മൂന്നാം പ്രഭാഷണം : നാമജപം കൊണ്ടുള്ള ഗുണങ്ങളും സത്സംഗത്തിന്‍റെ മഹത്ത്വവും

നാം എല്ലാവരും ആനന്ദപ്രാപ്തിക്കായി അധ്വാനിക്കുന്നുവെങ്കിലും നിലവിൽ എല്ലാവരുടെയും ജീവിതം സംഘർഷവും സമ്മർദവും നിറഞ്ഞതാണ്. സമ്മർദമില്ലാത്തതും ആനന്ദപൂരിതവുമായ ജീവിതം വേണമെങ്കിൽ അധ്യാത്മം പ്രാവർത്തികമാക്കണം, സാധന ചെയ്യണം. ഈ പശ്ചാത്തലത്തിൽ സാധനയുമായി ബന്ധപ്പെട്ട മാർഗദർശനത്തിനായി സനാതൻ സംസ്ഥ പ്രഭാഷണ പരമ്പര ആരംഭിച്ചു. ഈ പരമ്പരയിലെ മൂന്നാം പ്രഭാഷണത്തിൽ നമുക്ക് ’നാമജപം കൊണ്ടുള്ള ഗുണങ്ങളും സത്സംഗത്തിന്‍റെ മഹത്ത്വവും’ എന്ന വിഷയത്തെക്കുറിച്ച് മനസ്സിലാക്കാം.

1. ബുദ്ധിയുടെ ഘടകങ്ങൾ (I.Q.), വൈകാരിക
ഘടകങ്ങൾ (E.Q.) എന്നിവയോടൊപ്പം ആധ്യാത്മിക
ഘടകങ്ങൾക്കും (S.Q.) പ്രാധാന്യം നല്‍കണം

 

നാമജപവും സാധനയും കേവലം ആധ്യാത്മിക ഉന്നതിക്കായോ മനഃസമാധാനത്തിനു വേണ്ടിയോ മാത്രമല്ല ചേയ്യേണ്ടത്. നമ്മുടെ ലൌകിക ജീവിതത്തിന്‍റെ നിലവാരം ഉയർത്തണമെങ്കിലും സാധന അനിവാര്യമാണ്. സാധന ചെയ്യുന്ന വ്യക്തിയുടെ സ്വഭാവം ആദർശമാകും. ഇന്ന് പല മൾട്ടിനാഷനൽ കമ്പനികളും ബുദ്ധിയുടെ ഘടകങ്ങൾ (Intelligence Quotient – I.Q.), വൈകാരിക ഘടകങ്ങൾ (Emotional Quotient – E.Q.) എന്നിവയോടൊപ്പം ആധ്യാത്മിക ഘടകങ്ങൾക്കും (Spiritual Quotient S.Q.) പ്രാധാന്യം നൽകുന്നു. ചുരുക്കത്തിൽ, ലോകം മുഴുവനും ഇന്ന് അധ്യാത്മത്തിന് ഇത്രയധികം മഹത്ത്വം നൽകുന്നുണ്ടെങ്കിൽ നമ്മളും അതിനെക്കുറിച്ച് ചിന്തിക്കണം.

 

2. അധ്യാത്മം പ്രവർത്തിയുടെ ശാസ്ത്രമാണ് !

’ഓൺലൈൻ പ്രഭാഷണ പരമ്പര’യിലൂടെ നാം അധ്യാത്മം പഠിപ്പിക്കുന്നു. അധ്യാത്മത്തിൽ താത്ത്വികമായ കാര്യങ്ങൾക്ക് വെറും 2 ശമതാനം മാത്രമേ മഹത്ത്വമുള്ളൂ. എന്നാൽ പഠിച്ച കാര്യങ്ങളെ പ്രവർത്തിയിലാക്കുന്നതിനാണ് 98% മഹത്ത്വം. ഇതിനെക്കുറിച്ച് ഒരു പൌരാണിക കഥയുണ്ട്.

