മഹാശിവരാത്രി

ശിവന്‍റെ സവിശേഷതകൾ…

മഹാദേവന്‍റെ സവിശേഷതകളും ഭസ്മം, രുദ്രാക്ഷം, കൂവളയില, ചന്ദ്രന്‍ എന്നിവയുടെ ആധ്യാത്മിക അർഥവും  ശിവരാത്രി ദിവസം ശിവന്‍റെ നാമം ജപിക്കേണ്ടതിന്‍റെ മഹത്ത്വവും മനസ്സിലാക്കുന്നതിനായി ഈ വിഡിയോ തീർച്ചയായും കാണുക !

ശിവൻ ആശുതോഷൻ അതായത് സഹജമായി പ്രസന്നനാകുന്ന ദേവനാണ്. അതിനാൽ ഭൂമിയിൽ ശിവഭക്തന്മാർ വളരെ കൂടുതലാണ്. മഹാശിവരാത്രി ശിവന്‍റെ വ്രതമാണ്. ഈ ലേഖനത്തിലൂടെ നമുക്ക് മഹാശിവരാത്രി വ്രതത്തിന്‍റെ മഹത്ത്വവും ശാസ്ത്രവും വിധിയും മനസ്സിലാക്കിയെടുക്കാം.

1. തിഥി

മഹാശിവരാത്രി ശകവർഷത്തിലെ മാഘമാസ കൃഷ്ണപക്ഷ ചതുർദശി എന്ന തിഥിക്കാണ് വരുന്നത്. കൊല്ലവർഷപ്രകാരം കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്.

 

2. ദേവത

മഹാശിവരാത്രി ശിവനുവേണ്ടി അനുഷ്ഠിക്കുന്ന വ്രതമാണ്.

 

3. മഹത്ത്വം

മഹാശിവരാത്രിക്ക് ശിവതത്ത്വം മറ്റു ദിവസങ്ങളെ അപേക്ഷിച്ച് 1000 മടങ്ങ് കൂടുതൽ പ്രവർത്തനക്ഷമമായിരിക്കും. ശിവതത്ത്വത്തിന്‍റെ ഗുണം കൂടുതലായി ലഭിക്കുന്നതിനായി അന്നേ ദിവസം ഭക്തിഭാവത്തോടെ ശിവപൂജയ്ക്കൊപ്പം ഓം നമഃ ശിവായ എന്ന നാമജപം പരമാവധി ചെയ്യുക.

 

4. എപ്രകാരമുള്ള വ്രതമാണ് ?

കാമ്യവും യാദൃച്ഛികമായി ചെയ്യുന്നതും.

 

5. മഹാശിവരാത്രി വ്രതത്തിലെ പ്രധാന ഭാഗങ്ങൾ

ഉപവാസം, പൂജ, ഉറക്കമിളയ്ക്കുക ഇവയാണ് ശിവരാത്രിയുടെ പ്രധാന ആചാരങ്ങൾ.

 

6. മഹാശിവരാത്രി വ്രതത്തിലെ വിധികൾ

മാഘമാസ കറുത്ത പക്ഷ ത്രയോദശി ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിക്കുക. ചതുർദശി ദിവസം രാവിലെ വ്രതത്തിന്‍റെ സങ്കല്പം ചെയ്യുക. വൈകിട്ട് നദിയിലോ കുളത്തിലോ പോയി ശാസ്ത്രപ്രകാരം സ്നാനം ചെയ്യുക. പിന്നീട് ഭസ്മവും രുദ്രാക്ഷവും ധരിക്കുക. പ്രദോഷകാലത്ത് ശിവക്ഷേത്രത്തിൽ പോയി ശിവനെ ധ്യാനിക്കുകയും പിന്നീട് ഷോഡശോപചാര പൂജയും തർപ്പണവും ചെയ്യുക. ശിവന് 108 താമരയോ കൂവളയിലയോ നാമമന്ത്രസഹിതം അർപ്പിക്കുക. പുഷ്പാഞ്ജലി അർപ്പിച്ച് അർഘ്യം കൊടുക്കുക. പൂജാസമർപ്പണം, സ്തോത്ര പാരായണം, മൂലമന്ത്രജപം എന്നിവയ്ക്കു ശേഷം ശിവന്‍റെ ശിരസ്സിലുള്ള ഒരു പൂവ് എടുത്ത് സ്വന്തം ശിരസ്സിന്മേൽ വച്ച് വ്രതാനുഷ്ഠാനത്തിൽ എന്തെങ്കിലും കുറവ് വന്നിട്ടുണ്ടെങ്കിൽ അതിനായി ക്ഷമ ചോദിക്കുക.

 

7. യാമപൂജ

ശിവരാത്രിക്ക് രാത്രിയുടെ നാല് യാമങ്ങളിൽ നാല് പൂജകൾ അനുഷ്ഠിക്കുക, എന്നാണ് പറഞ്ഞിരിക്കുന്നത്. ഇതിനെ യാമ പൂജ എന്നു പറയുന്നു. ഓരോ പൂജയിലെയും മന്ത്രങ്ങൾ വ്യത്യസ്തമാണ്, അവയ്ക്കൊപ്പം അർഘ്യം സമർപ്പിക്കുക. ഉറക്കമൊഴിഞ്ഞിരിക്കാൻ നൃത്തം, സംഗീതം, കഥകൾ കേൾക്കുക എന്നിവയിൽ ഏർപ്പെടുക. പ്രഭാതത്തിൽ സ്നാനത്തിനുശേഷം വീണ്ടും ശിവപൂജ നടത്തുക. ബ്രാഹ്മണ ഊട്ട് നടത്തുക. അനുഗ്രഹം വാങ്ങി വ്രതം അവസാനിപ്പിക്കുക. ഈ വ്രതം 12, 14, 24 വർഷങ്ങൾ അനുഷ്ഠിച്ചതിനു ശേഷം അതിന്‍റെ ഉദ്യാപനം നടത്തുക.

