ദത്താത്രേയ ഭഗവാന്‍റെ നാമജപം

 

ദത്താത്രേയ ഭഗവാന്‍റെ നാമജപം – ശ്രീ ഗുരുദേവ് ​​ദത്ത്

ഓരോ യുഗത്തിലും നിർദ്ദേശിച്ചിരിക്കുന്ന ഈശ്വര-സാക്ഷാത്കാരത്തിനായുള്ള സാധനാമാര്‍ഗം വ്യത്യസ്തമാണ്. കലിയുഗത്തിന് (കലഹത്തിന്‍റെ കാലഘട്ടം) ഋഷിമാര്‍ നിർദ്ദേശിക്കുന്ന ഏറ്റവും മികച്ച സാധനയാണ് നാമജപം. ഭക്തിഭാവം വർദ്ധിപ്പിക്കുന്നതിനും ദേവതയുടെ തത്ത്വത്തിന്‍റെ പരമാവധി പ്രയോജനം നേടുന്നതിനും, ദൈവത്തിന്‍റെ നാമം ശരിയായ രീതിയിൽ ഉച്ചരിക്കേണ്ടത് അത്യാവശ്യമാണ്.

1. താരക നാമജപവും മാരക നാമജപവും

ഭഗവാന്‍റെ നാമം ജപിക്കുന്നത് കലിയുഗത്തിലെ ഏറ്റവും ലളിതമായ സാധനയാണ്. എല്ലാ ദേവീദേവന്മാ൪ക്കും ‘താരക’, ‘മാരക’ എന്നീ രണ്ട് രൂപങ്ങളുണ്ട്. ഭക്തനെ അനുഗ്രഹിക്കുന്ന ദേവതയുടെ രൂപം താരകരൂപവും അസുരന്മാരെ നിഗ്രഹിക്കുന്ന രൂപം ദേവതയുടെ മാരക രൂപവുമാണ്. ഇതിൽ നിന്ന് ദേവീദേവന്മാരുടെ താരകരൂപവുമായി ബന്ധപ്പെട്ട ജപം താരക ജപമാണെന്നും ദേവന്‍റെ മാരക രൂപവുമായി ബന്ധപ്പെട്ട ജപം ‘മാരക’ ജപമാണെന്നും നമുക്ക് മനസ്സിലാക്കാം.

 

2. ദേവതയുടെ ‘താരക’ നാമം ജപിക്കുന്നതിന്‍റെ  പ്രാധാന്യം

ദേവതയുടെ താരക നാമം ജപിക്കുന്നതുകൊണ്ട് ചൈതന്യം, ആനന്ദം, സമാധാനം എന്നിവയും ദേവതയോടുള്ള സാത്ത്വിക ഭാവവും അനുഭവപ്പെടുന്നു. അനിഷ്ട ശക്തികളിൽ നിന്ന് സംരക്ഷിക്കപ്പെടാൻ, ദേവന്‍റെ താരക നാമം ചൊല്ലേണ്ടത് ആവശ്യമാണ്.

 

3. ദേവതയുടെ ‘മാരക’ നാമം ജപിക്കുന്നതിന്‍റെ  പ്രാധാന്യം

ദേവതയുടെ താരക നാമം ജപിക്കുന്നതുകൊണ്ട് ദേവതയിൽനിന്നും വരുന്ന ശക്തിയും ചൈതന്യവും ലഭിക്കുന്നു, അതോടൊപ്പം സൂക്ഷ്മമായ അനിഷ്ട ശക്തികളെ നീക്കം ചെയ്യുന്നതിന് ദേവതയുടെ ‘മാരക’ നാമം ജപിക്കേണ്ടത് ആവശ്യമാണ്.

 

4. ശ്രീ ദത്തഗുരുവിന്‍റെ നാമം എങ്ങനെ ജപിക്കണം?

നാമജപത്തിലൂടെ ദൈവീക തത്ത്വം കൂടുതൽ ലഭിക്കാൻ, നാമജപത്തിന്‍റെ ഉച്ചാരണം ആത്മീയമായി ശരിയായിരിക്കണം. ഇതിനായി ‘ശ്രീ ഗുരുദേവ് ​​ദത്ത്’ എങ്ങനെ ചൊല്ലാമെന്ന് മനസിലാക്കാം.

