പ്രതികൂല സമയങ്ങളെ അതിജീവിക്കാൻ ആവശ്യമായ മുൻകരുതലുകൾ, ഭാഗം 10

പ്രതികൂല സമയങ്ങളെ എങ്ങനെ അതിജീവിക്കാം
എന്നതിനെക്കുറിച്ച് സനാതൻ സംസ്ഥ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു !

ഭാഗം 9 വായിക്കാൻ, ഇവിടെ ക്ലിക്കു ചെയ്യുക – പ്രതികൂല സമയങ്ങളെ അതിജീവിക്കാൻ ആവശ്യമായ മുൻകരുതലുകൾ, ഭാഗം 9

പരാത്പര ഗുരു ഡോ. ജയന്ത് ആഠവലെ,
ആപത്തുകാലത്ത് മാനവരാശിയുടെ അതിജീവനത്തിനു
വേണ്ടി കർമനിരതനായ ഒരേയൊരു ദീർഘദർശി !

പരാത്പര ഗുരു ഡോ. ജയന്ത് ആഠവലെ

 

2. വരാനിരിക്കുന്ന പ്രതികൂല സമയങ്ങളെ
നേരിടാനുള്ള കുടുംബപരമായ തയ്യാറെടുപ്പുകൾ

2 A. ഗൃഹവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ

2 A 1. കഴിയുന്നിടത്തോളം, പുതിയ വീടോ ഫ്ലാറ്റോ വാങ്ങാതിരിക്കുക; പകരം, നിലവിലുള്ള വീട്ടിലോ വാടക വീട്ടിലോ താമസം തുടരുക.

A. ഭൂകമ്പമോ മണ്ണിടിച്ചിലോ ഉണ്ടായാൽ വീടിന് കേടുപാടുകൾ സംഭവിക്കാം. തൽഫലമായി, പുതിയ വീട് വാങ്ങുന്നതിന് നിക്ഷേപിച്ച പണം പാഴായേക്കാം. അതിനാൽ, കഴിയുന്നിടത്തോളം, പുതിയ വീട് അല്ലെങ്കിൽ ഫ്ലാറ്റ് വാങ്ങുന്നത് ഒഴിവാക്കുക. ഇപ്പോഴത്തെ വീട്ടിലോ വാടക വീട്ടിലോ ഫ്ലാറ്റിലോ താമസിക്കുന്നത് തുടരുക.

B. അനിവാര്യമായ കാരണങ്ങളാൽ പുതിയ വീട് അല്ലെങ്കിൽ ഫ്ലാറ്റ് വാങ്ങേണ്ടി വന്നാൽ, താരതമ്യേന സുരക്ഷിതമായ പ്രദേശം തിരഞ്ഞെടുക്കുക.

C. ഫ്ലാറ്റ് വാങ്ങുന്നത് തികച്ചും ആവശ്യമാണെങ്കിൽ, മൂന്നാമത്തെ നിലയ്ക്കു  മുകളിലുള്ളത് വാങ്ങുന്നത് ഒഴിവാക്കുക. കാരണം ഒരു ഭൂകമ്പമുണ്ടായാൽ, മൂന്നാം നില വരെ ഉള്ളവരെ കുടിയൊഴിപ്പിക്കാൻ എളുപ്പമായിരിക്കും.

D. ആരുടെയെങ്കിലും ഫ്ലാറ്റ് മൂന്നാമത്തെ നിലയ്ക്ക് മുകളിലാണെങ്കിൽ, മറ്റെവിടെയെങ്കിലും അനുയോജ്യമായ ഫ്ലാറ്റ് വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുക.

2 A 2. നിലവിലെ വീടിന് അറ്റകുറ്റപ്പണികൾ ആവശ്യമാണെങ്കിലോ ചില അറ്റകുറ്റപ്പണികൾ അപൂർണ്ണമാണെങ്കിലോ, ഇപ്പോൾ തന്നെ അത് പൂർത്തിയാക്കുക.

