രഥസപ്തമി

മാഘ മാസത്തിലെ വെളുത്ത പക്ഷ സപ്തമിയാണ് രഥസപ്തമി എന്ന പേരിൽ അറിയപ്പെടുന്നത്. സൂര്യ ഭഗവാനെ പൂജിക്കുകയും സൂര്യനാരായണനോട് കൃതജ്ഞത അർപ്പിക്കുകയും ചെയ്യുന്ന ദിവസമാണിത്. ഈ ലേഖനത്തിലൂടെ നമുക്ക് രഥസപ്തമിയുടെ മഹത്ത്വം മനസ്സിലാക്കാം.

രഥസപ്തമിയുടെ ചരിത്രം

അനേകം രത്നങ്ങൾ പതിപ്പിച്ച സർണത്തിന്‍റെ രഥത്തിൽ സൂര്യ ഭഗവാൻ വിരാജിക്കുന്ന ദിവസമാണ് രഥസപ്തമി ആയി ആഘോഷിക്കുന്നത്. സാധന ചെയ്യുവാനായി സൂര്യ ദേവന് സ്ഥിരമായി ഒരിടത്തു തന്നെ നിൽക്കേണ്ടി വരുന്നതുകൊണ്ട് അദ്ദേഹത്തിന് വേഗത നിയന്ത്രിക്കുവാൻ സാധിക്കുന്നില്ലായിരുന്നു. കാലുകൾ കഴയ്ക്കുവാൻ തുടങ്ങി. അദ്ദേഹത്തിന്‍റെ സാധനയിൽ വിഘ്നം വരാൻ തുടങ്ങി. അന്നേരം അദ്ദേഹം പരമേശ്വരനോട് ഇരിക്കുന്നതിനായുള്ള വ്യവസ്ഥ ചെയ്തു തരാനായി അഭ്യർഥിച്ചു. ഞാൻ ഇരുന്നാൽ എന്‍റെ വേഗത ആര് നിയന്ത്രിക്കും, എന്നും അദ്ദേഹം പരമേശ്വരനോട് ചോദിച്ചു. അപ്പോൾ, സൂര്യദേവന് ഇരിക്കുന്നതിനായി പരമേശ്വരൻ ഏഴ് അശ്വങ്ങളുള്ള സ്വർണ്ണത്തിന്‍റെ രത്നങ്ങൾ പതിപ്പിച്ച രഥം നൽകി. സൂര്യദേവൻ രഥത്തിൽ ഇരുന്ന ദിവസമാണ് രഥസപ്തമി, അതായത് ഏഴ് കുതിരകളുള്ള രഥം.

രഥസപ്തമി എന്നാൽ സൂര്യദേവന്‍റെ ജന്മദിനം !

കശ്യപ മഹർഷിയുടെയും ദേവമാത അദിതിയുടെയും പുത്രനായ സൂര്യദേവൻ ജനിച്ച ദിവസമാണ് രഥസപ്തമി ! ശ്രീവിഷ്ണുവിന്‍റെ ഒരു രൂപമാണ് ശ്രീ സൂര്യനാരായണൻ. പ്രപഞ്ചത്തെ തന്‍റെ തേജസ്സാർന്ന രൂപത്തിലൂടെ പ്രകാശമയമാക്കുന്ന സൂര്യദേവൻ കാരണമാണ് ഭൂമിയിൽ ജീവജാലങ്ങൾ നിലനിൽക്കുന്നത്.

സൂര്യൻ ഉത്തരായണത്തിലാണ് എന്ന്
സൂചിപ്പിക്കുന്ന ദിവസമാണ് രഥസപ്തമി !

സൂര്യൻ ഉത്തരായണത്തിൽ സ്ഥിതി ചെയ്യുന്ന കാര്യത്തെ സൂചിപ്പിക്കുന്ന ദിനം കൂടിയാണ് രഥസപ്തമി. ഉത്തരായണം എന്നാൽ വടക്ക് ദിശയിലൂടെ സഞ്ചരിക്കുക. ഉത്തരായണത്തിൽ സൂര്യൻ വടക്കേ ഭാഗത്തേക്ക് തിരിഞ്ഞിരിക്കും. ശ്രീ സൂര്യനാരായണൻ തന്‍റെ രഥം വടക്കുള്ള അർദ്ധഗോളത്തിൽ തിരിഞ്ഞിരിക്കുന്നു എന്നതാണ് രഥസപ്തമിയെക്കുറിച്ച് സങ്കൽപിക്കുന്നത്. രഥസപ്തമി കൃഷിക്കാർക്ക് വിളവിന്‍റെ ഉത്സവമാണ്. തെക്കൻ ഭാരതത്തിൽ ക്രമേണ വർദ്ധിക്കുന്ന താപനിലയെയും സൂചിപ്പിക്കുന്നു. ഇതോടൊപ്പം വസന്തഋതു അടുക്കുന്നതിനെയും ഈ ഉത്സവം സൂചിപ്പിക്കുന്നു.