‘ശ്രീ ഗുരുദേവ് ​​ദത്ത്’ എന്ന താരക നാമം ജപിക്കുമ്പോൾ ശ്രീദത്തഗുരുവിന്റെ രൂപം മനസ്സിൽ ധ്യാനിച്ചുകൊണ്ട് ദത്താത്രേയ ഭഗവാൻ തന്റെ പിതൃക്കൾക്ക് സദ്ഗതി നൽകി പിതൃദോഷത്തിൽ നിന്നും തനിക്കും കുടുംബത്തിനും മുക്തി നൽകുവാൻ ഓടിയെത്തും എന്ന ഭാവത്തോടുകൂടി നാമത്തിലെ ഓരോ അക്ഷരവും ജപിക്കുക.

മറുവശത്ത്, മാരക നാമം ജപിക്കുമ്പോൾ ‘ശ്രീ ഗുരുദേവ് ​​ദത്ത‌്’ എന്ന നാമത്തിലെ ഓരോ അക്ഷരവും മാരക സ്വരത്തിൽ ഉച്ചരിക്കേണ്ടതാണ്. ഈ സമയത്ത്, ദേവന്റെ നാമം കൂടുതൽ ഊന്നിപ്പറയണം, അതായത് ‘ദത്ത്’ എന്ന വാക്കിലെ ‘ദ’ എന്ന അക്ഷരത്തിന് ഊന്നല്‍കൊടുക്കുക.

 

5. സ്വന്തം പ്രകൃതിയനുസരിച്ച്
‘താരക’ അല്ലെങ്കിൽ ‘മാരക’ നാമം ജപിക്കുക

സ്വന്തം പ്രകൃതിയനുസരിച്ച് ദേവതയുടെ ‘താരക’ അല്ലെങ്കിൽ ‘മാരക’ നാമം ജപിക്കുന്നത് ഒരു വ്യക്തിക്ക് ദേവതയുടെ തത്ത്വത്തിൽ നിന്ന് കൂടുതൽ പ്രയോജനം നൽകുന്നു.

താരക നാമജപവും മാരക നാമജപവും കുറച്ചു നേരം ചെയ്യുക. മനസ്സ‌് ഏതു നാമം ജപിക്കുമ്പോഴാണോ കൂടുതൽ മുഴുകി പോകുന്നത് ആ നാമം അധികം ജപിക്കുക. ഒരു വ്യക്തി പതിവായി സാധനയോ നാമജപമോ ചെയ്യുന്നില്ലെങ്കിൽ ആ വ്യക്തിയും താരക നാമജപവും മാരക നാമജപവും കുറച്ചു നേരം ചെയ്തു നോക്കുക. എന്നിട്ട് അതിലെ ഇഷ്ടമുള്ളത് തുടരുക.

 

6. കാലത്തിനനുസരിച്ച് ദേവതയുടെ
‘താരക’ നാമത്തിന്റെയും ‘മാരക’ നാമത്തിന്റെയും പ്രാധാന്യം

കാലത്തിനനുസരിച്ച് കാര്യങ്ങൾ ചെയ്താൽ നമുക്ക് കൂടുതൽ പ്രയോജനം ഉണ്ടാകും. ‘കാലത്തിനനുസൃതമായി ഏതു രീതിയിൽ നാമം ജപിച്ചാലാണ് ദേവതയുടെ താരക തത്ത്വവും മാരക തത്ത്വവും കൂടുതൽ ലഭിക്കുക’ എന്നത് അധ്യാത്മശാസ്ത്രപ്രകാരം പഠിച്ചുകൊണ്ട് ദേവീദേവന്മാരുടെ നാമജപം റിക്കോര്‍ഡ‌് ചെയ്തിരിക്കുന്നു. ഇതിനായി പരാത്പര ഗുരു ഡോ. ജയന്ത് ആഠവലെയുടെ മാർഗനിർദേശപ്രകാരം നിരവധി പരീക്ഷണങ്ങൾ നടത്തി. അതിൽനിന്ന് ഏറ്റവും ഉചിതമായ ഉച്ചാരണവും രീതിയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അതിനാൽ, ഈ രീതിയിൽ ജപിക്കുന്നതുകൊണ്ട് ഇന്നത്തെ കാലഘട്ടത്തിന് അനുസൃതമായി ശ്രീ ദത്തഗുരുവിന്റെ താരക തത്ത്വം അല്ലെങ്കിൽ മാരക തത്ത്വത്തിന്റെ ഗുണം ജപിക്കുന്ന വ്യക്തിക്ക് അവന്റെ ഭക്തിഭാവം അനുസരിച്ച് ലഭിക്കും.

