പ്രതികൂല സമയങ്ങളെ അതിജീവിക്കാൻ ആവശ്യമായ മുൻകരുതലുകൾ, ഭാഗം 3

പ്രതികൂല സമയങ്ങളെ എങ്ങനെ അതിജീവിക്കാം
എന്നതിനെക്കുറിച്ച് സനാതൻ സംസ്ഥ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നു!

ഭാഗം 2 വായിക്കുന്നതിനായി, ഇവിടെ ക്ലിക്ക് ചെയ്യുക. – പ്രതികൂല സമയങ്ങളെ അതിജീവിക്കാൻ ആവശ്യമായ മുൻകരുതലുകൾ, ഭാഗം 2

 

പരാത്പര ഗുരു (ഡോക്ടർ) ജയന്ത് ആഠവലെ,
ആപത്തുകാലത്ത് മാനവരാശിയുടെ അതിജീവനത്തിനു
വേണ്ടി കർമ്മനിരതനായ ഒരേയൊരു ദീർഘദർശി !

ഈ വിഷയത്തെക്കുറിച്ചുള്ള നമ്മുടെ മുൻ ലേഖനങ്ങളിൽ ഭൂമികുലുക്കം, വെള്ളപ്പൊക്കം മൂന്നാം ലോക മഹായുദ്ധം, കൊറോണ മുതലായ ആപത്ത്‌കാലങ്ങളെ അതിജീവിക്കുന്നതിനു വേണ്ടി ഞങ്ങൾ മൺപാത്രങ്ങൾ, വിറക് അടുപ്പ്, ജൈവവാതകം ഇവ ഉപയോഗിച്ച് പാചകം ചെയ്യുന്നതിനും പഴം-പച്ചക്കറി ഇവയുടെ കൃഷിയെ കുറിച്ചും മനസ്സിലാക്കി.

ഈ ലേഖനത്തിൽ നമുക്ക് ദീർഘകാലം കേടുകൂടാതെ ഇരിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ച് അറിയാൻ ശ്രമിക്കാം. ആപത്ത്‌കാലങ്ങളിൽ പതിവ് ഭക്ഷണങ്ങൾ തയ്യാറാക്കുവാൻ വളരെ പ്രയാസമായിരിക്കും. അത്തരം സന്ദർഭങ്ങളിൽ പട്ടിണി ഒഴിവാക്കുന്നതിനായി മുൻകൂട്ടി ദീർഘകാലം കേടുകൂടാതെ ഇരിക്കുന്ന ഭക്ഷണം തയ്യാറാക്കി വെക്കുന്നത് നല്ലതാണ്.

3. ആപത്കാലത്തെ അതിജീവിക്കുന്നതിനുവേണ്ടി
പ്രായോഗിക തലത്തിൽ ഉള്ള തയ്യാറെടുപ്പുകൾ

3 A 5. ദീർഘകാലം കേടുകൂടാതെ ഇരിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ ഗൃഹത്തിൽ നിർമിക്കുകയോ വാങ്ങുകയോ ചെയ്യുക

ആപത്ത് കാലത്ത് പാചകവാതകക്ഷാമം, വീട്ടിലെ അംഗങ്ങൾക്ക് അസുഖം, പെട്ടെന്ന് സ്ഥലം മാറി പോവുക, പച്ചക്കറികൾ ലഭിക്കാതിരിക്കുക, മുതലായ കാര്യങ്ങൾ സംഭവിക്കാം. അത്തരം സാഹചര്യങ്ങളിൽ പതിവ് രീതിയിൽ ഭക്ഷണം തയ്യാറാക്കാൻ സാധിക്കുകയില്ല. അപ്പോൾ ദീർഘകാലം കേടുകൂടാതെ ഇരിക്കുന്ന വിവിധ തരം ഭക്ഷണപദാർത്ഥങ്ങൾ വേണ്ടത്ര അളവിൽ സംഭരിച്ചിരിക്കുന്നത് ഗുണകരമാണ്.

A. ഇവിടെ പറയുന്ന ചില ഭക്ഷണപദാർത്ഥങ്ങൾ കടയിൽ നിന്നും വാങ്ങി സൂക്ഷിക്കാവുന്നതാണ്. ഇപ്പോൾ തന്നെ അത്തരം ഭക്ഷണപദാർത്ഥങ്ങൾ വീട്ടിൽ തന്നെ ഉണ്ടാക്കാൻ ശീലിക്കുക. കാരണം ആപത് കാലത്തിന്റെ കാഠിന്യം വർദ്ധിക്കുമ്പോൾ ഇത്തരം ഭക്ഷണങ്ങൾ കടയിൽ നിന്ന് ലഭിക്കുക ബുദ്ധിമുട്ടായിരിക്കും.

B. ഇവിടെ പറഞ്ഞിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ ചില ഉദാഹരണങ്ങൾ മാത്രമാണ്. വായനക്കാർക്ക് അവരുടെ ഇഷ്ടമനുസരിച്ച് ദീർഘകാലം കേടുകൂടാതെ ഇരിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ വീടുകളിൽനിന്ന് ഉണ്ടാക്കാവുന്നതാണ്.

