വിഷു മാഹാത്മ്യം

വിഷു എന്ന വാക്കിന്‍റെ അർഥം

വിഷുവം എന്ന സംസ്കൃത വാക്കിൽനിന്നുമാണ് വിഷു എന്ന വാക്കുണ്ടായത്. വിഷുവം എന്ന വാക്കിന്‍റെ അർഥം തുല്യം എന്നാണ്. വിഷുവിന് പകലും രാത്രിയും തുല്യ മണിക്കൂറുകളായിരിക്കും.

വിഷുക്കണിയുടെ മഹത്ത്വം

ഉരുളി പ്രകൃതിയുടെ പ്രതീകമാണ്. അതിൽ കാലപുരുഷനായ ഭഗവാൻ വിഷ്ണു വസിക്കുന്നു. കണിക്കൊന്ന കാലപുരുഷന്‍റെ മുകുടവും വെള്ളരിക്ക മുഖവും നാളികേര വിളക്കുകൾ കണ്ണുകളും കണ്ണാടി മനസ്സുമാകുന്നു. നാണയം സമൃദ്ധിയുടേയും സ്വർണ്ണം ആത്മീയ നേട്ടങ്ങളുടേയും പ്രതീകമാകുന്നു. അതിരാവിലെ എഴുന്നേറ്റ് കണി കാണുക എന്നു വച്ചാൽ നമ്മുടെ അന്തഃകരണത്തിലെ അന്ധകാരത്തെ മാറ്റി ഈശ്വരനെ പ്രവേശിപ്പിക്കുക എന്നർഥം.

ഭക്തിഭാവത്തോടുകൂടി വിഷു
ആഘോഷിച്ച് ഈശ്വരകൃപ നേടൂ !

വരുന്ന വർഷം എല്ലാവർക്കും എല്ലാ വിധത്തിലും മംഗളകരമാകട്ടെ, എന്ന ഉദ്ദേശ്യത്തോടെയാണ് വിഷുവിന് വിഷുക്കണി വയ്ക്കുന്നത്. വിഷുക്കണിയെ ദർശിക്കുന്പോൾ ഭഗവാൻ ശ്രീകൃഷ്ണനെ തന്നെയാണ് ദർശിക്കുന്നത് എന്ന ഭാവം വയ്ക്കുകയും, ഭഗവാന്‍റെ സ്മരണ വർഷം മുഴുവനും ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുകയും ചെയ്യുക. ഇതിനോടൊപ്പം തന്നെ വിഷുവിനുവേണ്ടി ചെയ്യുന്ന ഒരുക്കങ്ങൾ എല്ലാം ഭഗവാന്‍റെ ആഗമനത്തിനു വേണ്ടിയാണ് ചെയ്യുന്നത് എന്ന ഭാവത്തോടെയും ചെയ്യുക.

വിഷുക്കൈനീട്ടം എത്ര കിട്ടുന്നുവോ, എന്നതിൽ ശദ്ധ്രിക്കാതെ ലഭിച്ച കൈനീട്ടം ഭഗവത് പ്രസാദമാണ് എന്ന് വിചാരിച്ച് അത് മനസ്സോടെ സ്വീകരിക്കുക.

ശുഭദിനങ്ങളിൽ അശുഭ കൃത്യങ്ങൾ ഒഴിവാക്കുക !

ഈ അടുത്ത കാലങ്ങളിലായി ഓണം, വിഷു, വിവാഹം, ഗൃഹപ്രവേശം എന്നീ ശുഭദിനങ്ങളിൽ പോലും ഹിന്ദുക്കൾ ഭക്ഷണത്തിനും വസ്ത്രത്തിനും കൂടുതൽ പ്രാധാന്യം നൽകുകയും, മാംസാഹാരം, മദ്യം എന്നിവ അമിതമായി ഉപയോഗിക്കുകയും ചെയ്യുന്നു. മാംസാഹാരം വ്യക്തിയിൽ തമോഗുണം വർധിപ്പിക്കുകയും അവന്‍റെ മനോഭാവം ആസുരികമാക്കുകയും ചെയ്യുന്നു. മാംസാഹാരം, മദ്യപാനം ഇവയിലൂടെ മനുഷ്യൻ ഈശ്വരനിൽ നിന്നും അകന്നു പോകുന്നു.

അങ്ങനെ ഉത്സവ ദിനങ്ങളിൽ നാം എന്തിനാണോ ഉത്സവം ആഘോഷിക്കുന്നത്, അക്കാര്യം മറന്ന്, അതായത് ഭഗവാന്‍റെ സ്മരണ തന്നെ ഉണ്ടാകാതെ നാം മറ്റു കാര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നു. ഇതിനു പകരം ഈ ദിനങ്ങളുടെ ആത്മീയ മഹത്ത്വം മനസ്സിലാക്കി ഈശ്വര ചൈതന്യം കൂടുതൽ നമ്മുടെ വീടുകളിൽ വന്ന് നമുക്ക് എല്ലാവിധ സമൃദ്ധിയും ലഭിക്കാൻ ക്ഷേത്രങ്ങളിൽ പോയി ഭഗവാന്‍റെ അനുഗ്രഹം ലഭിക്കുന്നതിനായി പ്രാർഥിക്കുക. സാത്ത്വിക ഭക്ഷണ പദാർഥങ്ങൾ കഴിക്കുക. ഈ ദിവസങ്ങളിലെ പൂജാദികർമങ്ങൾ ശാസ്ത്രപ്രകാരം ചെയ്യുക.