ഒരിക്കൽ ഒരു വിദ്വാന്‍ തോണിയിൽ യാത്ര ചെയ്യുകയായിരുന്നു. തോണിയിൽ വിദ്വാനും തോണിക്കാരനും മാത്രമാണ് ഉണ്ടായിരുന്നത്. സംസാരിച്ചുകൊണ്ടിരിക്കെ വിദ്വാന്‍ പല ഗ്രന്ഥങ്ങളെക്കുറിച്ചും തോണിക്കാരനോടു പറയുകയും അവയെല്ലാം വായിച്ചിട്ടുണ്ടോ എന്നു ചോദിക്കുകയും ചെയ്തു. തോണിക്കാരൻ ഇല്ല എന്ന ഉത്തരം നൽകിയപ്പോൾ എങ്കിൽ നിന്‍റെ ജീവിതം വ്യർഥമായി, എന്നു വിദ്വാന്‍ പറഞ്ഞു. ഈ സംഭാഷണം നടന്നുകൊണ്ടിരിക്കെ തോണിയിലുണ്ടായിരുന്ന ഒരു ദ്വാരത്തിലൂടെ വെള്ളം അകത്തേക്കു കയറാൻ തുടങ്ങി. ഇതു കണ്ട തോണിക്കാരൻ വിദ്വാനോട്, തോണി മുങ്ങാൻ പോകുകയാണ്, താങ്കൾക്ക് നീന്താൻ അറിയാമോ?, എന്ന് ചോദിച്ചു. അപ്പോൾ വിദ്വാന്‍ പറഞ്ഞു, ഞാൻ നീന്തലിനെപ്പറ്റിയുള്ള പുസ്തകങ്ങൾ ഏറെ വായിച്ചിട്ടുണ്ട്. അതു സംബന്ധിച്ച വിവരങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്, എന്നാൽ എനിക്കു നീന്താനറിയില്ല. നീന്തൽ അറിയുന്നതുകൊണ്ട് തോണിക്കാരൻ അക്കര കടന്നു. വിദ്വാന്‍ മുങ്ങി മരിച്ചു. വിദ്വാന്‍റെ പുസ്തകജ്ഞാനം കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായില്ല. അതുപോലെ ഈ ഭവസാഗരത്തിൽ നമ്മുടെ ജീവിതമാകുന്ന തോണിയെ ആനന്ദത്തോടെ അക്കരെ കടത്തുന്നതിനായി കേവലം ശബ്ദജന്യമായ വിവരങ്ങൾ മാത്രം മനസ്സിലാക്കാതെ സാധന ചെയ്ത് ആധ്യാത്മിക ജീവിതം നയിക്കേണ്ടതാണ്.

3. നാമജപം കൊണ്ടുള്ള ഗുണങ്ങൾ

3 A. നിബന്ധനങ്ങളില്ലാത്ത നാമജപസാധന

നാമജപത്തിന്‍റെ ഏറ്റവും വലിയ ഗുണം എന്തെന്നാൽ സ്ഥലം-കാലം-സമയം, ശുദ്ധി-അശുദ്ധി എന്നിങ്ങനെയുള്ള ഒരു നിബന്ധനകളും ഇതിനില്ല. കർമകാണ്ഡത്തിലെ നിയമങ്ങൾ ഇതിന് ബാധകമല്ല. നാമജപം കേവലം ഈശ്വര സ്മരണയാണ്. ഇത് ഭക്തിയോഗത്തിലെ ഉപാസനാകാണ്ഡത്തിലെ സാധനയാണ്.

3 B. നാമജപം ചെയ്യുമ്പോൾ പ്രാരബ്ധം സഹ്യമായി മാറുന്നു

നാമജപ സാധന കാരണം പ്രാരബ്ധം (വിധി) സഹ്യമാകുന്നു. അതിന്‍റെ തീവ്രത കുറയുന്നു.

3 C. മനസ്സിന്‍റെ ഏകാഗ്രത വർധിക്കുന്നു,
ദേവതകൾ പ്രസന്നരാകുന്നു

നാമജപത്തിലൂടെ ദേവത പ്രസന്നമാകുന്നു. മനസ്സിന്‍റെ ഏകാഗ്രത വർധിക്കുന്നു. അതിനാൽ വിദ്യാർഥികൾ പഠിക്കാൻ ഇരിക്കുന്നതിനു മുമ്പ് കുറച്ചു നേരം ജപിക്കണം.

