ഹനുമാൻ

ഹനുമാൻ

 

 

ഉപാസന ചെയ്യുന്നദിനു പിന്നിലുള്ള ഉദ്ദേശ്യം

ഹനുമാനിലുള്ള പ്രകടശക്തി (72 ശതമാനം) മറ്റു ദേവന്മാരേക്കാൾ (10 ശതമാനം) അധികമായതു കാരണം ഹനുമാന്‍റെ ഉപാസന താഴെ പറയുന്ന ശക്തി സംബന്ധമായ കാരണങ്ങളാൽ ചെയ്യപ്പെടുന്നു.

1. അനിഷ്ട ശക്തികളിൽനിന്നുമുണ്ടാകുന്ന വിഷമതകൾ അകറ്റുന്നതിനായുള്ള ഉപാസന

2. നല്ല ശക്തിയെ നിയന്ത്രിക്കുന്നതിനായി : ജാഗൃതകുണ്ഡലിനിയുടെ മാർഗത്തിൽ തടസ്സം ഉണ്ടെങ്കിൽ അത് അകറ്റി കുണ്ഡലിനിയെ ശരിയായ രീതിയിൽ ഉത്തേജിപ്പിക്കുന്നതിനായി ചിലർ ഹനുമാനെ ആരാധിക്കുന്നു.

 

പൂജാവിധി

പ്രചാരത്തിലുള്ള ചില ആചാരങ്ങൾ

മഹാരാഷ്ട്രയിൽ ശനിയാഴ്ച ദിവസം ഹനുമാന്‍റെ ദിവസമായി കരുതുന്നു എന്നാൽ ഭാരതത്തിലെ മറ്റു സ്ഥലങ്ങളിൽ ശനിയാഴ്ചയും ചൊവ്വാഴ്ചയും ഹനുമാന്‍റെ ദിവസങ്ങളായി ആചരിക്കുന്നു. ഈ ദിവസം ഹനുമാന് സിന്ദൂരവും എണ്ണയും അർപ്പിക്കുകയോ വെണ്ണ ചാർത്തുകയോ ചെയ്യുന്നു. ഹനുമാന് പണ്ടു മുതൽ തേങ്ങ ഉടയ്ക്കുന്ന പതിവുമുണ്ട്. ആധ്യാത്മിക ഉയർച്ചയ്ക്കു വേണ്ടിയുള്ള ഉപാസനയിൽ വാമമുഖി (ഇടതു വശത്തേക്കു ദർശനമായി ഇരിക്കുന്ന) ഹനുമാനെ അഥവാ ദാസഹനുമാനെ പൂജിക്കുന്നു.

ഹനുമാന് എണ്ണ, സിന്ദൂരം, എരിക്കിന്‍റെ ഇലകളും
പൂക്കളും മുതലായവ അർപ്പിക്കുന്നതിന്‍റെ കാരണം എന്താണ്?

പൂജയിൽ ദൈവത്തിന് അർച്ചന നടത്തുന്ന വസ്തുക്കൾ ആ ദേവതയ്ക്ക് ഇഷ്ടപ്പെട്ടതാണെന്നു ശിശുതുല്യമായ ഭാഷയിൽ പറയുന്നു, ഉദാ. ഗണപതിക്കു ചുവന്ന പൂക്കൾ, ശിവന് കൂവളയില, വിഷ്ണുവിന് തുളസി മുതലായവ. യഥാർഥത്തിൽ ശിവൻ, വിഷ്ണു, ഗണപതി തുടങ്ങിയ ഉയർന്ന ദേവതകൾക്ക് ഇഷ്ടാനിഷ്ടങ്ങൾ ഒന്നും തന്നെയില്ല.

