വസന്ത പഞ്ചമി

ശകവർഷ മാഘ മാസ പഞ്ചമി ദിവസം സരസ്വതി ദേവി ഭൂമിയിൽ അവതരിച്ചു. അതിനാൽ ഈ ദിവസം വിദ്യയുടെ ദേവിയായ സരസ്വതി ദേവിയെ പൂജിക്കുന്നു. സരസ്വതി ദേവിയുടെയും ലക്ഷ്മീ ദേവിയുടെയും ജന്മദിവസമായാണ് ഈ ദിവസം അറിയപ്പെടുന്നത്. എല്ലാ ഋതുക്കളുടെയും രാജാവ് എന്നറിയപ്പെടുന്ന വസന്ത ഋതു ആരംഭിക്കുന്നത് ഇതിനടുത്തായത് കൊണ്ട് ഈ ദിവസത്തെ വസന്ത പഞ്ചമി എന്നാണ് പറയുന്നത്. (2022-ൽ വസന്ത പഞ്ചമി ഫെബ്രുവരി 5-നാണ്.)

 

1. തിഥി

മാഘ മാസത്തിലെ വെളുത്ത പക്ഷ പഞ്ചമിക്കാണ് വസന്ത പഞ്ചമി ആഘോഷിക്കുന്നത്.

2. ചരിത്രവും ആഘോഷിക്കേണ്ട രീതിയും

A. കാമദേവൻ മദനൻ ഈ ദിവസമാണ് ജനിച്ചത്. വിവാഹ ജീവിതം സുഖകരമാകുന്നതിനുവേണ്ടി ജനങ്ങൾ രതി-മദനനെ പൂജിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു.

B. വസന്ത പഞ്ചമി ദിവസം സരസ്വതി ദേവിയുടെയും ലക്ഷ്മീ ദേവിയുടെയും ഉത്ഭവം നടന്നതിനാൽ അവരെ പൂജിക്കുന്നു. ഈ തിഥി ശ്രീപഞ്ചമി എന്ന പേരിലും അറിയപ്പെടുന്നു.

C. ഈ ദിവസം വെളുപ്പിന് അഭ്യംഗസ്നാനം ചെയ്ത് പൂജ നടത്തുന്നു. വാക്ദേവി സരസ്വതി ബ്രഹ്മസ്വരൂപ, കാമധേനു, കൂടാതെ എല്ലാ ദേവീദേവന്മാരെയും പ്രതിനിധീകരിക്കുന്നു. സരസ്വതി ദേവി ബുദ്ധി, ജ്ഞാനം, വിദ്യ ഇവയുടെ ദേവതയാണ്. ഈ ദിവസം ദേവിയുടെ പ്രകട ദിനം അതായത് ദേവിയുടെ ശക്തി ആദ്യമായി ഭൂമിയിൽ കാര്യക്ഷമമായ ദിനമായാണ് കരുതുന്നത്.

D. കലശത്തെ സ്ഥാപിച്ച് അതിൽ സരസ്വതി ദേവിയെ ആവാഹിച്ച് പൂജുക്കുന്നു.

സരസ്വതി ദേവി ഭൂമിയിൽ ഉത്ഭവിച്ച ദിവസം

ബ്രഹ്മാണ്ഡത്തെ സൃഷ്ടിച്ച ബ്രഹ്മാവ് മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും സൃഷ്ടിച്ചതിനുശേഷം ചുറ്റും നിരീക്ഷിച്ചപ്പോൾ, എല്ലാം ചേതനയില്ലാത്ത ഒരു സ്ഥിതിയിലാണെന്ന് അദ്ദേഹത്തിന് അനുഭവപ്പെട്ടു. അന്തരീക്ഷം വളരെ ശാന്തവും നിഃശബ്ദവുമായിരുന്നു. ശ്രീവിഷ്ണുവിന്‍റെ ആജ്ഞ അനുസരിച്ച് ബ്രഹ്മദേവൻ തന്‍റെ കമണ്ഡലുവിൽ നിന്നും കുറച്ച് വെള്ളം ഭൂമിയിൽ തളിച്ചു. തളിച്ച വെള്ളത്തിലൂടെ ഒരു അദ്ഭുത ശക്തിയുടെ രൂപത്തിൽ ചതുർഭുജ രൂപത്തിലുള്ള ഒരു സുന്ദരിയായ ദേവി പ്രകടമായി. ഒരു കൈയ്യിൽ വീണയും മറു കൈ അനുഗ്രഹിക്കുന്ന മുദ്രയിലും ബാക്കി രണ്ടു കൈകളിൽ ഗ്രന്ഥവും ജപമാലയും ഉണ്ടായിരുന്നു. ബ്രഹ്മദേവൻ ആ ദേവിയോട് വീണ വായിക്കാൻ പറഞ്ഞു. വീണയുടെ ധ്വനിയിൽ നിന്നും ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങൾക്കും വാണി (ശബ്ദം) ലഭിച്ചു. ഇതിനു ശേഷമാണ് ആ ദേവിയെ സരസ്വതി ദേവി എന്ന് വിളിക്കാൻ തുടങ്ങിയത്. ദേവി വാണിയോടൊപ്പം എല്ലാവർക്കും ബുദ്ധിയും വിദ്യയും നൽകി. മാഘ മാസത്തിലെ പഞ്ചമി ദിവസമാണ് ഇത് നടന്നത്. അതിനാൽ ഈ പഞ്ചമി ദേവിയുടെ ജന്മോത്സവമായി ആഘോഷിക്കപ്പെടുന്നു. സരസ്വതി ദേവി വാഗീശ്വരി, ഭഗവതി, ശാരദ, വീണാവാദിനീ, വാക്ദേവി എന്ന വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്നു. സംഗീതത്തിന്‍റെ ദേവതയായും സരസ്വതി ദേവിയെ പൂജിക്കുന്നു.