നിലവിലെ വീടിന് അറ്റകുറ്റപ്പണികൾ ആവശ്യമുണ്ടെങ്കിലോ ചില ഘടനയ്ക്ക് കോട്ടം സംഭവിച്ചിട്ടുണ്ടെങ്കിലോ, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് മുതലായ പ്രകൃതി ദുരന്തങ്ങളിൽ ഈ വീട് തകർന്നേക്കാം. പ്രതികൂല സമയങ്ങളിൽ, അവ നന്നാക്കാൻ ബുദ്ധിമുട്ടായിരിക്കും. അതിനാൽ, ഇപ്പോൾ  തന്നെ വീട് നന്നാക്കുകയും ചെയ്യുന്നതാണ് ബുദ്ധി.

2 A 3. നിലവിലെ വീട്  വിപുലീകരിക്കുന്നതും ഭംഗിവരുത്തുന്നതും ഒഴിവാക്കുക.

ഭാവിയിൽ പ്രകൃതി ദുരന്തങ്ങൾ വളരെയധികം ഉണ്ടാകാൻ സാധ്യത ഉണ്ട്. അന്നേരം വീടിന് കേടുപാടുകൾ സംഭവിച്ചേക്കാം. അതിനാൽ വീടിന്‍റെ വിപുലീകരണത്തിനോ സൗന്ദര്യവൽക്കരണത്തിനോ വേണ്ടി ചിലവഴിച്ച പണം പാഴായി പോകും. അതിനാൽ, ഇക്കാര്യങ്ങൾ പ്രതികൂല സമയത്തിനു ശേഷം ചെയ്യുന്നതാണ് നല്ലത്.

2 A 4. ഗ്രാമത്തിൽ വീട് ഉണ്ടെങ്കിൽ, അത് വാസയോഗ്യമാക്കി വയ്ക്കുക.

വരും കാലങ്ങളിൽ, മൂന്നാം ലോകമഹായുദ്ധം, ഭീകരത മുതലായവ ഗ്രാമങ്ങളെക്കാൾ കൂടുതൽ നഗരങ്ങൾക്കാണ് ബാധിക്കുക. അതിനാൽ, ഗ്രാമത്തിൽ വീട് ഉള്ളവർ അത് വാസയോഗ്യമാക്കി വയ്ക്കുക.

2 A 5. നഗരങ്ങളിൽ താമസിക്കുന്നവരും ഗ്രാമത്തിൽ സ്ഥലമോ വീടോ ഇല്ലാത്തവരും, സാധ്യമെങ്കിൽ ഭാവിയിൽ താമസിക്കുന്നതിനായി ഒരു ഗ്രാമത്തിൽ സ്ഥലം വാങ്ങുന്നത് നല്ലതായിരിക്കും.
2 A 6. പഠനം, ജോലി മുതലായവയ്ക്കായി വിദേശത്തേക്ക് പോയിട്ടുള്ള കുടുംബാംഗങ്ങളെ സാധ്യമെങ്കിൽ ഭാരതത്തിലേക്ക് തിരികെ വിളിക്കുക

ഭാരതം ഒരു പുണ്യ ഭൂമിയാണ്. വിദേശ രാജ്യങ്ങളിൽ രജ-തമോഗുണം കൂടുതൽ പ്രബലം ആയതിനാൽ, വരാനിരിക്കുന്ന പ്രതികൂല സമയങ്ങളിൽ, വിദേശ രാജ്യങ്ങളിൽ ഭാരതത്തെക്കാൾ കൂടുതൽ നാശനഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ, ലോക മഹായുദ്ധം ആരംഭിച്ചു കഴിഞ്ഞാൽ സുരക്ഷിതമായി ഭാരതത്തിലേക്ക് മടങ്ങാനും പ്രയാസമായിരിക്കും.

2 A 7. പ്രായമായവർ അവരുടെ അനന്തരാവകാശികൾക്കിടയിൽ സ്വത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉളവെടുക്കാതിരിക്കാൻ  ‘വിൽപത്രം’ തയ്യാറാക്കി വയ്ക്കുക.

