സത്സംഗം 16 : A-3 സ്വയം പ്രത്യായനം

സ്വഭാവദോഷങ്ങളെ ഇല്ലാതാക്കുന്ന പ്രക്രിയയിൽ നാം ഇതു വരെ A-1, A-2 എന്നീ സ്വയം പ്രത്യായന രീതികളെക്കുറിച്ച് പഠിച്ചു. ഇനി നമുക്ക് A-3 സ്വയം പ്രത്യായനം എപ്പോള്‍ ഉപയോഗിക്കുന്നു എന്നും അതു തയ്യാറാക്കേണ്ട രീതിയും മനസ്സിലാക്കാം.

 

A-3 സ്വയം പ്രത്യായനത്തിന്‍റെ നിയമം (ക്രമം)

A-3 സ്വയം നിർദേശത്തിൽ വ്യക്തി പ്രതികൂല സാഹചര്യത്തെ ആത്മവിശ്വാസത്തോടെ വിജയകരമായി നേരിടുന്നതായി മനസ്സിൽ സങ്കൽപിക്കും. അതിലൂടെ മനസ്സിന് അത്തരം സാഹചര്യത്തെ നേരിടുന്നതിനുള്ള ഒരു പരിശീലനം ആകുന്നു. ഈ പരിശീലനം കഴിഞ്ഞ്, അത്തരം സാഹചര്യത്തെ വാസ്തവത്തിൽ നേരിടേണ്ടി വരുമ്പോൾ അവന്‍റെ മനസ്സിന് പിരിമുറുക്കമുണ്ടാവില്ല. നമ്മളിൽ ഓരോരുത്തർക്കും ചില സാഹചര്യങ്ങളെ നേരിടാൻ ഒരു പ്രയാസവും ഭയവുമുണ്ടാകും. അത്തരം സാഹചര്യത്തെ നാം ഒഴിവാക്കുവാനായും ശമ്രിക്കും. ഉദാഹരണത്തിന് ചിലർക്ക് ഓൺലൈൻ മണി ട്രാൻസ്ഫർ ചെയ്യാൻ ഭയം തോന്നും, ചിലർക്ക് ട്രെയിനിൽ യാത്ര ചെയ്യാൻ ഭയമായിരിക്കും, ചിലർക്ക് ബാങ്കിൽ പോകാൻ മടിയായിരിക്കും, കുട്ടികൾക്ക് പരീക്ഷയുടെ ഭയമുണ്ടാകും എന്നാൽ ചിലർക്ക് സഭാകമ്പമുണ്ടാകും. നമ്മുടെ നിത്യജീവിതത്തിൽ ഇത്തരം ബുദ്ധിമുട്ടുകൾ പലതും നാം നേരിടുന്നു. നമുക്ക് ഏതെങ്കിലും കാര്യം ചെയ്യാൻ ഭയമുണ്ടെങ്കിൽ അതിന് A-3 രീതിപ്രകാരം സ്വയം പ്രത്യായനം നൽകുന്നതിലൂടെ അതിനെ മറി കടക്കുവാൻ കഴിയും.