3 D. നാമജപം ചെയ്താൽ സദ്ഗുരുപ്രാപ്തി ഉണ്ടാകുന്നു

നമ്മുടെ ആത്മീയ ഉന്നതിക്കായി ഗുരുകൃപ ആവശ്യമാണ്. ചിലർ സ്വയമായി ’ഗുരുവിനെ സ്വീകരിക്കുന്നു’; അതായത് ഇന്ന വ്യക്തിയോ സ്വാമിയോ എന്‍റെ ഗുരുവാണ് എന്ന് സ്വയം തീരുമാനിക്കുന്നു. ഇങ്ങനെ സ്വയം തീരുമാനിക്കുന്നതിന് ഒരർഥവുമില്ല. ആത്മീയത്തിൽ നാം സ്വയം ഗുരുവിനെ തിരഞ്ഞെടുക്കേണ്ടതല്ല, മറിച്ച് ഗുരു നമ്മളെ ശിഷ്യരായി സ്വീകരിക്കണം. നാമജപം കൊണ്ടുള്ള ഒരു പ്രധാന ഗുണം എന്തെന്നാൽ സദ്ഗുരുവിന്‍റെ പ്രാപ്തിയുണ്ടാകുന്നു.

3 E. നാമജപം കാരണം ആത്മീയ ഉന്നതിയാകുന്നു

ഈശ്വരപ്രാപ്തിക്ക് പല മാർഗങ്ങളുമുണ്ട്. ’എത്ര വ്യക്തികളുണ്ടോ അത്ര പ്രകൃതിയും അത്ര തന്നെ സാധനാമാർഗങ്ങളുമുണ്ട്.’ എന്നത് അധ്യാത്മത്തിലെ ഒരു തത്ത്വമാണ്. സാധന ചെയ്യുമ്പോൾ പലർക്ക് വിവിധ നിറങ്ങൾ കാണുക, പ്രകാശം കാണുക, നാദം കേൾക്കുക മുതലായ അനുഭൂതികൾ ഉണ്ടാകുന്നു. പലരും ഈ അനുഭൂതികളിൽ തന്നെ സന്തുഷ്ടരായി ആ പടിയിൽ തങ്ങി നിൽക്കുകയും സാധനയുടെ മുമ്പോട്ടുള്ള പടിയിലേക്കു പോകാൻ ശമ്രിക്കാതിരിക്കുകയും ചെയ്യുന്നു. എന്നാൽ നാമജപം കാരണം അനുഭൂതികളിൽ തൃപ്തരാകാതെ ഈശ്വരപ്രാപ്തി ആകുന്നതു വരെ സാധകൻ പ്രയത്നിച്ചുകൊണ്ടിരിക്കുന്നു.

3 F. അവസാന നിമിഷം ഭഗവാന്‍റെ
നാമം നാവിൽ ഉണ്ടെങ്കിൽ സദ്ഗതി ലഭിക്കുന്നു

അവസാന നിമിഷം ഭഗവാന്‍റെ നാമം മനസ്സിൽ ഉണ്ടെങ്കിൽ സദ്ഗതി ലഭിക്കും എന്നു പറയുന്നു. പക്ഷേ ജീവിതകാലം മുഴുവനും നാമജപം ചെയ്തില്ലെങ്കിൽ അവസാന നിമിഷം ഭഗവാന്‍റെ നാമം എങ്ങനെ ഓർമ വരും. മരിക്കുന്ന സമയത്ത് നാവിൽ ഭഗവദ് നാമം വരണമെങ്കിൽ ജീവിതകാലം മുഴുവനും നാമജപം ചെയ്യണം.

3 G. നാമജപം കർമത്തെ അകർമമാക്കുന്നു

കഴിഞ്ഞ പ്രഭാഷണത്തിൽ നാം കർമഫലസിദ്ധാന്തത്തെക്കുറിച്ച് മനസ്സിലാക്കി. നന്മയ്ക്ക് പുണ്യഫലവും എന്നാൽ തിന്മ ചെയ്താൽ പാപവും അനുഭവിക്കേണ്ടി വരും. ആത്മീയ ഉന്നതിക്ക് പാപ-പുണ്യത്തിനും അതീതം പോകണം. പാപ-പുണ്യത്തിനതീതം എന്നാ കർമങ്ങൾ അകർമം ആക്കണം. നാം ചെയ്യുന്ന കർമം അകർമ കർമം ആകണമെങ്കിൽ അത് ചെയ്യുമ്പോൾ നാമം ജപിക്കണം. നാമം ജപിക്കുമ്പോൾ അറിയാതെ ചെയ്യുന്ന പാപങ്ങളുടെ ഫലവും ഇല്ലാതാകുന്നു.
’ഭഗവാന്‍റെ നാമത്തിന് അനന്ത കോടി പാപങ്ങളെ നശിപ്പിക്കുവാനുള്ള കഴിവുണ്ട്. നാമജപത്തിന് നശിപ്പിക്കുവാൻ പറ്റാത്ത പാപമില്ല’, എന്ന വചനമുണ്ട്. ഈ ദൃഢ വിശ്വാസത്തോടു കൂടി നാം ജപിച്ചാൽ ഭഗവാൻ നമ്മുടെ ഉദ്ധരണം ചെയ്യുകയില്ലേ?