C. ദീർഘകാലം കേടുകൂടാതെ ഇരിക്കുന്ന ഭക്ഷണപദാർത്ഥങ്ങളുടെ കൂടുതൽ പാചക കുറിപ്പുകൾ ഞങ്ങൾ ഇവിടെ അവതരിപ്പിക്കുന്നില്ല. എന്നിരുന്നാലും ആപത്ത്‌കാലത്തെ മുൻനിർത്തി ദീർഘകാലം കേടുകൂടാതെ ഇരിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ എങ്ങനെ ഉണ്ടാക്കാം എന്നതിനെക്കുറിച്ച് ഉപയോഗപ്രദമായ വിവരങ്ങൾ നൽകിയിട്ടുണ്ട്.

വായനക്കാർക്ക് ഇവ ഉണ്ടാക്കുവാൻ അറിയില്ലെങ്കിൽ, കുടുംബത്തിലെ മുതിർന്നവരുടെ സഹായം തേടുകയോ, പാചക പുസ്തകങ്ങൾ വായിക്കുകയോ, യൂട്യൂബിൽ ഇവ തയ്യാറാക്കുന്നത് കാണുകയോ ചെയ്യുക.

D. ഭക്ഷണപദാ൪ഥങ്ങൾ എത്ര നാൾ കേടുകൂടാതെ ഇരിക്കും എന്നതും സാധിക്കുന്നിടത്തെല്ലാം എഴുതിയിട്ടുണ്ട്. എന്നാൽ ഇത് കാലാവസ്ഥ, തയ്യാറാക്കുമ്പോൾ എടുക്കുന്ന മുൻകരുതലുകൾ മുതലായ അനുസരിച്ച് മാറുകയും ചെയ്യാം.

3 A 5 A. അരിപ്പോടി, റാഗി (പഞപുല്ല്) പൊടി, പാൽപ്പൊടി എന്നിവ
3 A 5 A 1. അരിപ്പോടി, റാഗി (പഞപുല്ല്) പൊടി എന്നിവയിൽ വച്ച് റാഗിപ്പൊടിയിലാണ് കൂടുതൽ പോഷക ഗുണങ്ങളുള്ളത്.
റാഗി പൊടി

പച്ചരി 3-4 മണിക്കൂർ വെള്ളത്തിൽ ഇട്ടു വയ്ക്കുക. അതിനുശേഷം അരിക്കുക. ഏകദേശം ഒരു മണിക്കൂറിന് ശേഷം, ഈർപ്പം കുറയുമ്പോൾ, അരി കുറച്ചു കുറച്ചായി ഇടത്തരം ചൂടിൽ വറുക്കുക. കുറഞ്ഞ അളവിൽ അരി വറുത്താൽ അരിമണികൾ പോപ്‌കോൺ പോലെ വികസിക്കുന്നു. അവസാനം, വറുത്ത അരി പൊടിച്ച് ഉണങ്ങിയ ജാറിൽ നിറച്ചു വയ്ക്കുക. ഈ പൊടി ഏകദേശം 3 മാസം കേടുകൂടാതെ ഇരിക്കും. പാൽ, തൈര്, മോര് അല്ലെങ്കിൽ കറി എന്നിവ കൂട്ടി ഇത് കഴിക്കാം. പാൽ ചേ൪ത്ത് കഴിക്കുമ്പോൾ രുചി അനുസരിച്ച് പഞ്ചസാര ചേർക്കാം.

ഇതേ രീതിയിൽ നമുക്ക് റാഗിപ്പൊടിയും ഉണ്ടാക്കാം. ഈ പൊടിയും ഏകദേശം 3 മാസം കേടുകൂടാതെ ഇരിക്കും.

3 A 5 A 2. ഗോതമ്പു പൊടി / ബാ൪ലി പൊടി
ഗോതമ്പ് പൊടി

ഗോതമ്പ് മണികൾ കഴുകി വെള്ളം വാർന്നു പോകുന്നതിന് വേണ്ടി ഒരു അരിപ്പയിൽ വയ്ക്കുക. ഏകദേശം ഒരു മണിക്കൂറിനുശേഷം വെള്ളമെല്ലാം വാർന്നു ഗോതമ്പിന്റെ നനവെല്ലാം മാറിയാൽ ചെറുചൂടിൽ വറുക്കുക. വറുത്ത വെള്ളക്കടലയും ജീരകവും ഇതോടൊപ്പം ചേർക്കുക. ഇതെല്ലാം ഒന്നിച്ച് ചേർത്ത് പൊടിക്കുക. വായു കടക്കാത്ത രീതിയിൽ ഒരു ഭരണിയിൽ ഇവ സൂക്ഷിക്കുക. ഈ പൊടി പാൽ ,വെള്ളം, ഇതോടൊപ്പം പഞ്ചസാരയോ, ശർക്കരയോ ചേർത്ത് കഴിക്കാവുന്നതാണ്. ഈ ധാന്യപ്പൊടി ഏകദേശം ആറു മാസത്തോളം കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്.

ഇത്തരത്തിലുള്ള ധാന്യപ്പൊടി ഓരോ ദേശങ്ങളിൽ വിവിധ രീതികളിൽ ആയി തയ്യാറാക്കി വരുന്നു. ചിലയിടങ്ങളിൽ അഞ്ചും ആറും തരത്തിലുള്ള ധാന്യങ്ങൾ ഒന്നിച്ചുചേർത്ത് വറുത്ത് പൊടിയാക്കി ഉപയോഗിക്കുന്നു. ഗോതമ്പിനു പകരം ചില സ്ഥലങ്ങളിൽ ബാർലി ഉപയോഗിക്കുന്നു. ചില സ്ഥലങ്ങളിൽ മണിക്കടല വറുത്തത് പൊടിച്ചു പൊടിയായി ഉപയോഗിക്കുന്നു.