ചില പ്രത്യേക വസ്തുക്കൾ അതാതു
ദേവന്മാർക്ക് അർപ്പിക്കുന്നതിനുപിന്നിലുള്ള ശാസ്ത്രം

പൂജയ്ക്കു വയ്ക്കുന്ന വിഗ്രഹത്തിൽ ചൈതന്യം ഉണ്ടാകാനും ആ ചൈതന്യത്തെ നമ്മുടെ ആധ്യാത്മിക ഉയർച്ചയ്ക്കായി ഉപയോഗിക്കാനും വേണ്ടിയാണ് പൂജ നടത്തുന്നത്. ചൈതന്യം ഉണ്ടാകുന്നതിനുവേണ്ടി ഒരു ദേവതയുടെ വിഗ്രഹത്തിൽ അർച്ചന നടത്തുന്ന വസ്തുവിൽ, ആ ദേവതയുടെ മഹാലോകം വരെവ്യാപിച്ചിരിക്കുന്ന പവിത്രകങ്ങൾ (സൂക്ഷ്മാതി സൂക്ഷ്മമായ ചൈതന്യ കണങ്ങൾ) ആകർഷിച്ച് എടുക്കാനുള്ള കഴിവ് മറ്റു വസ്തുക്കളേക്കാൾ കൂടുതലാണ്. ചുവന്ന പുഷ്പത്തിൽ ഗണപതിയുടേയും കൂവളയിലയിൽ ശിവന്റേയും തുളസിയിൽ വിഷ്ണുവിന്റേയും സിന്ദൂരം, എണ്ണ, എരിക്കിന്‍റെ ഇലകളും പൂക്കളും എന്നിവയിൽ ഹനുമാന്റേയും പവിത്രകങ്ങൾ ആകർഷിക്കുവാനുള്ള കഴിവ് മറ്റു വസ്തുക്കളേക്കാൾ കൂടുതലാണ്. ആയതിനാൽ ഹനുമാന് സിന്ദൂരം, എണ്ണ, എരിക്കില എന്നിവ അർപ്പിക്കുന്നു.

 

ഏഴരശനിയും ഹനുമാന്‍റെ പൂജയും
(ഏഴര വർഷങ്ങളുടെ പ്രതികൂല കാലഘട്ടം)

ഏഴരശനി കൊണ്ടുള്ള ദോഷങ്ങൾ കുറഞ്ഞു കിട്ടാനായി ഹനുമാനെ പൂജിക്കുന്നു.

ചെയ്യേണ്ട രീതി

ഒരു പാത്രത്തിൽ എണ്ണ എടുക്കുക. അതിൽ 14 കറുത്ത ഉഴുന്നു മണികളിട്ട് ആ എണ്ണയിൽ സ്വന്തം മുഖം നോക്കുക. അതിനുശേഷം അത് ഹനുമാന് അർപ്പിക്കുക. ഒരുപക്ഷേ, അസുഖം കാരണം ക്ഷേത്രത്തിൽ പോകാൻ സാധിച്ചില്ലെങ്കിലും ഈ പരിഹാരം ചെയ്യാൻ സാധിക്കും.

 

ഭക്തന്മാരുടെ നേർച്ചയിൽ പ്രസാദിക്കുന്നവൻ

ഹനുമാൻ നേർച്ച അല്ലെങ്കിൽ വഴിപാടുകൾ സ്വീകരിച്ച് പ്രസാദിക്കുന്ന ദേവനാണ്, എന്ന വിശ്വാസം കാരണം ജനങ്ങൾ നേർച്ചയായി നിത്യേന ഹനുമാനെ നിശ്ചയിച്ചത്രയും പ്രാവശ്യം പ്രദക്ഷിണം വയ്ക്കുന്നു. ’വിവാഹം നടക്കാത്ത പെൺകുട്ടികൾ, ബ്രഹ്മചാരിയായ ഹനുമാനെ പൂജിക്കണം’, എന്നു പറഞ്ഞാൽ പലരും ആശ്ചര്യപ്പെട്ടേക്കും. അവരുടെ മനസ്സിൽ ’ബലവാനായ പുരുഷനെ ഭർത്താവായി കിട്ടണം’ എന്ന ആഗ്രഹമുള്ളതിനാൽ അവർ ഹനുമാനെ ആരാധിക്കുന്നു, എന്ന് ചിലർ പറയുന്നു. അത് തെറ്റാണ്. അതിന്‍റെ ശരിയായ കാരണം ഇപ്രകാരമാണ്.

1. വിവാഹം നടക്കാത്തവരിൽ ഏകദേശം 30 ശതമാനം പേരുടേയും വിവാഹം ഭൂതബാധ, ദുർമന്ത്രവാദം മുതലായവ കാരണമായിരിക്കും തടസ്സപ്പെട്ടിരിക്കുന്നത്. ഹനുമാന്‍റെ ഉപാസനയാൽ ഈ തടസ്സങ്ങൾ മാറി വിവാഹം നടക്കുന്നു. (ഭാവി വധു അല്ലെങ്കിൽ വരനെക്കുറിച്ചുള്ള അമിത ആഗ്രഹങ്ങൾ കാരണം 10 ശതമാനം ആൾക്കാരുടെ വിവാഹം നടക്കാതിരിക്കുന്നു. ഈ ആഗ്രഹങ്ങൾ കുറച്ചാൽ വിവാഹം നടക്കും. 50 ശതമാനം വ്യക്തികളുടെ വിവാഹം അവരുടെ പ്രാരബ്ധം (വിധി) കാരണം നടക്കാതിരിക്കുന്നു. പ്രാരബ്ധം കുറവോ മധ്യമ തലത്തിലുള്ളതോ ആണെങ്കിൽ കുലദേവതയുടെ ഉപാസന ചെയ്താൽ തടസ്സങ്ങൾ മാറി വിവാഹം നടക്കും.)