 

8. ശിവന്‍റെ വിശമ്ര സമയമാണ് മഹാശിവരാത്രി എന്നത്

മഹാദേവൻ രാത്രിയുടെ ഒരു പ്രഹരത്തിൽ വിശമ്രിക്കുന്നു. ആ പ്രഹരത്തെ, അതായത് ശിവൻ വിശമ്രിക്കുന്ന കാലയളവാണ് മഹാശിവരാത്രി, എന്നു പറയുന്നു. ശിവന്‍റെ വിശമ്രസമയത്ത് ശിവതത്ത്വത്തിന്‍റെ പ്രവർത്തി നിന്നു പോകും. അന്നേരം ശിവൻ ധ്യാനാവസ്ഥയിൽനിന്നും സമാധി അവസ്ഥയിലേക്കു പോകുന്നു. ശിവന്‍റെ സമാധി അവസ്ഥ എന്നു വച്ചാൽ ശിവൻ സാധന ചെയ്യുന്ന സമയം. അതിനാൽ ശിവൻ അന്നേരം ബ്രഹ്മാണ്ഡത്തിലെ തമോഗുണത്തെ അതായത് കാളകൂട വിഷത്തെ സ്വീകരിക്കുകയില്ല. അതു കാരണം ബ്രഹ്മാണ്ഡത്തിൽ തമോഗുണം വർധിക്കുന്നു. അത് നമ്മളെ ബാധിക്കാതിരിക്കുവാനായി നാം ശിവന് കൂവളയില, ശ്വേത പുഷ്പങ്ങൾ, രുദ്രാക്ഷം എന്നിവ ശിവലിംഗത്തിൽ അർപ്പിച്ച് ശിവതത്ത്വത്തെ കൂടുതൽ ആകർഷിച്ചെടുക്കാൻ ശമ്രിക്കും. അതു കാരണമാണ് ഉറങ്ങാതെ രാത്രി മുഴുവനും സാധന ചെയ്യുവാൻ പറയുന്നത്.

 

9. മഹാശിവരാത്രി വ്രതത്തിന്‍റെ ഫലം

മഹാശിവരാത്രി വ്രതം അനുഷ്ഠിക്കുന്നവരിൽ എന്‍റെ കൃപാകടാക്ഷം ഇപ്രകാരം ഉണ്ടാകും എന്ന് മഹാദേവൻ പറയുന്നു –

1. പുരുഷന്മാരുടെ എല്ലാ ആഗ്രഹങ്ങളും പൂർണമാകും.

2. കുമാരികമാർക്ക് ആഗ്രഹിക്കുന്ന വരനെ കിട്ടും.

3. വിവാഹിത സ്ത്രീകളുടെ സൌഭാഗ്യം നിലനിൽക്കും.

സന്ദർഭം : സനാതൻ സംസ്ഥയുടെ ശിവൻ എന്ന ഗ്രന്ഥം

 

10. ബലിതർപ്പണം

ചതുർദശി പുലർച്ചയ്ക്ക് പല ശിവക്ഷേത്രങ്ങളിലും ജനങ്ങൾ പിതൃതർപ്പണം ചെയ്യുന്നു. ഇത് പ്രധാനമായും കേരളത്തിലാണ് കണ്ടു വരുന്നത്. ഇതിനെക്കുറിച്ച് ധർമഗ്രന്ഥങ്ങളിൽ എവിടെയും നിർദേശിച്ചിട്ടുള്ളതായി കാണുന്നില്ല. എന്നാൽ അമാവാസി, പൂർണിമ എന്നീ ദിവസങ്ങൾ അതും ശിവരാത്രിയോട് ചേർന്നു വരുന്ന ദിനം പിതൃബലിക്ക് അനുയോജ്യമായതു കാരണം തുടങ്ങിയ ആചാരം ആയിരിക്കുമെന്നു വിശ്വസിക്കുന്നു.

പൂർവീകരുടെ ബലിപൂജയ്ക്ക് മുടക്കം വന്നാൽ പിതൃപൂജയോടെ ശിവരാത്രി വ്രതം അനുഷ്ഠിച്ച് പിതൃക്കളെ പ്രീതിപ്പെടുത്തണം. ശിവരാത്രിയുടെ തലേന്നാൾ രാവിലെ കുളിച്ച് ശിവക്ഷേത്ര ദർശനം നടത്തുക. വീട്ടുമുറ്റത്ത് ചാണകം മെഴുകി വൃത്തിയാക്കിയ സ്ഥലത്ത് നിലവിളക്ക് കൊളുത്തി വച്ച് അതിനു മുന്പിൽ ഒരു തൂശനില വയ്ക്കുക. പുഷ്പങ്ങൾ, അക്ഷത, ചന്ദനം എന്നിവ കൈയിൽ തൊഴുതു പിടിച്ച് ഒാം പിതൃഭ്യോ നമഃ’ എന്ന് എട്ട് പ്രാവശ്യം ജപിച്ച് ഇലയിൽ സമർപ്പിക്കുക. ഇത് ഏഴ് തവണ ആവർത്തിക്കുക. പിന്നെ വിളക്കിനെ മൂന്ന് പ്രദക്ഷിണം ചെയ്ത് മൂന്ന് പ്രാവശ്യം നമസ്കരിച്ച് ഇലയും അക്ഷതവും ഒഴുക്കുള്ള ജലാശയത്തിൽ നിമജ്ജനം ചെയ്യുക. പിന്നീടേ അന്ന് പാനീയങ്ങൾ പാടുള്ളു.