– ശ്രീമതി ക്ഷമ റാണേ, സനാതന ആശ്രമം, രാമനാഥി, ഗോവ, (2020 ഫെബ്രുവരി)

3 A 5 A 3. ഗോതമ്പ് അല്ലെങ്കിൽ റാഗി ഉപയോഗിച്ച് തയ്യാറാക്കിയ ‘സത്വ’ എന്ന പദാ൪ഥം
റാഗി സത്വ

ഗോതമ്പ് അല്ലെങ്കിൽ റാഗി രാത്രി വെള്ളത്തിൽ ഇട്ടു വയ്ക്കുക. രാവിലെ കുറച്ച് വെള്ളത്തിൽ അരച്ചെടുക്കുക. തത്ഫലമായുണ്ടാകുന്ന പശിമയുള്ള മാവ് ഒരു അരിപ്പ വഴി അരിച്ചെടുക്കുക. ഇത് നന്നായി ഉണക്കുമ്പോഴാണ് ‘സത്വ’ എന്ന പൊടി തയ്യാറാകുന്നത്. ഈ പൊടി പോഷകഗുണമുള്ളതാണ്, ഇത് വെള്ളമോ പാലോ ഉപയോഗിച്ച് വേവിച്ചതിനുശേഷം പഞ്ചസാരയോ ശ൪ക്കരയോ ചേർത്ത് കഴിക്കാം. ഈ പൊടി സാധാരണയായി 3 മാസം കേടുകൂടാതെ ഇരിക്കും.

– ശ്രീമതി അർപിത ദേശ്പാണ്ഡെ, സനാതൻ ആശ്രമം, മീരജ്, മഹാരാഷ്ട്ര. (2019 ഫെബ്രുവരി)
3 A 5 A 4. അവലോസ് പൊടി
അവലോസ് പൊടി

പച്ചരി വെള്ളത്തിൽ ഇട്ട് കുതിർത്ത് ചെറിയ തരി ഉള്ളതായ് പൊടിച്ച് എടുക്കുക, ഒരുപാട് തരി ആവരുത്,ഏകദെശം പുട്ട് പൊടി പോലെ. അതിൽ തേങ്ങ ചിരകിയത്, എള്ള്, ജീരകം, ഉപ്പ് ഇവ ചേ൪ത്ത് നന്നായി കൈ കൊണ്ട് തിരുമുക. വേണമെങ്കിൽ മാത്രം വളരെ കുറച്ച് വെള്ളം തളിക്കുക. ഇത് ഇനി അര-മുക്കാൽ മണിക്കൂർ മാറ്റി വക്കുക. ശേഷം നന്നായി വറക്കുക. കുറഞ്ഞ തീയിൽ നന്നായി ഇളക്കി കൊണ്ട് വേണം വറക്കാൻ. ഇഷ്ടമുള്ളവർക്ക് കുറച്ച് പഞ്ചസാര കൂടി വറക്കുമ്പോൾ ചേർക്കാം. നന്നായി വറത്തതിനുശേഷം തീയിൽനിന്നും ഇറക്കി, തണുത്ത ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം. കഴിക്കാൻ നേരം ഇഷ്ടാനുസരണം പഞ്ചസാരയോ, പാലോ, പഴമോ കൂട്ടാം. ഇതു 3 മാസം വരെ കേട് കൂടാതെ ഇരിക്കും.

3 A 5 A 5. പോഷകസമൃദ്ധമായ പ്രോസസ്സ് ചെയ്ത ഭക്ഷ്യവസ്തുക്കൾ

പാൽപ്പൊടി, ലാക്ടോജൻ, സെറലാക്, മുതലായ കുട്ടികൾക്കായി തയ്യാറാക്കുന്ന വിവിധ പോഷകങ്ങൾ അടങ്ങിയ പൊടികൾ. ഇത് കുട്ടികൾക്കും മുതി൪ന്നവ൪ക്കും സേവിക്കാവുന്നതാണ്.

3 A 5 B. പല തരം ഗോതമ്പ് റൊട്ടികൾ
3 A 5 B 1. ശ൪ക്കര നിറച്ച് തയ്യാറാക്കിയ റൊട്ടികൾ
ശ൪ക്കര നിറച്ച് തയ്യാറാക്കിയ റൊട്ടികൾ

റൊട്ടി പരത്തുമ്പോൾ ഉള്ളിൽ ശ൪ക്കര നിറയ്ക്കുക. റൊട്ടി നന്നായി ചുട്ടെടുക്കുക. ചുട്ടതിനുശേഷം അത് പൂർണ്ണമായും തണുപ്പിക്കുക. റോട്ടികൾ ചൂടുള്ള സമയത്ത് ഒന്നിനു മുകളിൽ ഒന്നായി വയ്ക്കരുത്. റോട്ടികൾ തണുത്തുകഴിഞ്ഞാൽ, അവയെ വായുസഞ്ചാരമില്ലാത്ത പാത്രത്തിൽ സൂക്ഷിക്കുക. അത്തരം റോട്ടികൾ ഒരു മാസമോ അതിൽ കൂടുതലോ ഇരിക്കും.