3. പ്രതികൂല സമയങ്ങളെ
നേരിടുന്നതിനിയി സാമ്പത്തിക തയ്യാറെടുപ്പുകൾ

3 A. വരുമാനത്തിൽനിന്നും ലഭിക്കുന്ന ധനവും സമ്പാദ്യവും
വളരെ മിതമായി മാത്രം ചിലവഴിക്കുക. എന്തുകൊണ്ട് എന്നു വച്ചാൽ…

1. പ്രതികൂല സമയങ്ങളിൽ ഉണ്ടാകുന്ന പണപ്പെരുപ്പം നേരിടാൻ

2. സാമൂഹിക പ്രതിബദ്ധതയായി വിപത്തിന് ഇരയായവർക്ക്  സാമ്പത്തിക സഹായം നൽകാൻ.

3. പ്രതികൂല സമയങ്ങളിൽ രാഷ്ട്രരക്ഷയ്ക്കായി ധനം സംഭാവന ചെയ്ത് രാഷ്ട്രത്തോടുള്ള കർത്തവ്യം നിർവഹിക്കാൻ

രണ്ടാം ലോക മഹായുദ്ധ സമയത്ത് പലരും നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ ‘ആസാദ് ഹിന്ദ് സേന’യ്ക്കായി പണം, ആഭരണങ്ങൾ തുടങ്ങിയവ സംഭാവന ചെയ്തിരുന്നു. പ്രതികൂല സമയങ്ങളിൽ രാഷ്ട്രത്തിന് കടുത്ത സാമ്പത്തിക പ്രതിസന്ധികൾ നേരിടേണ്ടി വരും (യുദ്ധോപകരണങ്ങളുടെ ഉത്പാദനം പോലുള്ളവ അന്നേരം വളരെ അത്യാവശ്യമായിരിക്കും). അത്തരം സാഹചര്യങ്ങളിൽ, രാഷ്ട്രത്തിനായി സംഭാവന ചെയ്യുന്നത് രാഷ്ട്ര ധർമ്മത്തിന്‍റെ ഭാഗമാണ്.

3 A 1. പണം നിക്ഷേപിക്കുമ്പോൾ, താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക

ഇന്ന് നിരവധി ബാങ്ക് അഴിമതികൾ പുറത്തു വരുന്നു. അതുകൊണ്ട് നിങ്ങളുടെ പണം സുരക്ഷിതമായി സൂക്ഷിക്കുന്നതിന്, ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. ‘എല്ലാ മുട്ടകളും ഒരേ കൊട്ടയിൽ തന്നെ ഇടരുത്’ എന്ന ചൊല്ല് പ്രകാരം മുഴുവൻ പണവും ഒരു ബാങ്കിൽ തന്നെ നിക്ഷേപിക്കാതെ വിവിധ ബാങ്കുകളിൽ നിക്ഷേപിക്കുക.

3 A 2. ബാങ്കുകളുമായി ബന്ധപ്പെട്ട ഇടപാടുകൾ

3 A 2 A. നിങ്ങളുടെ പണം വിവിധ ദേശസാൽകൃത ബാങ്കുകളിൽ നിക്ഷേപിക്കുക

1. ദേശസാൽകൃത ബാങ്കുകളെ നിയന്ത്രിക്കുന്നത് റിസർവ് ബാങ്ക് ആണ്. അതിനാൽ, ബാങ്ക് തകർന്നു പോയാലും നിങ്ങളുടെ പണം നഷ്‌ടപ്പെടാനുള്ള സാധ്യതയില്ല.  നിങ്ങളുടെ ഇടപാടുകളിൽ ചില നിയന്ത്രണങ്ങളുണ്ടാകും,  ഉദാഹരണത്തിന്, എടുക്കുന്ന തുകയുടെ നിയന്ത്രണം. നേരെ മറിച്ച്, സ്വകാര്യ അല്ലെങ്കിൽ സഹകരണ ബാങ്കുകൾ റിസർവ് ബാങ്കിന്‍റെ മേൽനോട്ടത്തിലല്ല; അതിനാൽ, അത്തരമൊരു ബാങ്ക് തകർന്നു പോയാൽ, നിക്ഷേപം തിരികെ ലഭിക്കാനുള്ള സാധ്യത വളരെ കുറവായിരിക്കും.

