂലകാരണം വരെ നമുക്ക് എത്താനും അതിനെ പരിഹരിക്കാനും സാധിക്കും. ഇന്ന് ഭാരതത്തിലും വിദേശത്തുമുള്ള അനേകം ജിജ്ഞാസുക്കൾ സ്വഭാവദോഷങ്ങളെ ഇല്ലാതാക്കുവാനുള്ള പ്രക്രിയ പഠിച്ച് ആനന്ദവും ഉത്സാഹവും സമാധാനവും നിറഞ്ഞ ജീവിതം നയിക്കുന്നു. ഈ പ്രക്രിയ നമ്മളെ നിത്യജീവിതത്തിലെ പ്രശ്നങ്ങളെ ആധ്യാത്മിക രീതിയിൽ എങ്ങനെ പരിഹരിക്കാം എന്നത് പഠിപ്പിക്കുന്നു. ഇനി നമുക്ക് ഈ പ്രക്രിയയെക്കുറിച്ച് മനസ്സിലാക്കാം.

നാം ശരിയായ പ്രവർത്തിയോ തെറ്റായ പ്രവർത്തിയോ ചെയ്യുന്നതിനു മുമ്പ് അത്തരം ചിന്ത നമ്മുടെ മനസ്സിൽ വരുകയും പിന്നീട് ആ പ്രവർത്തി നാം ചെയ്യുകയും ചെയ്യുന്നു. അതായത് പ്രവർത്തിക്കു മുമ്പ് മനസ്സിൽ ചിന്ത വരുന്നു. സ്വഭാവം മനസ്സുമായി ബന്ധപ്പെട്ട കാര്യമാണ്. നാം മുമ്പുള്ള ഒരു സത്സംഗത്തിൽ ഇതിനെക്കുറിച്ച് മനസ്സിലാക്കിയിരുന്നു.