3 A 5 B 2. ഖാക്ര (മസാലകൾ ചേ൪ത്തതും കൂടുതൽ ചുട്ടെടുത്തതുമായ റൊട്ടി)
ഖാക്ര

ഉലുവ, ജീരകം, സുഗന്ധവ്യഞ്ജനങ്ങൾ (ഉദാഹരണത്തിന്, ചാറ്റ് മസാല, ഗരം മസാല) എന്നിവ ചേർത്ത് ഖാക്ര തയ്യാറാക്കാം. ഗോതമ്പ് മാവിൽ ആവശ്യമുള്ള സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് കട്ടിയിൽ കുഴയ്ക്കുക. വളരെ നേർത്ത റോട്ടിയായി ഇത് പരത്തുക. ചട്ടിയിൽ ചുടുമ്പോൾ, കുറഞ്ഞ തീയിൽ, വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടർച്ചയായി അമർത്തിക്കൊണ്ട് ചുടുക. ഇത് ആവി നിറഞ്ഞ് വീ൪ക്കാൻ അനുവദിക്കരുത്. ചുട്ടതിനുശേഷം അത് നന്നായി തണുപ്പിക്കുക. ഇതിനെയാണ് ഗുജറാത്തികൾ ഖാക്ര എന്ന് വിളിക്കുന്നത്. ഖാക്രകൾ പൂർണ്ണമായും തണുക്കുമ്പോൾ, വായുസഞ്ചാരമില്ലാത്ത പാത്രത്തിൽ വയ്ക്കുക. ഈ ഖാക്രകൾ ഏകദേശം 3 മാസം കേടു കൂടാതെ ഇരിക്കും.

3 A 5 C. ലഡ്ഡു (ഗോതമ്പിന്റെയും മറ്റ് ധാന്യങ്ങളുടെയും മാവിൽ നിന്ന് തയ്യാറാക്കിയത്)
ഗോതമ്പ് പൊടികൊണ്ടുണ്ടാക്കിയ ലഡ്ഡു

ഗോതമ്പ് പൊടി, പൊടിച്ച പഞ്ചസാര അല്ലെങ്കിൽ ശ൪ക്കര ചേ൪ത്ത് തയ്യാറാക്കിയ ലഡ്ഡു 1-2 മാസം കേടു കൂടാതെ ഇരിക്കും. ഇതു പോലെ തന്നെ റാഗി, കടല മാവ്, ചെറുപയ൪ മാവ് മുതലായവ ഉപയോഗിച്ചു കൊണ്ടും ഇത്തരം ലഡ്ഡു ഉണ്ടാക്കാം. അതും 1-2 മാസം കേടു കൂടാതെ ഇരിക്കും.

3 A 5 D. മാങ്ങാതിര
മാങ്ങാതിര

നന്നായി പഴുത്ത മാങ്ങ തൊലികളഞ്ഞ് അതിൻറെ പൾപ്പ്, നല്ല വൃത്തിയുള്ള പായയിലോ, പാളയിലോ തേച്ച് പിടിപ്പിക്കുക. അത് നല്ല സൂര്യവെളിച്ചത്തിൽ ഉണങ്ങുവാൻ വയ്ക്കുക. അടുത്ത ദിവസം വീണ്ടും അതിനുമേൽ പൾപ്പ് തേച്ചുപിടിപ്പിക്കുക, വീണ്ടും വെയിലത്തു വയ്ക്കുക. ഇപ്രകാരം രണ്ടാഴ്ചയോളം ചെയ്യുക. ഇതെല്ലാം നന്നായി ഉണങ്ങി ഒരു ഷീറ്റ് പോലെ ആയിത്തീരും. ഇത് വായുസഞ്ചാരം ഇല്ലാത്ത ഭരണിയിൽ സൂക്ഷിച്ചു വയ്ക്കുക. കുറേ കാലം കേടുകൂടാതെ ഇരിക്കും. ഇതിൽ ചൂട് വെള്ളം ചേ൪ത്താൽ ജാം പോലെ ചപ്പാതിയുടെ കൂടെ കഴിക്കാൻ പാകത്തിനാകും. ചക്കയുടെ പൾപ്പ് ഉപയോഗിച്ചുകൊണ്ടും ഇതുപോലെയുള്ള പദാ൪ഥം ഉണ്ടാക്കാം.

– പൂജനീയ വൈദ്യ വിനയ് ഭാവെ, സനാതൻ ആശ്രമം, രാമനാഥി, ഗോവ (2020 ജനുവരി)
3 A 5 E. മാങ്ങാച്ചാറ് (Mango Pulp)
പഴുത്ത മാമ്പഴച്ചാറ്

1. പഞ്ചസാരയും മാമ്പഴവും തുല്യ അളവിൽ കലർത്തി മിശ്രിതം പൂർണ്ണമായും ഉണങ്ങുന്നതുവരെ വെയിലത്ത് വയ്ക്കുക. അത്തരം ഉണങ്ങിയ പൾപ്പ് ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ, ഇത് ഏകദേശം 1 1/2 – 2 വർഷവും ഫ്രിഡ്ജിന് പുറത്ത് ഏകദേശം 1 വർഷവും കേടു കൂടാതെ ഇരിക്കും.