3 H. നാമജപം ചെയ്യുന്നത് നമ്മുടെ കർത്തവ്യം കൂടിയാണ്

സനാതൻ സംസ്ഥയുടെ പ്രചോദനസ്രോതസ്സും മഹാനായ സത്പുരുഷനുമായ പരമ പൂജനീയ ഭക്തരാജ് മഹാരാജ് നാമജപത്തിന്‍റെ മഹത്ത്വത്തെക്കുറിച്ച് അരുൾ ചെയ്ത വാക്കുകൾ ഇപ്രകാരമാണ് – നാമജപം നമ്മുടെ കർത്തവ്യമാണ്. നമ്മളെ സൃഷ്ടിച്ച ഈശ്വരന്‍റെ കടം വീട്ടണമെങ്കിൽ ഓരോ ശ്വാസത്തിനോടൊപ്പം നാമം ജപിക്കണം.

 

4. നാമജപം ഏതു രീതിയിലാണ് ഫലിക്കുന്നത് ?

നാം ജപത്തിന്‍റെ ഗുണങ്ങൾ മനസ്സിലാക്കി. ഇനി നമുക്ക് നാമജപം എങ്ങനെയാണ് ഫലിക്കുന്നത് എന്നും കൂടി മനസ്സിലാക്കാം.

4 A. ലിംഗദേഹം

അധ്യാത്മശാസ്ത്രപ്രകാരം മനുഷ്യന് സ്ഥൂലദേഹവും സൂക്ഷ്മദേഹവും (ലിംഗദേഹം) എന്നിങ്ങനെ രണ്ടു ദേഹങ്ങളുണ്ട്. സ്ഥൂലം എന്നാൽ നമ്മുടെ ഈ ശരീരം. ലിംഗദേഹം എന്നാൽ ആത്മാവും അതിനു ചുറ്റുമുള്ള മായയുടെ ആവരണവും. സമ്പൂർണ ലോകവും, സജീവ-നിർജീവ വസ്തുക്കളുമെല്ലാം ഈശ്വരന്‍റെ സൃഷ്ടിയാണ് എന്ന് നമുക്ക് താത്ത്വികമായി അറിയാമെങ്കിലും അതിനെക്കുറിച്ച് നമുക്ക് പൂർണബോധം ഉണ്ടാവില്ല.

4 B. അന്തഃകരണ ചതുഷ്ടയം

മനസ്സ്, ചിത്തം, ബുദ്ധി, അഹം എന്നിവയെ അന്തഃകരണ ചതുഷ്ടയം എന്നു പറയുന്നു. മനസ്സ്, ബുദ്ധി, ചിത്തം ഇവയുടെ പ്രവർത്തനം വ്യത്യസ്തമാണ്. അത് നമുക്ക് ഇനി മനസ്സിലാക്കാം.

4 B 1. മനസ്സ്

മനസ്സ് എങ്ങനെയാണ് പ്രവർത്തിക്കുന്നത് ? സങ്കല്പ വികല്പകാത്മകം മനഃ എന്നിങ്ങനെയാണ് മനസ്സിനെ വിവരിക്കുന്നത്. ചിന്തിക്കുക എന്നതാണ് മനസ്സിന്‍റെ സ്വഭാവം. അതിൽ നല്ല ചിന്തകളും, മോശമായ ചിന്തകളും, ആഗ്രഹങ്ങളും, ഭാവനകളും എല്ലാം ഉൾപ്പെടുന്നു. മനസ്സ് ചഞ്ചലമായിരിക്കും. ഞാൻ ഇത് ചെയ്യണോ അതോ അത് ചെയ്യണോ, എന്നിങ്ങനെ നിരന്തരം ചിന്തിച്ചുകൊണ്ടിരിക്കും. പക്ഷേ മനസ്സിന് തീരുമാനം എടുക്കാൻ കഴിയില്ല.