ഏതെങ്കിൽ കാര്യം നാം ആദ്യമായാണ് ചെയ്യുന്നതെങ്കിൽ മനസ്സിൽ നെഗറ്റിവ് ചിന്തകൾ കാരണം ഭയം ഉണ്ടാകുന്നു. അതു കാരണം ആ പ്രവർത്തി ചെയ്യേണ്ട എന്നു തോന്നും. മനസ്സിലെ ഭയം കാരണം ആത്മവിശ്വാസം കുറയും. ഉദാഹരണത്തിന്, പരീക്ഷയെക്കുറിച്ചുള്ള ഭയം കാരണം ചില കുട്ടികൾ പഠിച്ചതെല്ലാം മറന്നു പോകും. അത്തരം സ്ഥിതി വരാതിരിക്കുവാനായി A-3 സ്വയം പ്രത്യായനം ഉപയോഗിക്കാവുന്നതാണ്. ഇവിടെ ഓർമ വയ്ക്കേണ്ട ഒരു കാര്യം എന്തെന്നാൽ A-3 സ്വയം പ്രത്യായനത്തിനോടൊപ്പം ആ കാര്യം ചെയ്യുന്നതിനായി ആവശ്യമുള്ള മറ്റു ഗുണങ്ങളും നമ്മളിൽ വളർത്തി എടുക്കണം. A-3 സ്വയം പ്രത്യായനത്തിലൂടെ വിദ്യാർഥിക്ക് പരീക്ഷയുടെ ഭയം മാറ്റിയെടുക്കാൻ കഴിയും പക്ഷേ പരീക്ഷയ്ക്കായി പഠിക്കുവാൻ വിദ്യാർഥിക്ക് സ്വയം പ്രയത്നിക്കേണ്ടി വരും. പ്രായമുള്ള വ്യക്തിക്ക് ഫോൺ ഉപയോഗിക്കുവാൻ പേടി തോന്നിയേക്കാം. ഏതെങ്കിലും ബട്ടൻ അമർത്തിയാൽ എന്തെങ്കിലും പറ്റും എന്നു തോന്നും. ഇത്തരം സാഹചര്യത്തിൽ സ്വയം പ്രത്യായനത്തിലൂടെ ഭയം മാറ്റിയെടുക്കാൻ കഴിയും പക്ഷേ ഫോൺ ഉപയോഗിക്കുന്ന രീതി അദ്ദേഹത്തിന് പഠിച്ചെടുക്കേണ്ടി തന്നെ വരും.

 

A-3 സ്വയം പ്രത്യായനം ഏതെല്ലാം
സ്വഭാവദോഷങ്ങൾക്കായാണ് ഉപയോഗിക്കുന്നത് ?

ഉത്സാഹമില്ലായ്മ, മുൻകൈ എടുക്കാതിരിക്കുക, ആത്മവിശ്വാസത്തിന്‍റെ കുറവ്, ഒഴിഞ്ഞു മാറുക, അപകർഷതാബോധം, അവനവനെക്കുറിച്ച് നെഗറ്റിവ് ആയി ചിന്തിക്കുക മുതലായ സ്വഭാവ ദോഷങ്ങളെ മാറ്റുന്നതിനായി ഈ രീതി ഉപയോഗിക്കുന്നു. ഏതെങ്കിലും സ്ഥിതിയിൽ എനിക്ക് ഇന്ന കാര്യം ചെയ്യാൻ കഴിയില്ല, അല്ലെങ്കിൽ എനിക്ക് ചെയ്യാൻ കഴിയുമോ ഇല്ലയോ എന്നിങ്ങനെയുള്ള നെഗറ്റിവ് ചിന്തകളെ മാറ്റാൻ ഈ സ്വയം പ്രത്യായനം ഉപയോഗിക്കുന്നു.

സന്ദർഭവും സ്വയം പ്രത്യായനവും

നമുക്ക് ചില ഉദാഹരണങ്ങളിലൂടെ ഈ സ്വയം പ്രത്യായനം തയ്യാറാക്കാൻ പഠിച്ചെടുക്കാം.

സന്ദർഭം 1

വീട്ടിലെ ആവശ്യങ്ങൾക്കായി ചിലവിന് കാശ് എടുക്കാൻ ഭർത്താവ് എന്നോട് ബാങ്കിലേക്ക് പോകാൻ പറഞ്ഞു. അന്നേരം ഒറ്റയ്ക്ക് ബാങ്കിൽ പോയി കാശ് എടുക്കാൻ എനിക്ക് കഴിയുമോ? എന്നോർത്ത് ഭയം തോന്നി. ഞാൻ ഭർത്താവിനോട് ഇപ്പോൾ കാശിന്‍റെ ആവശ്യമില്ല, അടുത്ത ആഴ്ച താങ്കൾ കാശ് എടുത്തു തന്നാലും മതി, എന്നു പറഞ്ഞു.