2. ഏതെങ്കിലും ബാങ്ക് പതനത്തിന്‍റെ വക്കിലാണെങ്കിൽ, ആ ബാങ്കിലെ നിങ്ങളുടെ സമ്പാദ്യം നഷ്ടപ്പെടാതിരിക്കാൻ, നിങ്ങളുടെ പ്രദേശത്തെ വിവിധ ദേശസാൽകൃത ബാങ്കുകളിലേക്ക് ഈ പണം മാറ്റുക. ദേശസാൽകൃത ബാങ്കുകളിൽ 5 ലക്ഷം രൂപ വരെ നിക്ഷേപണം നടത്തുന്നതിന് ഇൻഷുറൻസ് വ്യവസ്ഥയുണ്ട്. ദേശസാൽകൃത ബാങ്കിൽ നാം പരമാവധി 5 ലക്ഷം രൂപ വരെ നിക്ഷേപിക്കുക.

3 B. ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങൾ

1. എല്ലാ ബാങ്ക് അക്കൗണ്ടുകള്‍ക്കും നോമിനി വയ്ക്കുക.

2. ബാങ്കിൽ പണം നിക്ഷേപിക്കുക, പണം എടുക്കുക തുടങ്ങിയ ഇടപാടുകളെക്കുറിച്ച് നിങ്ങളുടെ കുടുംബാംഗങ്ങളെയും പഠിപ്പിക്കുക.

3 B 1. സ്വർണം, വെള്ളി മുതലായ വസ്തുക്കളിൽ പണം നിക്ഷേപിക്കുക

പ്രതികൂല സമയങ്ങളിൽ, ബാങ്കിൽ നിന്ന് പണം എടുക്കുന്നതിന് പരിമിതികളുണ്ടാകാം; എന്നാൽ സ്വർണ്ണം, വെള്ളി മുതലായവയുടെ ആഭരണങ്ങൾ ചില സമയങ്ങളിൽ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ ഉപയോഗിക്കാം.

സ്വർണ്ണത്തിലോ വെള്ളിയിലോ നിക്ഷേപിക്കാൻ താൽപര്യം ഉണ്ടെങ്കിൽ, ആഭരണങ്ങൾക്ക് പകരം, ശുദ്ധമായ സ്വർണ്ണ കമ്പികളോ നാണയങ്ങളോ വാങ്ങി വയ്ക്കുക. അതിലൂടെ പണിക്കൂലി നമുക്ക്‌ ലാഭിക്കാൻ സാധിക്കും.

3 B 2. വീടിനായി കിണർ കുഴിക്കുക, സൗരോർജ്ജ പാനലുകൾ സ്ഥാപിക്കുക തുടങ്ങിയവയും നിക്ഷേപമാണ്.
3 B 3. സ്ഥലത്തിന്മേൽ നിക്ഷേപിക്കുക

പ്രാപ്തി ഉള്ളവർ കൃഷി ചെയ്യാവുന്ന ഭൂമി വാങ്ങുക. അഥവാ ഒറ്റയ്ക്ക് വാങ്ങാൻ സാധിക്കില്ലെങ്കിൽ, കുറച്ചു പേർ ചേർന്ന് ഭൂമി വാങ്ങുക. ഇന്നല്ലെങ്കിൽ പിന്നീട് എങ്കിലും നിങ്ങൾക്ക് തീർച്ചയായും ഭൂമിയിൽ നിന്ന് വരുമാനം ലഭിക്കും.