4 B 2. ബുദ്ധി

തീരുമാനം എടുക്കുന്നത് ബുദ്ധിയുടെ പ്രവർത്തിയാണ്. നിശ്ചയാത്മികാ ബുദ്ധിഃ, അതായത് (ശരിയെന്താണ് തെറ്റെന്താണ് എന്നിവയെക്കുറിച്ച് ചിന്തിച്ച്) തീരുമാനം എടുക്കുന്നത് ബുദ്ധി ആണ്. മനസ്സിലെ ചിന്തകൾ കേൾക്കണോ വേണ്ടയോ എന്നത് ബുദ്ധിയാണ് തീരുമാനിക്കുന്നത്. മനസ്സ് പലപ്പോഴും ഉറപ്പിലാത്ത അവസ്ഥയിലാകും, സംഭ്രമത്തിലാകും. അന്നേരം തീരുമാനം എടുക്കുന്നത് ബുദ്ധിയായിരിക്കും.

4 B 3. ചിത്തം

ചിത്തം എന്നാൽ സ്മരണകളുടെ ഭണ്ഡാരം. നമ്മുടെ ശരീരം, ഇന്ദ്രിയങ്ങൾ, മനസ്സ്, ബുദ്ധി, അഹം എന്നിവയുടെ എല്ലാ സ്വഭാവവും പ്രവർത്തിയും എല്ലാത്തിന്‍റെയും ശേഖരമായ സ്മൃതി നമ്മുടെ ചിത്തത്തിലായിരിക്കും.

4 B 4. അഹം

അഹം എന്നു വച്ചാൽ അഹങ്കാരം. ഞാൻ എന്ന ഭാവം സൃഷ്ടിക്കുന്ന അന്തഃകരണത്തിന്‍റെ സ്വഭാവമാണ് അഹം. ഒരു കാര്യം ഞാൻ കാരണം സംഭവിച്ചു, ഞാൻ നന്നായി ചെയ്തു, മറ്റുള്ളവർക്ക് എന്‍റെ അത്ര നന്നായി ചെയ്യുവാൻ കഴിയില്ല, എന്നീ ചിന്തകളും സ്വഭാവവുമാണ് അഹങ്കാരം.

4 C. ആധുനിക മനോവിജ്ഞാനം അനുസരിച്ച് മനസ്സിന്‍റെ ഘടകങ്ങള്‍

ആധുനിക മനോവിജ്ഞാനം അനുസരിച്ച് മനസ്സിന് രണ്ടു ഭാഗങ്ങളുണ്ട്. നാം അറിയുന്ന മനസ്സിനെ ബാഹ്യമനസ്സ് (ബോധമനസ്സ്) എന്നും പ്രകടമല്ലാത്ത മനസ്സിനെ ഉപബോധ മനസ്സ്, നിഗൂഢമായ മനസ്സിനെ അബോധ മനസ്സ് എന്നും പറയുന്നു. ഉപബോധ മനസ്സും അബോധ മനസ്സും കൂടിയാണ് അന്തർമനസ്സ് അല്ലെങ്കിൽ ചിത്തം ആകുന്നത്. നമ്മുടെ മനസ്സ് എപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. നാം വെറുതെ ഇരിക്കുന്ന സമയത്തും മനസ്സിലെ ചിന്തകൾ തുടരുന്നു. മനസ്സിന്‍റെ പ്രവർത്തനങ്ങളിൽ ബോധമനസ്സിന് വെറും 10 ശതമാനം ഭാഗമേയുള്ളു. എന്നാൽ ഉപബോധ മനസ്സും അബോധ മനസ്സും (ചിത്തം) 90 ശതമാനം ഭാഗം വഹിക്കുന്നു.
ബോധമനസ്സ് (conscious mind) എന്നു വച്ചാൽ ഉണർവുള്ള മനസ്സ്. ചിന്തകളും ഭാവനകളും ഈ മനസ്സിലാണ് വരുന്നത്. ഉപബോധ മനസ്സും (subconscious mind) അബോധ മനസ്സും (unconscious mind) കൂടി അധ്യാത്മത്തിൽ പറയുന്ന ചിത്തം ആകുന്നു.