ഈ ഉദാഹരണത്തിലുള്ള ദോഷം എന്താണ് ? ഒറ്റയ്ക്കു ബാങ്കിൽ പോയി കാശ് എടുക്കാൻ പറ്റും എന്ന ആത്മവിശ്വാസത്തിന്‍റെ കുറവ്. ഈ നെഗറ്റിവ് ചിന്താഗതി A-3 സ്വയം പ്രത്യായനം നൽകി മാറ്റുവാൻ കഴിയും. A-3 പ്രകാരം സ്വയം പ്രത്യായനത്തിൽ നാം ആത്മവിശ്വാസത്തോടുകൂടി വിജയകരമായി പ്രവർത്തി ചെയ്തു എന്ന് മനസ്സിൽ കൽപിക്കുകയാണ് ചെയ്യുന്നത്. A-3 സ്വയം പ്രത്യായനം വർത്തമാന കാലത്തിലായിരിക്കണം. ഇത് A-1, A-2 പ്രകാരം ഒറ്റ വാക്യത്തിലല്ലാതെ കുറച്ചു വിസ്തരിച്ചാണ് എഴുതുന്നത്. ബാങ്കിൽ പോകുന്നതിലുള്ള ഭയത്തെ മറി കടക്കാൻ A-3 പ്രകാരമുള്ള സ്വയം പ്രത്യായനം ഏതു രീതിയിലായിരിക്കും എന്നത് ഇനി നമുക്ക് നോക്കാം.

A-3 സ്വയം പ്രത്യായനം

1. എന്നോട് ഭർത്താവ് ബാങ്കിൽനിന്നും കാശ് എടുക്കാൻ പറയുന്നു.

2. ഞാൻ ബാങ്കിൽനിന്നും കാശ് എടുക്കുന്ന രീതി ഭർത്താവിനോട് ചോദിച്ച് മനസ്സിലാക്കി എടുക്കുന്നു. പറയുന്ന കാര്യങ്ങളെല്ലാം ഞാൻ എഴുതി എടുക്കുന്നു.

3. ബാങ്കിൽ പോകുന്നതിനു മുമ്പ് ഞാൻ വീണ്ടും ആ കാര്യങ്ങൾ വായിച്ചു നോക്കുന്നു.

4. ഇപ്പോൾ ഞാൻ ബാങ്കിൽ എത്തി.

5. ബാങ്കിൽ പ്രവേശിച്ച് ഞാൻ വിത്ഡ്രവൽ സ്ലിപ് എടുത്ത് അത് കൃത്യമായി പൂരിപ്പിക്കുന്നു.

6. വിത്ഡ്രവലിനുള്ള കൌണ്ടർ ഏതാണെന്ന് ചോദിച്ച് മനസ്സിലാക്കി ഞാൻ അവിടെ ക്യൂയിൽ നിൽക്കുന്നു. എന്‍റെ മനസ്സ് ശാന്തമാണ്. ഞാൻ ജപിക്കുകയാണ്.

7. എന്‍റെ നമ്പർ വന്നു. ഞാൻ പാസ്ബുക്കും വിത്ഡ്രവൽ സ്ലിപ്പും അവിടെ ഇരിക്കുന്ന ഉദ്യോഗസ്ഥന് കൊടുക്കുന്നു.

8. ബാങ്ക് ഉദ്യോഗസ്ഥൻ എന്‍റെ പാസ്ബുക്കും കാശും എനിക്ക് തരുന്നു.

9. ഞാൻ കാശ് എണ്ണി നോക്കുന്നു. പാസ്ബുക്കും കാശും ഞാൻ ബാഗിൽ വയ്ക്കുന്നു.

10. ഞാൻ ബാങ്കിൽനിന്നും കാശ് വിത്ഡ്രോ ചെയ്തതിന് എനിക്ക് വളരെ ആനന്ദം തോന്നുന്നു. ഞാൻ ഉപാസ്യ ദേവതയുടെ ചരണങ്ങളിൽ കൃതജ്ഞത അർപ്പിക്കുന്നു.

ഈ രീതിയിലാണ് A-3 യിൽ സ്വയം പ്രത്യായനം തയ്യാറാക്കുന്നത്. പരീക്ഷ, ഇന്‍റർവ്യൂ, പ്രസന്‍റേഷൻ ഇതിന്‍റെ ഭയം A-3 സ്വയം പ്രത്യായനത്തിലൂടെ മാറ്റി എടുക്കാം. ഇനി നമുക്ക് ഒരു ഉദാഹരണവും കൂടി നോക്കാം.