ജീവൻ പ്രദാനം ചെയ്യുന്ന അടിസ്ഥാന സ്രോതസ്സ് – സൂര്യൻ !

ജീവന്‍റെ അടിസ്ഥാന സ്രോതസ്സ് സൂര്യനാണ്. സൂര്യകിരണങ്ങളിൽ നിന്നും ശരീരത്തിന് ആവശ്യമായ ഊർജ്ജവും വിറ്റാമിൻ ഡിയും ലഭിക്കുന്നു. കാലത്തെ കണക്കാക്കുന്നത് സൂര്യനിലൂടെയാണ്. സൂര്യൻ ഗ്രഹങ്ങളുടെ രാജാവും നവഗ്രഹങ്ങളിൽ ഒരു ഗ്രഹവുമാണ്. സൂര്യൻ മധ്യഭാഗത്ത് സ്ഥിരതയോടെ നിൽക്കുകയും ബാക്കി ഗ്രഹങ്ങൾ സൂര്യന് പ്രദക്ഷിണം വയ്ക്കുകയും ചെയ്യുന്നു. സൂര്യൻ സ്വയംപ്രകാശിയാണ്, മറ്റു ഗ്രഹങ്ങൾ സൂര്യനിൽ നിന്നും പ്രകാശം സ്വീകരിക്കുന്നു.

 

ഹിന്ദു ധർമത്തിൽ സൂര്യന്‍റെ ഉപാസനയ്ക്കുള്ള മഹത്ത്വം

ഹിന്ദു ധർമത്തിൽ സൂര്യന്‍റെ ഉപാസനയ്ക്ക് വളരെയധികം മഹത്ത്വമുണ്ട്. സൂര്യന് നിത്യവും വെളുപ്പിനെ അർഘ്യം നൽകുന്നതിലൂടെ അന്ധകാരം ഇല്ലാതായി ലോകത്തെ പ്രകാശമയ മാക്കുവാനുള്ള ബലം സൂര്യന് പ്രാപ്തമാകുന്നു. (ഭക്തന്‍റെ ഉപാസനയിലൂടെ ഭഗവാന്‍റെ വിഗ്രഹം എപ്രകാരമാണോ ജാഗൃതമാകുന്നത്, അതുപോലെയാണിത്.)

ജ്യോതിഷശാസ്ത്രമനുസരിച്ച് സൂര്യന്‍റെ മഹത്ത്വം

ജ്യോതിഷശാസ്ത്രമനുസരിച്ച് സൂര്യൻ ആത്മാകാരകമാണ്. മനുഷ്യ ശരീരത്തിലെ പ്രാണൻ, ആത്മീയ ബലം, ചൈതന്യശക്തി ഇവയുടെ ബോധം അതായത് ആത്മബോധം അവന് സൂര്യനിൽ നിന്നും ഉണ്ടാകുന്നു. വ്യക്തിയുടെ ജാതകത്തിൽ രവി (സൂര്യൻ) എത്ര ശക്തിയുള്ളതാണോ, അത്രയും ആ വ്യക്തിയുടെ ആത്മബലവും രോഗ പ്രതിരോധശക്തിയും കൂടുതലായിരിക്കും. രാജാവ്, പ്രമുഖൻ, ഭരണം, അധികാരം, ദൃഢത, തത്ത്വനിഷ്ഠത, കർതൃത്വം, ആദരവ്, കീർത്തി, ആരോഗ്യം, വൈദ്യശാസ്ത്രം എന്നിവ സൂര്യന്‍റെ ഗുണങ്ങളാണ്. സൂര്യദേവന്‍റെ രഥത്തിലുള്ള ഏഴ് അശ്വങ്ങൾ ആഴ്ചയിലെ ഏഴ് ദിവസങ്ങളെ സൂചിപ്പിക്കുന്നു. രഥത്തിനുള്ള 12 ചക്രങ്ങൾ 12 രാശികളെ സൂചിപ്പിക്കുന്നു.