ഈ ചിത്തമെന്നാൽ എല്ലാ ഭാവനകളുടെയും വിചാരവികാരങ്ങളുടെയും ഒരു സംഭരണശാലയാണ്. ഇതിൽ എല്ലാ തരത്തിലുള്ള അനുഭവങ്ങളും, ഭാവനകളും, ചിന്തകളും, ഇച്ഛ-പ്രതീക്ഷ മുതലായ സർവതും സംഭരിച്ചിട്ടുണ്ടാകും. ചിത്തത്തിന് രണ്ടു ഭാഗങ്ങളുണ്ട്. മുകളിലേത് ഉപബോധ മനസ്സ് (subconscious mind). നമ്മുടെ ശരീരം, ഇന്ദ്രിയങ്ങൾ, മനസ്സ്, ബുദ്ധി, അഹം ഈ സ്ഥൂലവും സൂക്ഷ്മവുമായ അംഗങ്ങളിലൂടെ സംഭവിക്കുന്ന പ്രവർത്തികളും അവയുടെ സ്വഭാവവും ഈ ഭാഗത്ത് സംസ്കാരകേന്ദ്രങ്ങളായി സംഭരിക്കപ്പെടും. വിചാരങ്ങളുടെ രൂപത്തിലാണ് ഇവ പുറത്തു വരുന്നു. നമ്മുടെ ആഗ്രഹപ്രകാരം നമുക്ക് അവയെ ബാഹ്യമനസ്സിൽ കൊണ്ടു വരാൻ കഴിയും.

ചിത്തത്തിലെ ആഴത്തിലുള്ള ഭാഗമാണ് അബോധ മനസ്സ് (unconscious mind). ഇതിൽ എല്ലാ സ്മരണകളും ഉണ്ടാകും. പക്ഷേ ഇതു വളരെ ആഴത്തിലായതിനാൽ നമുക്ക് ഓർമ വരില്ല. മാത്രമല്ല നമുക്ക് വേണ്ടപ്പോൾ ഓർക്കാനും കഴിയില്ല. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ഈ അബോധ മനസ്സിൽ പതിഞ്ഞിരിക്കുന്ന സ്മരണകൾ പുറത്ത് വരികയും ചെയ്യും.

4 D. അന്തർമനസ്സിലെ സംസ്കാരങ്ങളുടെ കേന്ദ്രങ്ങൾ

അന്തർമനസ്സിൽ വിവിധ തരത്തിലുള്ള സംസ്കാര കേന്ദ്രങ്ങളുണ്ട്. അന്തർമനസ്സിലെ വാസന കേന്ദ്രത്തിൽ വ്യക്തിയുടെ അഭിരുചി, ആഗ്രഹം, പ്രതീക്ഷ, അഭിലാഷ എന്നിവയുണ്ടാകും. ഇഷ്ടാനിഷ്ട കേന്ദ്രത്തിൽ വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങളുമായി ബന്ധപ്പെട്ട സംസ്കാരങ്ങളുണ്ടാകും. സ്വഭാവ കേന്ദ്രത്തിൽ വ്യക്തിയുടെ സ്വഭാവത്തിലെ ഗുണങ്ങൾ, ഉദാ. ആത്മാർഥത, കൃത്യനിഷ്ഠ മുതലായവയും കോപം, അലസത മുതലായ ദോഷങ്ങളുടെയും സംസ്കാരമുണ്ടാകും. സവിശേഷതകളുടെ കേന്ദ്രത്തിൽ ഏതെങ്കിലും കലയിലോ കളിയിലോ നൈപുണ്യമുണ്ടെങ്കിൽ അതിന്‍റെ സംസ്കാരം ഉണ്ടാകും.

പൊതുവെ ’സംസ്കാരം’ എന്ന വാക്ക് നല്ല ആചാരങ്ങളും ചിന്തകളും പ്രവർത്തിയും എന്ന അർഥത്തിലാണ് ഉപയോഗിക്കുന്നത്. അധ്യാത്മത്തിൽ ഇതിന്‍റെ അർഥം നമ്മുടെ സ്വഭാവത്തിന്‍റെയും നമ്മുടെ കൈകളാൽ സംഭവിക്കുന്ന കർമത്തിന്‍റെയും ഉപബോധ മനസ്സിൽ പതിയുന്ന ഒരു അടയാളം എന്നാണ്. നല്ല പ്രവർത്തികളുടെയും തെറ്റായ കാര്യങ്ങളുടെയും സംസ്കാരം തയ്യാറാകുന്നു, ഉദാ. ഭഗവാന്‍റെ നാമം ജപിക്കുന്നതിന്‍റെ സംസ്കാരം തയ്യാറാകുന്നു എന്നാൽ അപശബ്ദം ഉപയോഗിക്കുന്നതിന്‍റെയും സംസ്കാരം തയ്യാറാകുന്നു.
ഒരു ചിന്ത അല്ലെങ്കിൽ പ്രവർത്തി വീണ്ടും വീണ്ടും ആവർത്തിച്ചു നടന്നു കൊണ്ടിരുന്നാൽ ആ സംസ്കാരം കൂടുതൽ ദൃഢമാകുകയും ചിത്തത്തിൽ നന്നായി പതിയുകയും ചെയ്യും. ഈ ജന്മത്തിലെ മാത്രമല്ല, എന്നാൽ മുമ്പുള്ള എല്ലാ ജന്മങ്ങളുടെയും സംസ്കാരങ്ങൾ അബോധ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരിക്കും. ഓരോ സംസ്കാരവും മനുഷ്യനെ ജനന-മരണ ബന്ധനത്തിൽ അകപ്പെടുത്തുന്നു.