2. പഞ്ചസാരയും മാമ്പഴവും തുല്യ അളവിൽ കലർത്തി മിശ്രിതം വേവിക്കുക. കട്ടിയുള്ള ഈ ചാറ് ഫ്രിഡ്ജിൽ ഏകദേശം ഒരു വർഷം കേടുകൂടാതെ ഇരുന്നോളും. (ഫ്രിഡ്ജിൽ സൂക്ഷിച്ചില്ലെങ്കിൽ ഇത് പൂത്തു പോകും. )

3 A 5 F. മാങ്ങയുടെ മറ്റു ചില പദാ൪ഥങ്ങൾ
മാങ്ങ ജെല്ലി

മാങ്ങയുടെ ചാറിൽ ധാരാളം പഞ്ചസാര അല്ലെങ്കിൽ ശര്‍ക്കരപ്പാവ്‌ ചേർക്കുക. തത്ഫലമായുണ്ടാകുന്ന മാമ്പഴപ്പാവ് നന്നായി വേവിച്ച് കട്ടിയാക്കിയെടുക്കുക. അതിൽ വെള്ളത്തിന്റെ അംശം അവശേഷിക്കാൻ പാടില്ല. അങ്ങനെയാകുമ്പോൾ അത് വളരെക്കാലം നിലനിൽക്കുന്നു. ഈ മാമ്പഴപ്പാവ് കട്ടിയുള്ളതായതിനാൽ ഇതിൽ പ്രിസർവേറ്റീവ് ചേർക്കേണ്ടതില്ല.

3 A 5 F 1. ജാം

പഴുത്ത മാമ്പഴമോ പച്ചമാങ്ങയോ ഉപയോഗിച്ച് ജാം ഉണ്ടാക്കാം. ഇത് ഏകദേശം ഒരു വർഷത്തോളം കേടുകൂടാതെ ഇരിക്കും.

3 A 5 F 3. നെല്ലിക്ക, പച്ചമാങ്ങ, സ്ട്രോബെറി, ഓറഞ്ച് മുതലായവ ഉപയോഗിച്ച് ജെല്ലി അല്ലെങ്കിൽ ജാം തയ്യാറാക്കുക
ജാമുകളും ജെല്ലികളും

ഇവ ഏകദേശം ഒരു വർഷം കേടുകൂടാതെ ഇരിക്കും.

– ശ്രീമതി അർപിത ദേശ്പാണ്ഡെ, സനാതൻ ആശ്രമം, മീരജ്, മഹാരാഷ്ട്ര. (2019 ഫെബ്രുവരി)
3 A 5 G. ദീർഘകാലം നിലനിൽക്കുന്ന പലതരം ഭക്ഷ്യവസ്തുക്കൾ വാങ്ങുക അല്ലെങ്കിൽ തയ്യാറാക്കുക.
3 A 5 G 1. അച്ചാറുകളും തക്കാളി സോസും
3 A 5 G 1 A. അച്ചാറുകൾ
മാങ്ങ അച്ചാ൪
A. അച്ചാറുകൾ കൂടുതൽ നാളുകൾ കേടു കൂടാതെയിരിക്കുവാൻ ചില മുൻകരുതലുകൾ ആവശ്യമാണ്.

നെല്ലിക്ക, മുളക്, മഞ്ഞൾ കിഴങ്ങുകൾ മുതലായവയിൽ നിന്ന് ഉണ്ടാക്കുന്ന ചില അച്ചാറുകൾ ശ്രദ്ധയോടെ എല്ലാ മുൻകരുതലുകളും എടുത്തുകൊണ്ട് വീട്ടിൽ തന്നെ ഉണ്ടാക്കുകയാണെങ്കിൽ, 1-2 വർഷം ഇരിക്കും. വേവിച്ച നാരങ്ങ ഉപയോഗിച്ച് ഉണ്ടാക്കുന്ന അച്ചാർ ഏകദേശം 4-5 വർഷം വരെ കേടുകൂടാതെ ഇരിക്കും. രോഗികൾക്ക് രുചിക്കായി നാരങ്ങ അച്ചാർ നൽകാവുന്നതാണ്. അച്ചാറ് എത്ര പഴകുന്നുവോ അത്ര അതിന്റെ സ്വാദ് കൂടുന്നു.

A 1. പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് കൈ കഴുകി നന്നായി തുടയ്ക്കുക. പച്ചമാങ്ങ, നാരങ്ങ, നെല്ലിക്ക, മഞ്ഞൾ, മുളക് എന്നിവ അച്ചാറിനായി നിങ്ങൾ തിരഞ്ഞെടുത്ത ചേരുവകൾ കഴുകി വൃത്തിയാക്കി ഉണക്കണം.

അച്ചാറിനു ആവശ്യമായ ചേരുവകളായ മുളകുപൊടി, കല്ലുപ്പ് മുതലായവ വറുത്താൽ അവയിലെ എല്ലാ ഈർപ്പവും മാറിക്കിട്ടും. (പൊടിയുപ്പിൽ കല്ലുപ്പിനെക്കാൾ അധികം ജലാംശം ഉള്ളതുകാരണമാണ് കല്ലുപ്പ് അച്ചാറിന് ഉപയോഗിക്കുന്നത്.) ആവശ്യമെങ്കിൽ പ്രിസർവേറ്റീവുകൾ ചേർക്കുക.

A 2. അച്ചാർ പോർസലൈൻ (ചൈന കളിമണ്ണ്) ഭരണിയിലോ കട്ടിയുള്ള ഗ്ലാസ് കുപ്പികളിലോ സൂക്ഷിക്കുക.

A 3. അച്ചാർ ഒരു കുപ്പിയിൽ നിറച്ചുകഴിഞ്ഞാൽ അച്ചാറിന്റെ ഉപരിതലത്തിൽ കല്ലുപ്പ് വിതറുക.