3 B 4. ഓഹരികളിൽ നിക്ഷേപം നടത്തിയവർ ഉടൻ തന്നെ മറ്റു വഴികൾ കണ്ടെത്തണം

നിങ്ങൾ ഈ ഓഹരികൾ വിൽക്കുമ്പോൾ, നിങ്ങൾക്ക് ലഭിക്കുന്ന തുക, വിൽപ്പന വിലയ്ക്കനുസരിച്ച് ആയിരിക്കും. ഈ തുക വാങ്ങുമ്പോൾ നിങ്ങൾ നൽകിയ തുകയേക്കാൾ കൂടുതലോ കുറവോ ആകാം. ഓഹരികളിലെ നിക്ഷേപത്തിന് സർക്കാരിന്‍റെ നിയന്ത്രണമോ ഇൻഷുറൻസ് പരിരക്ഷയോ ഇല്ല. ചുരുക്കത്തിൽ, ഓഹരികളിലെ പണം തിരിച്ചു കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ല. അതിനാൽ, ഓഹരികളിൽ നിക്ഷേപം നടത്തിയവർ ഉടൻ തന്നെ വേറെ മാർഗങ്ങൾ കണ്ടെത്തണം.

3 C. മറ്റ് നിർദ്ദേശങ്ങൾ

പ്രതികൂല സമയങ്ങളിൽ സംഭവിക്കുന്ന വീലകയറ്റവും, കുടുംബാംഗങ്ങളുടെ എണ്ണവും കണക്കിലെടുത്ത്, കുറച്ച് വർഷത്തേക്ക് ആവശ്യമായ പണം വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കുക.

 

4. സമൂഹത്തോടുള്ള കർത്തവ്യം
കണക്കിലെടുത്ത് ചെയ്യേണ്ട തയ്യാറെടുപ്പുകൾ

4 A. ഭവന സമാജം, ചേരികളിൽ താമസിക്കുന്നവർ,
ഗ്രാമവാസികൾ തുടങ്ങിയവർ കൂട്ടായി അടിയന്തര തയ്യാറെടുപ്പ്
എടുത്താൽ എല്ലാവർക്കും അത് പ്രയോജനകരമാകും

സാമൂഹിക ജീവിതത്തിൽ സഹകരണത്തിന്‍റെ പ്രാധാന്യം എന്തെന്നാൽ ഇത് എല്ലാവർക്കും ഏതെങ്കിലും തരത്തിൽ സഹായകരമാകും.

കിണർ കുഴിക്കുക, സോളാർ പാനൽ സ്ഥാപിക്കുക, കാറ്റാടി സ്ഥാപിക്കുക, ബയോ ഗ്യാസ് പ്ലാന്റ് നിർമിക്കുക തുടങ്ങിയവ വ്യക്തിഗത തലത്തിൽ വളരെ ചിലവേറിയതാണ്. അവ കൂട്ടായി ഏറ്റെടുക്കുക ആണെങ്കിൽ, ഓരോ വ്യക്തിക്കും ചിലവ് കുറവായിരിക്കും. പ്രതികൂല സമയത്തിനുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമായി, ഭക്ഷ്യധാന്യങ്ങളും മറ്റ് നിത്യോപയോഗ വസ്തുക്കളും വളരെയധികം വാങ്ങേണ്ടിവരും. ആ പ്രദേശത്തെ ജനങ്ങളുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് മൊത്ത കച്ചവടക്കാരിൽ നിന്ന് ഒരുമിച്ച് വാങ്ങുന്നത് വിലകുറഞ്ഞതായിരിക്കും. കൂട്ടായി അടിയന്തര തയ്യാറെടുപ്പ് ചെയ്താൽ മനുഷ്യബലവും സമയവും ലാഭിക്കും. കൂടാതെ, ഇങ്ങനെ ചെയ്താൽ സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കും സഹായമാകും.

4 B. ആവശ്യപ്പെട്ടവരെ സഹായിക്കാൻ അധികമായി വാങ്ങി വയ്ക്കുക

സംസ്‌കൃതത്തിൽ ഒരു പഴഞ്ചൊല്ലാണ് – ‘വസുധൈവ് കുടുംബകം (ലോകമേ തറവാട്)’.