രഥസപ്തമിക്ക് ചെയ്യേണ്ട സൂര്യദേവന്‍റെ ഉപാസന

രഥസപ്തമി ദിവസം പുലർച്ചെ കുളിച്ച് സൂര്യന്‍റെ 12 നാമങ്ങൾ ജപിച്ച് കുറഞ്ഞത് 12 തവണ സൂര്യനമസ്കാരം ചെയ്യുക. പലകയിൽ രഥത്തിലിരിക്കുന്ന സൂര്യനാരായണന്‍റെ രൂപം വരച്ച് അതിനെ പൂജിക്കുക. ചുവന്ന പൂക്കൾ അർപ്പിക്കുക. സൂര്യ ഭഗവാനോട് പ്രാർഥിച്ചതിനു ശേഷം ആദിത്യഹൃദയസ്തോത്രം, സൂര്യാഷ്ടകം, സൂര്യകവചം, എന്നിവയിലെ ഒരു സ്തോത്രം ഭക്തിഭാവത്തോടു കൂടി ചൊല്ലുക അഥവ കേൾക്കുക. രഥസപ്തമിക്ക് ആസക്തികളിൽ പെടാതിരിക്കുക. രഥസപ്തമിയുടെ അടുത്ത ദിവസം മുതൽ നിത്യവും സൂര്യദേവനോട് പ്രാർഥിക്കുക, സൂര്യനമസ്കാരം ചെയ്യുക. അതിലൂടെ ഉത്തമ ആരോഗ്യം ലഭിക്കുന്നു.

രഥസപ്തമി ആഘോഷിക്കേണ്ട വിധം

കോലം അഥവ ചന്ദനം കൊണ്ട് പലകമേൽ ഏഴ് അശ്വന്മാരോടുകൂടിയ സൂര്യനാരായണന്‍റെ രഥം, അരുണ സാരഥി, രഥത്തിൽ സൂര്യനാരായണൻ എന്നിവ വരയ്ക്കുന്നു. സൂര്യനാരായണനെ പൂജിക്കുന്നു. മുറ്റത്ത് ഒരു അടുപ്പിൽ ചാണകവരളി ഇട്ട് കത്തിച്ച് അതിൽ ഒരു പാത്രം പാല് തിളപ്പിക്കുക. പാൽ തിളച്ച് തൂകണം. അതായത്, അത് അഗ്നിയിൽ സമർപ്പിക്കപ്പെടുന്നതു വരെ തിളപ്പിക്കണം. അതിനുശേഷം ബാക്കിയുള്ള പാൽ എല്ലാവർക്കും പ്രസാദമായി നൽകുക.

ലോക സൂര്യനമസ്കാര ദിനം

ഈ ദിവസം ലോക സൂര്യനമസ്കാര ദിനമായും ആഘോഷിക്കുന്നു.

സംസ്കൃതത്തിൽ ഒരു ശ്ലോകം ഉണ്ട് :

ആദിത്യസ്യ നമസ്കാരം യേ കുർവന്തി ദിനേ ദിനേ,
ജന്മാന്തരസഹസ്രേഷു ദാരിദ്യ്രം നോപജായതേ.

അർഥം : സൂര്യനമസ്കാരം ചെയ്യുന്ന വ്യക്തിയുടെ 1000 ജന്മങ്ങളിൽ അയാൾക്ക് ദാരിദ്യ്രം അനുഭവിക്കേണ്ടി വരുകയില്ല.

സൂര്യനമസ്കാരം കിഴക്ക് നിന്ന് അതിരാവിലെ നേരിയ സൂര്യപ്രകാശത്തിന് അഭിമുഖമായി ചെയ്യുക.

സൂര്യനമസ്കാരം കൊണ്ടുള്ള ഗുണങ്ങൾ

1. ശരീരത്തിലെ പ്രധാനപ്പെട്ട എല്ലാ അവയവങ്ങളുടെയും രക്തചംക്രമണം മെച്ചപ്പെടുത്തുന്നു.

2. ഹൃദയത്തിന്‍റെയും ശ്വാസകോശത്തിന്‍റെയും പ്രവർത്തനം മെച്ചപ്പെടുത്തുന്നു.

3. കൈകളുടെയും അരക്കെട്ടിന്‍റെയും പേശികളെ ശക്തിപ്പെടുത്തുന്നു.

4. നട്ടെല്ലും അരക്കെട്ടും കൂടുതൽ വഴക്കമുള്ളതാക്കുന്നു.

5. വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു, അതിലൂടെ ശരീരഭാരം കുറയുന്നു.

6. ദഹനം മെച്ചപ്പെടുത്തുന്നു.

7. ഏകാഗ്രത കൂട്ടുന്നു.

സന്ദർഭം : സനാതൻ പ്രഭാത് ദിനപത്രം