A 4. അച്ചാറിന്റെ മുകൾ ഭാഗത്ത് പൂപ്പൽ വരാതിരിക്കുവാൻ ഇത് ചെയ്യുക : കുറച്ച് എണ്ണ ചൂടാക്കുക. അത് നന്നായി തണുപ്പിച്ച് അച്ചാറിനു മുകളിൽ ഒഴിക്കുക. അങ്ങനെ അച്ചാറിന്റെ മുകളിൽ ഏകദേശം രണ്ട് സെ.മീ. എണ്ണയുണ്ടെങ്കിൽ പൂപ്പൽ വരില്ല.

A 5. അച്ചാ൪ കുപ്പിയുടെ പുറം ഭാഗം വൃത്തിയുള്ള ഉണങ്ങിയ തുണി ഉപയോഗിച്ച് തുടച്ച് കുപ്പിയുടെ അടപ്പ് മുറുക്കി അടയ്ക്കുക. അടപ്പിനു പുറമെ ഒരു വൃത്തിയുള്ള കോട്ടൺ തുണി വയ്ക്കുക. അത് ചരടുകൊണ്ട് നന്നായി കെട്ടി വയ്ക്കുക.

A 6. അച്ചാറുകളുടെ ഭരണികളും കുപ്പികളും ഈ൪പ്പമില്ലാത്ത സ്ഥലത്ത് സൂക്ഷിക്കുക.

A 7. പ്രധാന ഭരണി വേറെ സൂക്ഷിക്കണം. അത് എല്ലാ ദിവസവും കൈകാര്യം ചെയ്യരുത്. ഒരു ചെറിയ കുപ്പിയിൽ ഈ പാത്രത്തിൽ നിന്ന് ഒരാഴ്ചത്തേക്ക് ആവശ്യത്തിന് അച്ചാർ എടുക്കുക. ആവശ്യമുള്ളതു പോലെ ഈ ചെറിയ കുപ്പി നിറച്ചെടുക്കുക. കഴിയുമെങ്കിൽ, പ്രധാന ഭരണി കുളികഴിഞ്ഞിട്ട് മാത്രം തൊടുക. പ്രധാന ഭരണിയിൽ നിന്ന് അച്ചാർ എടുക്കുന്ന വ്യക്തിയുടെ കൈകൾ, ഉപയോഗിക്കുന്ന വലിയ കരണ്ടി, ദൈനംദിന ഉപയോഗത്തിനായി അച്ചാർ നിറയ്ക്കുന്നതിനുള്ള ചെറിയ കുപ്പി എന്നിവ വൃത്തിയും വെള്ളത്തിന്റെ അംശം ഇല്ലാത്തതുമായിരിക്കണം. ഭരണിയിൽ നിന്ന് അച്ചാർ എടുത്തു കഴിഞ്ഞാൽ, അതിന്റെ പുറം വൃത്തിയുള്ള ഉണങ്ങിയ തുണി ഉപയോഗിച്ച് തുടച്ച് മുമ്പത്തെപ്പോലെ അടച്ചു വയ്ക്കുക.

A 8. ആർത്തവമുള്ള സ്ത്രീ പ്രധാന ഭരണിയിലെ അച്ചാ൪ തൊടാതിരിക്കുക. ഗ്രഹണ സമയത്തും ആരും ഈ പ്രധാന ഭരണി തൊടരുത്. തീരപ്രദേശങ്ങളിൽ ഈർപ്പമുള്ള കാലാവസ്ഥ കാരണം, ഭരണിയിലെ അച്ചാറിന്റെ ഉപരിതലത്തിൽ പൂപ്പൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ, ഇത്തരം സ്ഥലങ്ങളിൽ അച്ചാ൪ അധികം നാളുകൾ ഇരിക്കില്ല.

– ശ്രീമതി. അർപിത ദേശ്പാണ്ഡെ, സനാതൻ ആശ്രമം, മിരജ്, മഹാരാഷ്ട്ര. (2019 ഫെബ്രുവരി), ശ്രീ. പ്രസാദ് മൈസ്‌കർ, രത്‌നഗിരി, മഹാരാഷ്ട്ര. (8.8.2019)
3 A 5 G 1 B. തക്കാളി സോസ്
തക്കാളി സോസ്

വിനാഗിരി ഉപയോഗിക്കാതെ തയ്യാറാക്കിയ തക്കാളി സോസ് ഒരു വർഷം വരെ റഫ്രിജറേറ്ററിൽ സൂക്ഷിക്കാം. വിനാഗിരി ഉപയോഗിച്ച് തയ്യാറാക്കിയ തക്കാളി സോസ് സാധാരണ താപനിലയിൽ ആറുമാസം കേടു കൂടാതെ ഇരിക്കും എന്നാൽ ഒന്നര മുതൽ രണ്ടു വർഷം റഫ്രിജറേറ്ററിൽ ഇരിക്കും.