ഇതാണ് ഭാരതീയ സംസ്കാരത്തിന്‍റെ പ്രത്യേകത. പ്രതികൂല സമയങ്ങൾക്കായി ഉപയോഗപ്രദമായ വസ്തുക്കൾ വാങ്ങുമ്പോൾ, നിങ്ങൾക്ക് സാധിക്കുമെങ്കിൽ, ആവശ്യക്കാരെ സഹായിക്കാൻ അധിക ഭക്ഷ്യധാന്യങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ വാങ്ങി വയ്ക്കുക. ഇന്ത്യ-പാക് യുദ്ധകാലത്ത് ചില ഇന്ത്യൻ പൗരന്മാർ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ ഇന്ത്യൻ സൈനികർക്ക് സ്വമേധയാ ചായയും ലഘുഭക്ഷണവും നൽകിയിരുന്നു. 2020 ൽ കൊറോണ മഹാമാരി വ്യാപിച്ചതിനെത്തുടർന്ന് രാജ്യത്തുടനീളം പെട്ടെന്നുള്ള ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. തൽഫലമായി, നിരവധി തൊഴിലാളികൾ, ട്രക്ക് ഡ്രൈവർമാർ തുടങ്ങിയവർ വിവിധ പ്രദേശങ്ങളിൽ കുടുങ്ങി. അന്നേരം, പല പൗരന്മാരും സ്വന്തം പണം ചിലവഴിച്ച് ഇവർക്ക് ഭക്ഷണം എത്തിക്കാൻ ശ്രമിച്ചു. ഹിന്ദു ജനജാഗ്രതി സമിതി പോലുള്ള സംഘടനകൾ ആവശ്യക്കാർക്ക് പഴങ്ങൾ പാനീയങ്ങൾ തുടങ്ങിയവ വിതരണം ചെയ്തു. നിരവധി ജീവകാരുണ്യ പ്രവർത്തകരും സാമൂഹിക സംഘടനകളും സ്ഥാപനങ്ങളും സർക്കാരിന്‍റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.

4 C. മറ്റുള്ളവരെ സഹായിക്കാൻ താങ്കൾക്ക് കഴിയുന്നില്ലെങ്കിൽ,
അവനവന്‍റെ ആവശ്യങ്ങൾക്ക് മതിയായത്രയെങ്കിലും വാങ്ങി വയ്ക്കുക

പ്രതികൂല സമയങ്ങൾ ആരംഭിക്കുന്നതിനു മുമ്പ്, നമുക്ക് നമ്മുടെ കുടുംബത്തിനായി പലവ്യഞ്ജനങ്ങൾ, വസ്ത്രങ്ങൾ, മരുന്നുകൾ തുടങ്ങിയവ വാങ്ങേണ്ടിവരും. എല്ലാവരും അധികമായി സംഭരിക്കുകയാണെങ്കിൽ, ഈ വസ്തുക്കളുടെ ക്ഷാമം ഉണ്ടാകും. ‘എനിക്ക് ലഭിച്ചതെല്ലാം സമൂഹത്തിലെ മറ്റുള്ളവർക്കും ലഭ്യമായിരിക്കണം’ എന്ന ചിന്ത ഉണ്ടായിരിക്കണം. അതിനാൽ, നിങ്ങളുടെ ആവശ്യങ്ങൾക്ക് മതിയായത്ര മാത്രം വാങ്ങുക.

4 D. ആവശ്യപ്പെട്ടവരെ സഹായിക്കാൻ
നിങ്ങളുടെ അറിവ് ഉപയോഗിക്കുക

ആയുർവേദ വൈദ്യന്മാർ, കൃഷിക്കാർ, ഭക്ഷ്യധാന്യ വ്യാപാരികൾ തുടങ്ങിയവർക്ക് അവരുടെ മേഖലയുടെ വിവിധ വശങ്ങളെക്കുറിച്ച് നല്ല അറിവുണ്ടാകും. ആവശ്യപ്പെട്ടവരെ സഹായിക്കാൻ അവർക്ക് ഈ അറിവ് ഉപയോഗിക്കാൻ കഴിയും; ഉദാഹരണത്തിന് ഔഷധ സസ്യങ്ങൾ നട്ടുവളർത്തുന്നതിനെക്കുറിച്ച്‌ വൈദ്യന്മാർക്കും, ഫലവൃക്ഷങ്ങൾ, പച്ചക്കറികൾ മുതലായവ കൃഷി ചെയ്യുന്ന കൃഷിക്കാർക്കും, ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുന്നതിനുമുള്ള അറിവുകൾ വ്യാപാരികൾക്കും മറ്റുള്ളവരെ പഠിപ്പിക്കാൻ സാധിക്കും.