സന്ദർഭം 2

പ്രോജക്റ്റ് മാനേജർ എന്നോട് ക്ലയന്‍റിന്‍റെ മുന്നിൽ സോഫ്റ്റ്വെയറിന്‍റെ പ്രസന്‍റേഷൻ ചെയ്യാൻ പറഞ്ഞു. എനിക്ക് ശരിക്ക് പറയുവാൻ കഴിയുമോ? കഴിഞ്ഞ തവണ പറഞ്ഞപ്പോൾ ക്ലയന്‍റിന് അത് അത്ര ഇഷ്ടപ്പെട്ടില്ല, എന്ന ചിന്തകൾ മനസ്സിൽ വന്ന് മാനസിക പിരിമുറുക്കം ഉണ്ടാകാൻ തുടങ്ങി. ഇനി നമുക്ക് ഇതിനുള്ള സ്വയം പ്രത്യായനം നോക്കാം.

A-3 സ്വയം പ്രത്യായനം

1. പ്രോജക്റ്റ് മാനേജർ എന്നോട് സോഫ്റ്റ്വെയറിനെക്കുറിച്ച് പ്രസന്‍റേഷൻ ചെയ്യാൻ പറയുന്നു.

2. ഞാൻ അദ്ദേഹത്തിൽനിന്നും പ്രസന്‍റേഷൻ എത്ര നേരത്തേതായിരിക്കണം, അതിൽ എന്തെല്ലാം കാര്യങ്ങൾ ഉൾപ്പെടുത്തണം എന്നിവ ചോദിച്ച് മനസ്സിലാക്കുന്നു.

3. അദ്ദേഹം പറയുന്ന കാര്യങ്ങൾ ഞാൻ എഴുതി എടുക്കുന്നു.

4. പ്രസന്‍റേഷന് വേണ്ടി സ്ലൈഡ് തയ്യാറാക്കുന്നതിനു മുമ്പ് ഞാൻ പ്രോജക്റ്റ് മാനേജർ പറഞ്ഞ കാര്യങ്ങൾ ശാന്തമായി പഠിക്കുന്നു.

5. ഭഗവാന്‍റെ നാമം ജപിച്ചുകൊണ്ട് ഞാൻ പിപിറ്റി സ്ലൈഡ്സ് തയ്യാറാക്കുന്നു.

6. സ്ലൈഡ്സ് തയ്യാറാക്കി ഞാൻ അത് വീണ്ടും വായിച്ചു നോക്കുന്നു.

7. വിഷയവും സ്ലൈഡുകളും ഏതു രീതിയിൽ അവതരിപ്പിക്കണം എന്നത് ഞാൻ പഠിക്കുന്നു.

8. ക്ലയന്‍റിനു മുമ്പിൽ പ്രസന്‍റേഷൻ ചെയ്യുന്നതിനു മുമ്പ് ഞാൻ വീണ്ടും എല്ലാ കാര്യങ്ങളും വായിച്ച് ക്രമത്തോടെ ഓർമ വയ്ക്കാൻ ശമ്രിക്കുന്നു.

9. ഭഗവാനെ സ്മരിച്ചുകൊണ്ട് എന്‍റെ പ്രസന്‍റേഷൻ തുടങ്ങി. ഞാൻ ശാന്തമായി ഓരോ കാര്യവും ഉദാഹരണസഹിതം പ്രസന്‍റ് ചെയ്യുന്നു.

10. എല്ലാ കാര്യങ്ങളും എനിക്ക് ഭംഗിയായി പറയുവാൻ കഴിയുന്നു.

11. എനിക്ക് ധൈര്യത്തോടെ പറയുവാൻ കഴിഞ്ഞതിന് എനിക്ക് വളരെ ആനന്ദം തോന്നുന്നു.

12. വിഷയം അവതരിപ്പിച്ചതിനു ശേഷം ഞാൻ ഭഗവാന്‍റെ പാദങ്ങളിൽ കൃതജ്ഞത അർപ്പിക്കുന്നു.