ദീപാവലി

ദീപാവലി ഹിന്ദു ധർമത്തിലെ ഒരു പ്രധാന ഉത്സവമാണ്. ഈ ലേഖനത്തിലൂടെ നമുക്ക് ദീപാവലിയുടെ ആധ്യാത്മിക വശം മനസ്സിലാക്കാം.

ആരംഭവും അര്‍ഥവും

ദീപാവലി എന്ന വാക്ക് ദീപ്+ആവലി എന്നീ രണ്ടു വാക്കുകൾ ചേർത്തുണ്ടായതാണ്. ആവലി എന്നാൽ ’പംക്തി’. ഇപ്രകാരം ’ദീപാവലി എന്ന വാക്കിന്‍റെ അർഥം ദീപങ്ങളുടെ പംക്തി എന്നാണ്. ദീപാവലി ദിവസം എല്ലായിടത്തും ദീപങ്ങൾ കത്തിക്കുന്നു. ഇതിനെ ’ദീപോത്സവം’ എന്നും പറയുന്നു. പതിനാല് വർഷങ്ങളുടെ വനവാസത്തിനുശേഷം ഭഗവാൻ ശ്രീരാമൻ അയോധ്യയിൽ തിരിച്ചു വന്നതിന്‍റെ ആനന്ദത്തിലാണ് പ്രജകൾ ദീപോത്സവം ആഘോഷിച്ചത്. അന്നു മുതലാണ് ദീപാവലി ആഘോഷിച്ചു വരുന്നത്.

പ്രധാന ദിവസങ്ങള്‍

നരകചതുർദശി മുതൽ പ്രതിപദ വരെ മൂന്നു തിഥികളിലാണ് ദീപാവലി ആഘോഷിക്കുന്നത്. അതുകൂടാതെ ഗോവത്സ ദ്വാദശിയും ധനത്രയോദശിയും ഇതിന്‍റെ കൂടെ വരുന്നു. ഇനി നമുക്ക് ഈ ദിവസങ്ങളുടെ മഹത്ത്വം മനസ്സിലാക്കാം.

A. ഗോവത്സ ദ്വാദശി (വസുബാരസ്)

സമുദ്രമഥനത്തിൽനിന്നും 5 കാമധേനു പശുക്കൾ പുറത്തു വന്നു. അവയിലെ നന്ദ എന്ന കാമധേനുവിനെ ഉദ്ദേശിച്ചുകൊണ്ട് ഇച്ഛാപൂർത്തിക്കായി ഈ ദിവസം വ്രതം നോൽക്കുന്നു. ഈ ദിവസം സൌഭാഗ്യവതി സ്ത്രീകൾ ഗോമാതാവിനെ പൂജിക്കുന്നു.

B. ധനത്രയോദശി/ ധന്വന്തരി ജയന്തി

അശ്വിന മാസം കറുത്ത പക്ഷം ത്രയോദശിയാണ് ധനത്രയോദശി. വ്യാപാരികൾക്ക് ഈ ദിവസം വളരെ പ്രധാനമാണ്, അവർ ഈ ദിവസം ധനത്തെ പൂജിക്കുന്നു. അതേപോലെ ആയുർവേദ വൈദ്യർ ഈ ദിവസം ധന്വന്തരി ദേവതയെ പൂജിക്കുന്നു. അമരത്വം നൽകുന്ന ദേവനാണ് ധന്വന്തരി. പല സ്ഥലങ്ങളിലും ആര്യവേപ്പിലയും പഞ്ചസാരയും ചേർ പ്രസാദമായി കഴിക്കുന്നു. ആര്യവേപ്പില ദിവസവും കഴിച്ചാൽ അസുഖങ്ങൾ വരാതിരിക്കും അത്രയധികം മഹത്ത്വം വേപ്പിലയ്ക്കുണ്ട്.

C. യമദീപദാനം

ധനത്രയോദശി ദിവസം യമദീപദാനവും ചെയ്യുന്നു. പ്രാണ ഹരണം യമദേവന്‍റെ പ്രവർത്തിയാണ്. നമുക്കാർക്കും മരണത്തെ ഒഴിവാക്കാൻ കഴിയുകയില്ല പക്ഷേ അകാല മരണം/ അപമൃത്യു ആർക്കും വരാതിരിക്കുവാൻ ധനത്രയോദശി ദിവസം യമദേവനെ ഉദ്ദേശിച്ച് കൊണ്ട് ഒരു ആചാരം നടത്തുന്നു. ഗോതന്പ് മാവ് കൊണ്ട് തയ്യാറാക്കിയ 13 വിളക്കുകൾ സന്ധ്യസമയത്ത് വീട്ടിനു പുറത്ത്, അതിന്‍റെ തിരി തെക്ക് വശത്തോട് വച്ചുകൊണ്ട് തെളിയിക്കുക. നാം ഒരിക്കലും തെക്കോട്ട് തിരിച്ച് വിളക്ക് വയ്ക്കുകയില്ല പക്ഷേ യമദീപദാനത്തിന് മാത്രമാണ് ഇങ്ങനെ ചെയ്യുന്നത്. അതിനു ശേഷം ഇപ്രകാരം പ്രാർഥിക്കുക – ’യമദേവനെ, ദീപദാനത്താൽ പ്രസന്നനായി മൃത്യുപാശം, മൃത്യുദണ്ഡം എന്നിവയിൽനിന്നും എനിക്ക് മുക്തി നൽകണേ.’

D. നരകചതുർദശി

അശ്വിന മാസം കറുത്ത പക്ഷം ചതുർദശിയാണ് നരകചതുർദശി. ശ്രീമദ്ഭാഗവത പുരാണമനുസരിച്ച് ഈ ദിവസമാണ് ഭഗവാൻ ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചത്. നമ്മുടെ നരകതുല്യമായ പാപങ്ങളെയും അഹംഭാവത്തെയും നശിപ്പിക്കുക എന്നാണ് ഈ ദിവസത്തിന്‍റെ ആന്തരാർഥം.

E. ലക്ഷ്മീപൂജ

അശ്വിന മാസ അമാവാസി ദിവസമാണ് ലക്ഷ്മീ പൂജ ചെയ്യുന്നത്. അലക്ഷ്മീയെ (ദാരിദ്യ്രം) ഇല്ലാതാക്കാൻ ലക്ഷ്മി ദേവിയെ (ധനത്തിന്‍റെ ദേവി) ഈ ദിവസം പൂജിക്കുന്നു.

സന്ദർഭം : ധാർമിക ഉത്സവങ്ങളും, വിശേഷാൽ ദിവസങ്ങളും, വ്രതങ്ങളും എന്ന സനാതൻ സംസ്ഥയുടെ ഗ്രന്ഥം