ബാഹ്യമനസ്സും ആന്തരിക മനസ്സും എന്നിങ്ങനെ മനസ്സിന് രണ്ടു പ്രധാന ഭാഗങ്ങളുണ്ട്. ബാഹ്യമനസ്സ് 10 ശതമാനവും ആന്തരിക മനസ്സ് 90 ശതമാനത്തോളവും ഉണ്ടാകും. ബാഹ്യമനസ്സ് എന്നു വച്ചാൽ ഉദ്ബുദ്ധ (പ്രബുദ്ധ) മനസ്സ് ! നമ്മുടെ പൊതുവെയുള്ള ചിന്തകളും വികാരങ്ങളും ബാഹ്യമനസ്സുമായി ബന്ധപ്പെട്ടതായിരിക്കും. നമ്മുടെ ആന്തരിക മനസ്സിൽ എല്ലാ വികാരങ്ങളും വിചാരങ്ങളും ഭാവനകളും അനുഭവങ്ങളും ഇച്ഛകളും സംഭരിച്ചിരിക്കും. ചുരുക്കത്തിൽ ആന്തരിക മനസ്സിൽ ഈ ജന്മത്തിലെയും കഴിഞ്ഞ ജന്മങ്ങളുടെയും അനവധി സംസ്കാരങ്ങൾ സുപ്തമായ അവസ്ഥയിലായിരിക്കും. സംസ്കാരം എന്നു വച്ചാൽ എന്താണ്? ഭൌതിക ജീവിതത്തിൽ ’സംസ്കാരം’ എന്ന വാക്കിന്‍റെ അർഥം നല്ല ആചാരങ്ങൾ, ചിന്തകൾ, പ്രവർത്തി എന്നിവയാണ്. ആധ്യാത്മിക കാഴ്ചപ്പാടിൽ ’സംസ്കാരം’ എന്നു വച്ചാൽ നമ്മുടെ ചിത്തവൃത്തിയും നമ്മുടെ ഓരോ പ്രവർത്തിയുടെയും നമ്മുടെ ആന്തരിക മനസ്സിൽ പതിയുന്ന അടയാളങ്ങൾ. നല്ല കാര്യങ്ങളുടെ സംസ്കാരം ഉണ്ടാകുന്നതു പോലെ തന്നെ തെറ്റായ കാര്യങ്ങളുടെയും സംസ്കാരം മനസ്സിലുണ്ടാകും. ഉദാ. ഭഗവാന്‍റെ നാമജപം ചെയ്താൽ അതിന്‍റെ സംസ്കാരം ഉണ്ടാകുന്നു. അതുപോലെ തന്നെ അപശബ്ദങ്ങൾ ഉപയോഗിക്കുന്ന സംസ്കാരവും മനസ്സിലുണ്ടാകും. ഏതെങ്കിലും പ്രവർത്തി വീണ്ടും വീണ്ടും ചെയ്യുമ്പോൾ അതിന്‍റെ സംസ്കാരം ദൃഢമായിക്കൊണ്ടു പോകും. ചിത്തത്തിൽ അത് സ്ഥിരമായി പതിഞ്ഞു പോകും. ഈ ജന്മത്തിലേതു മാത്രമല്ല, കഴിഞ്ഞ ജന്മങ്ങളുടെയും സംസ്കാരം ഉപബോധ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരിക്കും. സംസ്കാരങ്ങൾ വ്യക്തിയെ ജനന-മരണ ബന്ധനത്തിൽ അകപ്പെടുത്തുന്നു.
മനസ്സിൽ നന്മ-തിന്മകളുടെ സംസ്കാരങ്ങൾ ഏതു രൂപത്തിലും അളവിലുമാണോ ഉള്ളത് അതു പ്രകാരം നമ്മുടെ ചിത്തവൃത്തി രൂപമെടുക്കും. ചിത്തവൃത്തിയിൽനിന്ന് വിചാരങ്ങൾ ഉളവെടുക്കും. വിചാരങ്ങൾ അനുസരിച്ച് നമ്മളെക്കൊണ്ട് നല്ലതോ ചീത്തയോ ആയ പ്രവർത്തികൾ സംഭവിക്കുന്നു. ഏതെങ്കിലും സംഭവത്തിൽ നമ്മുടെ ഉപബോധ മനസ്സിലെ ഇഷ്ടാനിഷ്ടങ്ങൾ, ആഗ്രഹങ്ങൾ സവിശേഷതകൾ എന്നിങ്ങനെ സുപ്തമായിരിക്കുന്ന സംസ്കാരങ്ങൾ ഉണരുന്നു. തദനുസൃതം നമ്മളെക്കൊണ്ട് ഓരോ പ്രവർത്തിയും ചെയ്യപ്പെടുന്നു, ഉദാ. വഴിയിൽ 100 രൂപയുടെ നോട്ട് കിടക്കുന്നതായി കണ്ടാൽ നാം എന്തു ചെയ്യും? ചിലർ അതെടുത്ത് കിശയിലിടും എന്നാൽ ചിലർ അടുത്തു നിൽക്കുന്നവരോട് നിങ്ങളുടെ ആണോ എന്ന് ചോദിക്കും. ഇവിടെ ഒരേ സംഭവത്തിൽ രണ്ടു സ്വഭാവക്കാരുടെയും പ്രവർത്തി വ്യത്യസ്തമാണ്. ഇതിന്‍റെ കാരണമാണ് ആ രണ്ടു പേരുടെയും അന്തർമനസ്സിലെ സംസ്കാരങ്ങൾ ! ലോഭമുള്ള സ്വഭാവക്കാരൻ അത് തന്‍റെ കീശയിലിടും, സത്യസന്ധനാണെങ്കിൽ അത് ആരുടെ ആണെന്ന് ചോദിക്കും.