4 E. നാമജപത്തിന്‍റെ സംസ്കാരം ദൃഢമാകുന്നതുകൊണ്ടുള്ള ഗുണങ്ങൾ

നാമജപം നിരന്തരമായി ചെയ്യുമ്പോൾ വ്യക്തിയുടെ മനസ്സിലെ നാമജപത്തിന്‍റെ സംസ്കാര കേന്ദ്രം ദൃഢമാകുന്നു എന്നാൽ മറ്റു സംസ്കാര കേന്ദ്രങ്ങൾ തളരുന്നു.
നാമജപത്തിന്‍റെ സംസ്കാരം ശക്തമാകുന്തോറും മനസ്സിലെ അനാവശ്യ ചിന്തകൾ നശിച്ചു പോകുന്നു. അനാവശ്യമായി ചിന്തിക്കുന്നതിനു പകരം ജപിക്കണം എന്നു തോന്നും. ഇതുകൊണ്ടുള്ള ഗുണം എന്തെന്നാൽ അനാവശ്യ ചിന്തകളിൽ ചിലവായിക്കൊണ്ടിരുന്ന മനസ്സിന്‍റെ ശക്തി ലാഭിക്കുവാൻ സാധിക്കും. നാമം മനസ്സിനെ ഏകാഗ്രമാക്കും.
നാമജപത്തിൽ അതായത് ഈശ്വര സാന്നിദ്ധ്യത്തിൽ മനസ്സ് ലയിക്കുവാൻ തുടങ്ങിയാൽ പിന്നെ മായയോടുള്ള ആസക്തി അഥവാ ഭൌതീകമായ അവശ്യങ്ങളെക്കുറിച്ചുള്ള ചിന്തകൾ കുറയുന്നു. അതായത് മനസ്സിലെ മോഹത്തിന്‍റെയും ആസക്തികളുടെയും സംസ്കാരം ദുർബലമാകുന്നു. നാമജപത്തോട് ഇഷ്ടം കൂടുന്തോറും മായയിലെ ഇഷ്ടാനിഷ്ടങ്ങളുടെ സംസ്കാരം ബലഹീനമാകുന്നു. പരിണാമമായി അതിനോടനുബന്ധിച്ചുള്ള ചിന്തകളും കുറയുന്നു.
പിന്നീട് നാമജപം ശ്വാസവുമായി ലയത്തിൽ ആയി തുടങ്ങും. അന്നേരം വ്യക്തിയുടെ മനസ്സ് വർത്തമാനകാലത്തിൽ സ്ഥിരമാകാൻ തുടങ്ങും. അതിനാൽ കഴിഞ്ഞു പോയ കാലങ്ങളിലെ സംഭവങ്ങൾ, മുൻകൂർ ധാരണ, ഭാവിയെക്കുറിച്ചുള്ള ചിന്ത എന്നിവയെക്കുറിച്ചുള്ള സംസ്കാരങ്ങൾ ദുർബലമാകുകയും മനസ്സ് വർത്തമാന കാലത്തിലെ കർത്തവ്യങ്ങളിൽ തൽപരനാകുന്നു.
ഇപ്രകാരം നാമജപത്തിന്‍റെ സംസ്കാരം മനസ്സിൽ ദൃഢമാകുന്തോറും വ്യക്തിയുടെ സ്വഭാവത്തിൽ നല്ല മാറ്റങ്ങൾ സംഭവിക്കുന്നു. ഇപ്രകാരമാണ് നാമജപം കൊണ്ട് മാനസിക തലത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നത്.