3 A 5 H. വിവിധ തരം ചട്ട്നികൾ
3 A 5 H 1. പച്ച മാങ്ങ, നെല്ലിക്ക, പുളി എന്നിവയിൽ നിന്ന് തയ്യാറാക്കുന്ന ചട്ട്നി
A. പച്ച മാങ്ങ ചട്ട്നി
പച്ച മാങ്ങ ചട്ട്നി

പഞ്ചസാരയുടെ കട്ടിയുള്ള പാവ് തയ്യാറാക്കുക. അതിലേക്ക് ആവശ്യമായ സുഗന്ധവ്യഞ്ജനങ്ങളും അരച്ച മാങ്ങയും ചേർത്ത് ചട്ട്നി തയ്യാറാക്കുക. ഇടത്തരം പഴുത്ത മാമ്പഴം ഉപയോഗിച്ചും ഈ ചട്ട്നി തയ്യാറാക്കാം. പഞ്ചസാരയ്ക്ക് പകരം ശ൪ക്കരയുടെ പാവും ഉപയോഗിക്കാവുന്നതാണ്.

B. നെല്ലിക്ക ചട്ട്നി

പച്ച മാങ്ങ ചട്ട്നിക്ക് സമാനമായി നെല്ലിക്ക ചട്ട്നിയും ഉണ്ടാക്കാം.

C. പുളി ചട്ട്നി

വാളന്‍പുളി അരമണിക്കൂറോളം വെള്ളത്തിൽ മുക്കി വച്ച് പിന്നിട് അതിന്റെ ചാറ് പിഴിഞ്ഞെടുക്കുക. പഞ്ചസാര അല്ലെങ്കിൽ ശ൪ക്കരയുടെ കട്ടിയുള്ള പാവ് ഉണ്ടാക്കി പുളിച്ചാറ്, ചുവന്ന മുളകുപൊടി, ഉപ്പ്, അല്പം കുരുമുളക്, മല്ലി-ജീരകം എന്നിവ ചേർത്ത് മിശ്രിതം തിളപ്പിക്കുക. എല്ലാ ചേരുവകളും ശരിയായി കലരുമ്പോൾ ഗ്യാസ് ഓഫ് ചെയ്യുക.

ഈ ചട്ട്നികൾ തണുപ്പിച്ച ശേഷം കുപ്പി ഭരണികളിൽ സൂക്ഷിക്കുക. റഫ്രിജറേറ്ററിൽ സൂക്ഷിക്കുകയാണെങ്കിൽ അവ ഒന്നര വർഷത്തോളം ഇരിക്കും; പുറത്തു വയ്ക്കുകയാണെങ്കിൽ ഏകദേശം 1 വർഷം വരെ ഇരിക്കും.

– ശ്രീമതി. അർപിത ദേശ്പാണ്ഡെ, സനാതൻ ആശ്രമം, മീരജ്, മഹാരാഷ്ട്ര. (2019 ഫെബ്രുവരി)
3 A 5 I. പപ്പടവും കൊണ്ടാട്ടങ്ങളും

ഇവ ഏകദേശം ഒരു വർഷം കേടു കൂടാതെ ഇരിക്കും.

1. പാവയ്ക്ക കൊണ്ടാട്ടം
പാവയ്ക്ക കൊണ്ടാട്ടം

പാവയ്ക്ക അധികം കനമില്ലാതെ ഉള്ളിലെ മൃദുവായ ഭാഗവും കുരുവുമടക്കം,വട്ടത്തിൽ അരിഞ്ഞെടുക്കുക. ഈ കഷ്ണങ്ങളിൽ പാകത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും വേണമെങ്കിൽ കുറച്ച്മുളകുപൊടിയും പുരട്ടി ഇഡ്ഡലിപാത്രത്തിന്റേയോ അപ്പച്ചെമ്പിന്റേയോ തട്ടിൽ നിരത്തി ആവിയിൽവാട്ടിയെടുക്കുക. വാട്ടിയതിനുശേഷം ഈ കഷ്ണങ്ങൾ ഒരു പ്ലാസ്റ്റിക്ക് ഷീറ്റിലോ പായയിലോ മറ്റോ നിരത്തി നല്ല വെയിലത്തു വച്ച് ഉണക്കിയെടുക്കുക. രണ്ടുമൂന്നു ദിവസം കൊണ്ട് നന്നായി ഉണങ്ങി കിട്ടും. ഇനി ഇത് ഉണങ്ങിയ ഭരണിയിൽ ആക്കി വയ്ക്കുക.

ഇതു പോലെ പയറ്, ചുണ്ടങ്ങ, എന്നിവ ഉപയോഗിച്ചു കൊണ്ടും കൊണ്ടാട്ടം തയ്യാറാക്കുന്നു. ഇതു കൂടാതെഅരി കൊണ്ടാട്ടം, മുളക് കൊണ്ടാട്ടം എന്നിവയും തയ്യാറാക്കി വയ്ക്കാവുന്നതാണ്. കൊണ്ടാട്ടം ഉണങ്ങിയ ഭരണിയിൽ സൂക്ഷിക്കുക. ആവശ്യത്തിനെടുത്ത് എണ്ണയിൽ വറുത്ത് ഭക്ഷണത്തിൽ ഉപയോഗിക്കാം.

2. പപ്പടം : ചെറുപയ൪, ഉഴുന്ന്, അരി, റാഗി, അവൽ, മരച്ചീനി (കപ്പ), പഴുത്ത ചക്കയുടെ ചാറ് എന്നിവയിൽ നിന്ന്
പപ്പടം ഉണ്ടാക്കാം.