 

5. മറ്റ് തയ്യാറെടുപ്പുകളും മുൻകരുതലുകളും

5 A. വീട്ടിലെ അനാവശ്യ വസ്തുക്കൾ ഒഴിവാക്കുക

പ്രതികൂല സമയത്തിനുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമായി നമുക്ക് പലതും സംഭരിച്ച് വയ്ക്കേണ്ടി വരും. നമ്മുടെ നിസ്സഹായരായ ബന്ധുക്കൾക്കോ സമൂഹത്തിലെ ആളുകൾക്കോ നമ്മുടെ വീട്ടിൽ അഭയം നൽകേണ്ടി വരും. അതിനാൽ, വീട്ടിലെ ആവശ്യമില്ലാത്ത വസ്തുക്കള്‍ ഒഴിവാക്കാൻ ശ്രമിക്കുക. ഇത് കൊണ്ട് വീട്ടിൽ കൂടുതൽ സ്ഥലം കിട്ടുകയും ആ വസ്തുക്കളോടുള്ള നമ്മുടെ ആസക്തി കുറയുകയും ചെയ്യും.

5 B. മൊബൈലുകളെക്കുറിച്ചുള്ള തയ്യാറെടുപ്പ്

1. രണ്ടു സിം കാർഡുകൾ ഇടാൻ പറ്റിയ മൊബൈൽ ഫോണുകൾ : ഇതിന്‍റെ പ്രയോജനം എന്തെന്നാല്‍ കുറഞ്ഞത് ഒന്നിനെങ്കിലും പരിധി ഉണ്ടായിരിക്കും.

2. സാധ്യമെങ്കിൽ രണ്ട് മൊബൈലുകൾ ഉപയോഗിക്കുക : ഒരു മൊബൈലിന്‍റെ ബാറ്ററി തീർന്നുപോയാൽ, രണ്ടാമത്തെ മൊബൈൽ ഉപയോഗിക്കാൻ കഴിയും.

3. സാധ്യമെങ്കിൽ നിങ്ങളുടെ മൊബൈൽ ചാർജ് ചെയ്യുന്നതിന് ഒരു പവർ ബാങ്ക് വാങ്ങി വയ്ക്കുക.

5 C. ബന്ധുക്കൾ, കുടുംബ ഡോക്ടർ, പോലീസ് സ്റ്റേഷൻ,
അഗ്നിശമന സേന  മുതലായ പ്രധാന ആളുകളുടെ മൊബൈൽ നമ്പറുകളും
വിലാസങ്ങളും മൊബൈലിലോ ഒരു ചെറിയ ഡയറിയിലോ കുറിച്ച് വയ്ക്കുക

മൊബൈലിൽ ചാർജ്ജ് ഇല്ലെങ്കിൽ, പ്രതികൂല സമയങ്ങളിൽ അത് ഉപയോഗശൂന്യമാകും; അതിനാൽ, മുകളിൽ പറഞ്ഞ നമ്പറുകള്‍ ഒരു ചെറിയ ഡയറിയിൽ കുറിച്ച് വയ്ക്കുന്നത് നല്ലതായിരിക്കും. ഈ ഡയറി നഷ്ടപ്പെടുത്താതെ എപ്പോഴും കൈയിൽ സൂക്ഷിക്കുക. മറ്റൊരാളുടെ മൊബൈൽ അല്ലെങ്കിൽ ടെലിഫോൺ ഉപയോഗിച്ച് ആരെയെങ്കിലും ബന്ധപ്പെടാൻ നമുക്ക് സാധിക്കും. വളരെ പ്രധാനപ്പെട്ട ചില നമ്പറുകൾ കാണാപ്പാഠം പഠിച്ച് ഓർത്തു വയ്ക്കുക.