സമൂഹത്തിലെ സാധന ചെയ്യുന്ന 90% ആളുകളും താരക ഭാവത്തിൽ ജപിക്കുന്നവരാണ്. എന്നിരുന്നാലും, മാരക ഭാവത്തോടെ ജപിക്കുന്നത് കൂടുതൽ ഉപയോഗപ്രദമെന്ന് കണ്ടെത്തുന്ന മറ്റ് 10 ശതമാനം ആളുകൾക്കും ഉചിതമായ രീതി മനസ്സിലാക്കി ജപിക്കുവാൻ സഹായിക്കണം എന്ന ഉദ്ദേശത്തോടെയാണ് മാരക നാമജപവും റിക്കോ൪ഡ് ചെയ്തിരിക്കുന്നത്.

ഈ നാമജപത്തെക്കുറിച്ച് താങ്കളുടെ കുടുംബാംഗങ്ങളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും പറയുക, അതുവഴി അവർക്ക് പ്രയോജനം ലഭിക്കും.

മുൻപേ തന്നെ സാധന ചെയ്യുന്നവ൪ ‘ഓം ഓം ശ്രീ ഗുരുദേവ് ​​ദത്ത് ഓം ഓം’ എന്നു ജപിക്കുക.

– കുമാരി. തേജൽ പാത്രികർ, സംഗീത വിഷാരദ, സംഗീത വിഭാഗ സമന്വയക, മഹർഷി അധ്യാത്മ വിശ്വവിദ്യാലയ (സർവകലാശാല), സനാതൻ ആശ്രമം, രാമനാഥി, ഗോവ.

 

ദത്താത്രേയ ഭഗവാന്‍റെ നാമജപം

താഴെ കൊടുത്തിരിക്കുന്ന ‘ശ്രീ ഗുരുദേവ് ദത്ത്’ ജപം കേൾക്കുക.

“ശ്രീ ഗുരുദേവ് ദത്ത് – താരക തത്ത്വമുള്ള നാമജപം”

“ശ്രീ ഗുരുദേവ് ദത്ത് – മാരക തത്ത്വമുള്ള നാമജപം”

“ഓം ഓം ശ്രീ ഗുരുദേവ് ദത്ത് ഓം ഓം – താരക തത്ത്വമുള്ള നാമജപം”

“ഓം ഓം ശ്രീ ഗുരുദേവ് ദത്ത് ഓം ഓം – മാരക തത്ത്വമുള്ള നാമജപം”

 

ദത്താത്രേയ ഭഗവാന്‍റെ നാമം
ജപിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ

ദത്താത്രേയ ഭഗവാന്‍റെ നാമം ജപിക്കുമ്പോള്‍ ഉണ്ടാകുന്ന ശക്തി കാരണം ഭക്തന്‍റെ ചുറ്റും ഒരു സംരക്ഷണ കവചം സൃഷ്ടിക്കപ്പെടുന്നു.

പിതൃക്കൾക്ക് സദ്ഗതി നൽകുവാൻ സഹായിക്കുന്ന നാമജപവും ഉപാസനയും !

അതൃപ്തരായ പിതൃക്കൾ കാരണമുണ്ടാകുന്ന ബുദ്ധിമുട്ടുകളുടെ തീവ്രത അനുസരിച്ച് ദത്താത്രേയ ഭഗവാന്‍റെ നാമം ജപിക്കുക

ഇക്കാലത്ത് പണ്ടു കാലങ്ങളെപ്പോലെ ആരും ശ്രാദ്ധം മുതലായ കർമങ്ങളോ സാധനയോ ചെയ്യാത്തതു കാരണം പലർക്കും പിതൃക്കളുടെ അതൃപ്തരായ ലിംഗദേഹം കാരണം ബുദ്ധിമുട്ടുകളുണ്ടാകുന്നു. ആധ്യാത്മികമായി ഉയർന്ന നിലയിലുള്ള വ്യക്തികൾക്കു മാത്രമേ ഒരാൾക്ക് പിതൃദോഷം ഉണ്ടോ ഇല്ലയോ എന്നും ഭാവിയിൽ ഉണ്ടാകാനുള്ള സാധ്യത ഉണ്ടോ എന്നും പറയാൻ സാധിക്കുകയുള്ളൂ. ഇത്തരം ഉയർന്ന നിലയിലുള്ള വ്യക്തികളെ കണ്ടുമുട്ടാൻ സാധിച്ചില്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ചില ബുദ്ധിമുട്ടുകൾ പിതൃക്കളെക്കൊണ്ട് ഉണ്ടാകാവുന്നതാണെന്നു മനസ്സിലാക്കി അതിനു വേണ്ടതായ സാധന ചെയ്യണം. വിവാഹം നടക്കാതിരിക്കുക, വിവാഹം നടന്നാൽ ഭാര്യാഭർത്താക്കന്മാർ തമ്മിൽ പൊരുത്തപ്പെടാതിരിക്കുക, പൊരുത്തപ്പെട്ടാൽ തന്നെ ഗർഭധാരണം നടക്കാതിരിക്കുക, ഗർഭധാരണം നടന്നാൽ ഗർഭം അലസുക അല്ലെങ്കിൽ കുട്ടി സമയത്തിനുമുന്പ് ജനിക്കുക, ബുദ്ധിവളർച്ച ഇല്ലാത്തതോ വികലാംഗനോ ആയ കുട്ടി ജനിക്കുക, പെൺകുട്ടികൾ തന്നെ ജനിക്കുക, കുട്ടികൾ ചെറുപ്പത്തിൽ തന്നെ മരിക്കുക തുടങ്ങിയവ.