പപ്പടം
– ശ്രീമതി. ഛായ വിവേക് നാഫഡെ, സനാതൻ ആശ്രമം, രാമനാഥി, ഗോവ. (മെയ് 2020)

3. ചക്കക്കുരു :

ചക്കക്കുരു

ചക്കക്കുരു കേടുകൂടാതെ എങ്ങനെ സൂക്ഷിച്ച് വെക്കാം ? : മുളച്ചതോ മുറിഞ്ഞതോ അല്ലാത്ത നല്ല ചക്കക്കുരു മാത്രം എടുത്ത് ഒരു മണിക്കൂര്‍ വെള്ളത്തില്‍ ഇട്ടു വയ്ക്കുക. ചക്കക്കുരുവിലുള്ള വഴുവഴുപ്പും ചക്കപ്പശയും ചക്കക്കുരുവിന്റെ പുറമേയുള്ള തൊലിയും കളയുവാൻ എളുപ്പമാകുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞ് കോട്ടണ്‍ തുണിയില്‍ അല്ലെങ്കില്‍ ഒരു പേപ്പറില്‍ പരത്തി വെച്ച് ഇതിന്റെ വെള്ളവും ഊര്‍പ്പവും പൂര്‍ണമായും മാറ്റേണ്ടതുണ്ട്. വെള്ളം പൂര്‍ണമായും വറ്റിയ ശേഷം ഒരു വലിയ പാത്രം എടുക്കുക. ഇതിലേക്ക് നല്ലതു പോലെ ഉണങ്ങിയ മണ്ണ് ഇട്ട് കൊടുക്കുക. ആദ്യം മണ്ണിട്ട് അതിന് ശേഷം ചക്കക്കുരു ഇടുക. വീണ്ടും ഇതിന് മുകളില്‍ മണ്ണിടുക. അതിന് ശേഷം വീണ്ടും ചക്കക്കുരു അതിന് മുകളില്‍ ഇടുക. ഇങ്ങനെ ചക്കക്കുരുവും മണ്ണും തട്ട് തട്ടായി ഇടുക. ഇത് നല്ലതു പോലെ അടച്ച് സൂക്ഷിക്കുക. ഇത് ഒരു വര്‍ഷത്തോളം കേടാകാതിരിക്കും. ആവശ്യത്തിന് ഇത് ഉപയോഗിക്കുകയും ചെയ്യാം.

3 A 5 J. ദാഹവും ഒരു പരിധിവരെ വിശപ്പും ശമിപ്പിക്കുന്ന പാനീയങ്ങൾ
3 A 5 J 1. നാരങ്ങ, ഓറഞ്ച് എന്നിവയുടെ പാനീയം

ഒരു കുപ്പിയിൽ നാരങ്ങ നീരും തുല്യ അളവിൽ പഞ്ചസാരയും ചേർത്ത് പഞ്ചസാര പൂർണ്ണമായും അലിഞ്ഞുപോകുന്നതുവരെ ദിവസവും വെയിലത്ത് വയ്ക്കുക. സാധാരണയായി പഞ്ചസാര അലിയുവാൻ 15 മുതൽ 30 ദിവസം വരെ എടുക്കും. ഓറഞ്ചിന്റെയും പാനീയം നാരങ്ങ പോലെ തന്നെ ഉണ്ടാക്കാം. ഇവ റെഫ്രിജറെറ്ററില്ലാതെ 2-3 വർഷം കേടു കൂടാതെ ഇരിക്കും. റഫ്രിജറേറ്റ് ചെയ്താൽ അവയുടെ രുചി മാറ്റുന്നു, അതിനാൽ അത് ഒഴിവാക്കുക.

3 A 5 K. കൂടുതൽ പോഷകങ്ങളുള്ള ബിസ്കറ്റ്, 5 വർഷത്തോളം ഇരിക്കുന്ന ചോക്ലേറ്റുകൾ, ഡ്രൈ ഫ്രൂട്ട്സ് തുടങ്ങിയവ

പ്രതികൂല സമയങ്ങളിൽ, പെട്ടെന്നുള്ള പലായനം ആവശ്യമായി വന്നേക്കാം. അപ്രതീക്ഷിതമായ ചിലകാരണങ്ങളാൽ പുതിയ സ്ഥലത്ത് കുടുങ്ങിപ്പോകാനുള്ള സാധ്യതയുമുണ്ട്. അത്തരം സാഹചര്യങ്ങളിൽ, ഭക്ഷണം ലഭ്യമായേക്കില്ല. ഈ സാഹചര്യങ്ങളിൽ, മുകളിൽ സൂചിപ്പിച്ച ഭക്ഷ്യവസ്തുക്കൾ വളരെ ഉപയോഗപ്രദമാകും.

സന്ദ൪ഭം : സനാതന്‍റെ വരാനിരിക്കുന്ന ഗ്രന്ഥ പരമ്പര – ‘പ്രതികൂല സമയങ്ങളെ അതിജീവിക്കാൻ ആവശ്യമായ മുൻകരുതലുകൾ’.

ഈ ശ്രേണിയിലെ അടുത്ത ലേഖനം വായിക്കാൻ – ഇവിടെ ക്ലിക്കു ചെയ്യുക !

ആപത്ത് കാലത്തെ എങ്ങനെ അതിജീവിക്കാം എന്നതിനെക്കുറിച്ച് സനാതൻ സംസ്ഥ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നു.

പ്രതികൂല സമയങ്ങളെ അതിജീവിക്കാൻ ആവശ്യമായ മുൻകരുതലുകൾ, ഭാഗം 4

(പകർപ്പവകാശം : സനാതൻ ഭാരതീയ സംസ്‌കൃതി സംസ്ഥ)