 

സരസ്വതി ദേവിയെ പൂജിക്കുന്ന രീതി

വസന്ത പഞ്ചമി ദിവസം സരസ്വതി ദേവിയുടെ സാധനയാണ് പ്രധാനം. ശാസ്ത്രങ്ങളിൽ സരസ്വതി ദേവിയെ വ്യക്തിപരമായി ആരാധിക്കുന്നതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്, പക്ഷെ ഈയിടെ സാമൂഹികമായി മണ്ഡപത്തിൽ സരസ്വതി ദേവിയുടെ വിഗ്രഹം സ്ഥാപിച്ച് ദേവിയെ പൂജിുന്നു. വസന്ത പഞ്ചമി ജ്ഞാനത്തിന്‍റെ ഉത്സവമായതിനാൽ വിദ്യാർഥികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അലങ്കരിക്കുന്നു. വിദ്യാരംഭത്തിന് ഇത് ഏറ്റവും ഉചിതമായ മുഹൂർത്തവും ദിവസവുമാണ്. (കേരളത്തിൽ വിദ്യാരംഭം നടത്തുന്നത് വിജയദശമി ദിവസമാണ്.)

പുതിയ കാര്യങ്ങൾ ചെയ്യുവാനുള്ള ശുഭദിവസം

ഈ ദിവസം എല്ലാ ശുഭ കാര്യങ്ങൾക്കുമുള്ള ശുഭ മുഹൂർത്തമാണ്. പുതിയ വിദ്യ പഠിക്കുന്നതിനും ഗൃഹപ്രവേശനത്തിനും ഈ ദിവസം വളരെ ഉചിതമാണ്. വസന്തപഞ്ചമി ദിവസം ശുഭദിനമായി കരുതുന്നതിനു പിന്നിൽ പല കാരണങ്ങളുമുണ്ട്. ഈ ദിവസം മാഘ മാസത്തിലാണ് വരുന്നത്. മാഘ മാസം ധാർമികവും ആത്മീയവുമായ കാഴ്ചപ്പാടിൽ വളരെ മഹത്ത്വമേറിയതാണ്. ഈ മാസത്തിൽ പവിത്രമായ തീർഥക്ഷേത്രത്തിൽ സ്നാനം ചെയ്യുന്നതിനും മഹത്ത്വമുണ്ട്.

 

വസന്ത പഞ്ചമിയുടെ ഉദ്ദേശ്യം

ഈ ദിവസം പ്രപഞ്ചത്തിൽ നവചൈതന്യവും നവനിർമാണവും സംഭവിക്കുന്നു. അതിന്‍റെ ആനന്ദം പ്രകടിപ്പിക്കുവാൻ ഈ ഉത്സവം ആഘോഷിക്കുന്നു. കൃഷിയുമായി ബന്ധമുള്ള ഒരു ഉത്സവം കൂടിയാണ് ഇത്. ഈ ദിവസം നവാന്ന ഇഷ്ടി എന്ന പേരുള്ള ചെറിയ യജ്ഞം നടത്തുന്നു. കൃഷിയിലെ പുതിയ വിളവ് വീട്ടിൽ കൊണ്ടു വന്ന് ദേവതയ്ക്ക് അർപ്പിക്കുന്നു. മഥുര, വൃന്ദാവനം, രാജസ്ഥാൻ എന്നീ സ്ഥലങ്ങളിൽ ഈ ദിവസം വിശേഷ ഉത്സവമായി ആഘോഷിക്കുന്നു. ഗണപതി, ഇന്ദ്രൻ, ശിവൻ, സൂര്യൻ എന്നിവരോട് പ്രാർഥിക്കുന്നു. വസന്ത ഋതുവിൽ വൃക്ഷങ്ങൾ പൂക്കുന്നു. പ്രകൃതിയിൽ വന്ന ഈ മാറ്റങ്ങൾ കാരണം മനുഷ്യന് ഉത്സാഹവും ആനന്ദവും അനുഭവപ്പെടുന്നു. ഇതിന്‍റെ പ്രതീകമാണ് ഈ ഉത്സവം. ഈ ദിവസം കുംഭമേളയിൽ ഷാഹി സ്നാനം നടത്തുന്ന പതിവുമുണ്ട്.

സന്ദർഭം : സനാതൻ സംസ്ഥയുടെ ആഘോഷങ്ങളും വിശേഷ ദിവസങ്ങളും വ്രതങ്ങളും എന്ന ഗ്രന്ഥം