5 D. പ്രധാനപ്പെട്ട രേഖകളെക്കുറിച്ച് എടുക്കേണ്ട മുൻകരുതലുകൾ

പ്രധാന രേഖകളായ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്-ബുക്ക് എന്നിവ പ്രതികൂല സമയങ്ങളിൽ നഷ്ടപ്പെട്ടേക്കാം. അതിനാൽ, ഈ പ്രമാണങ്ങളുടെ പകർപ്പുകൾ മറ്റെവിടെയെങ്കിലും സൂക്ഷിക്കുക (ഉദാഹരണത്തിന്, ബന്ധുവിന്‍റെ വീട്ടിൽ). ഇവയുടെ ഫോട്ടോ നിങ്ങളുടെ മൊബൈലിലും ഇ-മെയിൽ ഡ്രൈവിലും പെൻഡ്രൈവിലും സൂക്ഷിച്ചു വയ്ക്കുക.

5 E. നിങ്ങളുടെയും ഓഫീസിലെയും കമ്പ്യൂട്ടറുകളിലെ
പ്രധാനപ്പെട്ട ഡാറ്റയുടെ ബാക്കപ്പ് മറ്റെവിടെയെങ്കിലും
ഉള്ള കമ്പ്യൂട്ടറിലും കൂടി സൂക്ഷിച്ചു വയ്ക്കുക

പ്രതികൂല സമയങ്ങളിൽ നമ്മുടെ വീടിനോ ഓഫീസിനോ കേടുപാടുകൾ സംഭവിക്കുകയാണെങ്കിൽ, മറ്റ് എവിടെയെങ്കിലും ഉള്ള കമ്പ്യൂട്ടറുകളിൽ സൂക്ഷിച്ച ഡാറ്റ വീണ്ടെടുക്കാൻ കഴിയും. ഡാറ്റ മറ്റെവിടെയെങ്കിലും കൈമാറുന്നതിന് മുമ്പ് ഓഫീസിലെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്ന് അനുവാദം വാങ്ങുക. സംഭവിക്കാവുന്ന കാര്യങ്ങളെക്കുറിച്ച് അവരോട് സംസാരിച്ച് മറ്റെവിടെയെങ്കിലും ഡാറ്റയുടെ ബാക്കപ്പ് എടുത്തു വെയ്ക്കുവാൻ പറയുക.

5 F. പ്രതികൂല സമയങ്ങളിൽ ഉപയോഗപ്രദമാകുന്ന ചില
കഴിവുകൾ ഇപ്പോൾ തന്നെ പഠിക്കുകയും പരിശീലിക്കുകയും ചെയ്യുക

പാചകം ചെയ്യാൻ അറിയാത്തവർ ലളിതമായ ഭക്ഷണം പാചകം ചെയ്യാനെങ്കിലും പഠിക്കണം. (ഉദാഹരണത്തിന്, ചോറ്, കൂട്ടാൻ, ഉപ്പുമാവ്, മുതലായവ). മുടി വെട്ടൽ, നീന്തൽ, തുന്നൽ, വാഹനം ഓടിക്കൽ തുടങ്ങിയ കഴിവുകളും ഗുണം ചെയ്യും.

5 G. വീടിന്‍റെ സംരക്ഷണത്തിനായി ഒരു നായയെ വളർത്തുക

കള്ളന്മാർ, കലാപകാരികൾ മുതലായവരിൽ നിന്ന് വീടിനെ സംരക്ഷിക്കാൻ ഒരു നായയെ വളർത്തുക. ‘നായ പരിപാലനം’, ‘നായ ചികിത്സ’ എന്നിവയെക്കുറിച്ചും പഠിക്കുക.

സന്ദര്‍ഭം : ‘പ്രതികൂല സമയങ്ങളെ അതിജീവിക്കാൻ ആവശ്യമായ മുൻകരുതലുകൾ’ എന്ന സനാതൻ സംസ്ഥയുടെ വരാൻ പോകുന്ന ഗ്രന്ഥം

(പകർപ്പവകാശം : സനാതൻ ഭാരതീയ സംസ്‌കൃതി സംസ്ഥ)