മനുഷ്യന്‍റെ കൈകളാൽ സംഭവിക്കുന്ന ഓരോ പ്രവർത്തിയും അവന്‍റെ മനസ്സ് കാരണമാണ് സംഭവിക്കുന്നത്. ശരീരം മനസ്സിന്‍റെ അടിമയാണ്. മനസ്സിന്‍റെ സ്ഥിതി നല്ലതാണെങ്കിൽ അതായത് മനസ്സിൽ സ്വഭാവദോഷങ്ങളും അഹംഭാവവും ഇല്ലെങ്കിൽ ശരീരം ഉചിതമായ പ്രവർത്തി ചെയ്യുന്നു. നേരെ മറിച്ച് മനസ്സിൽ സ്വഭാവദോഷങ്ങളും അഹംഭാവവും ഏറെ ഉണ്ടെങ്കിൽ ശരീരം അനുചിതമായ പ്രവർത്തി ചെയ്യുന്നു. അതിനാൽ ആത്മവിശ്വാസം, ധൈര്യം, വിനയം, പോസിറ്റിവ് ആയി ചിന്തിക്കുക, അന്തർമുഖത എന്നീ ഗുണങ്ങളോടു കൂടിയ ജീവിതം വേണമെങ്കിൽ അതിനായി നാം പ്രയത്നിക്കണം.

നമ്മുടെ നിത്യജീവിതത്തിൽ നാം പല പ്രതിസന്ധികളെ നേരിടുന്നു. കഴിഞ്ഞു പോയ കാലങ്ങളിലെ ചില സംഭവങ്ങൾ ഓർമ വരുന്പോൾ മനസ്സിന് വീണ്ടും അതേ ഭയം തോന്നും. ചിലപ്പോൾ ഭാവിയെക്കുറിച്ചുള്ള ചിന്ത ഉണ്ടാകും. വിദ്യാർഥികൾക്ക് പരീക്ഷയുടെ ഭയം ഉണ്ടാകും. സ്വഭാവദോഷങ്ങൾ അധികം ആണെങ്കിൽ നമ്മുടെ മനസ്സ് പലപ്പോഴും അസ്വസ്ഥമായിരിക്കും. താങ്കൾക്കും നിത്യ ജീവിതത്തിൽ ഇതെല്ലാം അനുഭവത്തിൽ വരുന്നുണ്ടാകും.

സ്വഭാവദോഷങ്ങൾ ഉന്മൂലനം ചെയ്യുന്ന പ്രക്രിയ തുടങ്ങുന്നതിനു മുമ്പ് നമ്മുടെ സ്വഭാവത്തെക്കുറിച്ച് നാം പഠിക്കുന്നത് നല്ലതാണ്. ഏതെല്ലാം കാര്യങ്ങൾ നമ്മുടെ മനസ്സിൽ സമ്മർദ്ദം ഉണ്ടാക്കുന്നു, നമ്മുടെ സ്വഭാവത്തിൽ ഏതെല്ലാം കുറവുകൾ അതായത് ദോഷങ്ങളുണ്ട് ഇതിനെക്കുറിച്ച് പഠിക്കണം. അതിനായി ദിവസവും നമ്മുടെ സംസാരവും പ്രവർത്തികളും നിരീക്ഷിക്കണം. എന്നെക്കൊണ്ട് എവിടെ തെറ്റുകൾ പറ്റുന്നു, എന്തു തെറ്റുകൾ പറ്റുന്നു എന്നത് നിരീക്ഷിക്കണം. പിന്നെ ഏറ്റവും പ്രധാനമെന്തെന്നാൽ അത് നമ്മുടെ പുസ്തകത്തിൽ എഴുതി വയ്ക്കുക. അസുഖം മാറ്റണമെങ്കിൽ ആദ്യം ഡോക്ടർ പല ടെസ്റ്റകൾ ചെയ്ത് പരിശോധിക്കും. അസുഖത്തിന് കാരണം എന്താണെന്ന് കണ്ടു പിടിച്ചാൽ മാത്രമേ അതിന് ശരിയായ പരിഹാരം ചെയ്യാൻ കഴിയൂ. അതുപോലെ സ്വഭാവദോഷം മാറ്റണമെങ്കിൽ ആദ്യം നമ്മുടെ സ്വഭാവത്തെ നിരീക്ഷണം ചെയ്യണം. അടുത്ത സത്സംഗത്തിൽ നമുക്ക് സ്വഭാവദോഷങ്ങളെ എങ്ങനെ മാറ്റണം എന്നത് പഠിക്കാം.