അതൃപ്തരായ പിതൃക്കളുടെ ബുദ്ധിമുട്ടിൽ നിന്നും സംരക്ഷണത്തിനായി ബുദ്ധിമുട്ടിന്‍റെ തീവ്രതയനുസരിച്ച് ചെയ്യേണ്ട ഉപാസന 

1. ഒരുവിധ ബുദ്ധിമുട്ടും ഇല്ലെങ്കിൽ ഭാവിയിൽ ബുദ്ധിമുട്ടുണ്ടാകാതിരിക്കാനായും അതുപോലെതന്നെ ചെറിയ തോതിലുള്ള ബുദ്ധിമുട്ട് ഉണ്ടെങ്കിൽ, 1 – 2 മണിക്കൂർ ’ശ്രീ ഗുരുദേവ് ദത്ത്’ എന്ന നാമം നിത്യേന ജപിക്കുക.

2. മധ്യമ നിലയിലെ ബുദ്ധിമുട്ടാണെങ്കിൽ കുലദേവതയുടെ നാമജപത്തിനോടൊപ്പം ’ശ്രീ ഗുരുദേവ് ദത്ത്’ എന്ന നാമം നിത്യേന 2 – 4 മണിക്കൂർ ജപിക്കുക. കൂടാതെ വ്യാഴാഴ്ച ദിവസങ്ങളിൽ ശ്രീദത്താത്രേയ ക്ഷേത്രത്തിൽ 7 തവണ പ്രദക്ഷിണയും 1-2 മാല (1 മാല = 108 തവണ) നാമജപവും ഒരു വർഷത്തോളം ചെയ്യുക. അതു കഴിഞ്ഞാൽ നിത്യേന 3 മാല നാമജപം പര്യാപ്തമായിരിക്കും.

3. ബുദ്ധിമുട്ട് അത്യധികമാണെങ്കിൽ കുലദേവതയുടെ നാമജപത്തിനോടൊപ്പം ’ശ്രീ ഗുരുദേവ് ദത്ത്’ എന്ന നാമം നിത്യേന 4 മുതൽ 6 മണിക്കൂർ ജപിക്കുക. ഏതെങ്കിലും ജ്യോതിർലിംഗമുള്ള ക്ഷേത്രത്തിൽ പോയി നാരായണബലി, നാഗബലി, ത്രിപിണ്ഡീശ്രാദ്ധം, കാലസർപ്പശാന്തി തുടങ്ങിയ ഏതെങ്കിലും വിധി നടത്തുക. അതിനോടൊപ്പം ഏതെങ്കിലും ദത്താത്രേയ ക്ഷേത്രത്തിൽ താമസിച്ച് സാധന ചെയ്യുകയോ സന്യാസിമാരുടെ സേവ ചെയ്ത് അനുഗ്രഹം നേടുകയോ ചെയ്യുക.

4. പിതൃപക്ഷത്തിലും (ഭാദ്രപദ മാസത്തിലെരണ്ടാം പക്ഷം), കർക്കടക അമാവസ്യക്കും, ’ശ്രീ ഗുരുദേവ് ദത്ത്’ എന്ന നാമം ജപിക്കുകയാണെങ്കിൽ പിതൃക്കൾക്ക് മുന്പോട്ടുള്ള ഗതി വേഗത്തിൽ ലഭിക്കും. ആയതിനാൽ ഈ ദിവസങ്ങളിൽ 6 മണിക്കൂർ (72 മാല) ദത്തനാമം ജപിക്കുക.

സന്ദർഭഗ്രന്ഥം : സനാതൻ സംസ്ഥയുടെ ’ദത്താത്രേയൻ’ എന്ന ലഘുഗ്രന്ഥം