2. വളരെ ഉന്നത തലത്തിലെ ദേവീദേവന്മാരിൽ ബ്രഹ്മചാരിയെന്നോ, വിവാഹിതരെന്നോ ഉള്ള വ്യത്യാസമില്ല. അവരുടെ ജന്മം, സങ്കൽപ്പത്തിലൂടെ അതായത് ’അയോനി സംഭവം’ മുഖേനയാണ് ആകുന്നത്. ഇവരിൽ സ്ത്രീ എന്നോ പുരുഷനെന്നോ ലിഗംഭേദം ഉണ്ടാവില്ല. അത് മനുഷ്യൻ ഉണ്ടാക്കിയതാണ്. ദേവന്മാരുടെ ശക്തിയെയാണ് ദേവി എന്നു പറയുന്നത്.

 

ഹനുമാൻ

ചരിത്രവും മറ്റു പേരുകളും

വാൽമീകി രാമായണത്തിൽ (കിഷ്കിന്ധാകാണ്ഡം, 66-ാം അധ്യായം) ഹനുമാന്‍റെ ജനനകഥ വിവരിച്ചി ട്ടുള്ളത് ഇപ്രകാരമാണ് – അഞ്ജനയുടെ ഗർഭത്തിൽനിന്നും ഹനുമാൻ ജനിച്ചു. ജനിച്ചപ്പോൾ തന്നെ ഹനുമാൻ ’ഉദിക്കുന്ന സൂര്യൻ ഏതോ പഴുത്ത പഴമാണ്’ എന്നു കരുതി, അതിനെ പിടിക്കാനായി ആകാശത്തിലേക്ക് കുതിച്ചുയർന്നു. അന്നു സൂര്യഗ്രഹണം ആയിരുന്നതിനാൽ സൂര്യനെ വിഴുങ്ങാനായി രാഹു വന്നടുത്തു. സൂര്യന്‍റെ അടുത്തേക്കു കുതിച്ചുയർന്ന ഹനുമാൻ രണ്ടാം രാഹുവാണെന്നു കരുതി ഇന്ദ്രൻ വജ്രായുധം ഹനുമാന്‍റെ മേൽ എയ്തു. അതു താടി (ഹനു)യിൽ കൊണ്ട്, താടി മുറിഞ്ഞു. അന്നു മുതൽ അഞ്ജന പുത്രൻ ഹനുമാൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ദശരഥന്‍റെ രാജ്ഞിമാരെപ്പോലെ തപസ്സു ചെയ്ത അഞ്ജനയ്ക്കും പായസം (യജ്ഞാവശിഷ്ട പ്രസാദം) ലഭിച്ചിരുന്നു. അങ്ങനെയാണ് ഹനുമാൻ ജനിച്ചത്. ആ ദിവസം ശകവർഷ ചൈത്രമാസ പൌർണമിയായിരുന്നു. ഈ ദിനം ’ഹനുമാൻ ജയന്തി’യായി ആഘോഷിക്കുന്നു. ഹനുമാനെ മാരുതിയെന്നും വിളിക്കുന്നു. മഹാഭാരതത്തിൽ ’മാരുതാത്മജൻ’ എന്ന് ഹനുമാനെ സംബോധന ചെയ്തിട്ടുണ്ട്. ’മരുത്’ എന്ന വാക്കിൽനിന്നുമാണ് മാരുതി എന്ന വാക്കുണ്ടായത്.

ഹനുമാനേയും രുദ്രനേയും കുറിച്ചു പല അഭിപ്രായങ്ങളുണ്ട്. മരുത് രുദ്രപുത്രനാണ്. ഹനുമാനും രുദ്രപുത്രൻ തന്നെയാണ്. രുദ്രന്മാർ 11 എണ്ണമുണ്ട്. ഹനുമാൻ രുദ്രനായതു കാരണം ഹനുമാനെ ഏകാദശരുദ്രന്മാരിൽ ഒന്നായി കണക്കാക്കുന്നു. ഏകാദശരുദ്രന്മാരിലെ ഒരു പേരാണ് ഭീമൻ. ’ഭീമരൂപി മഹാരുദ്രൻ’ എന്നും ഹനുമാനെ പറയുന്നു. ഹനുമാനെ രുദ്രന്‍റെ അവതാരമായി കരുതുന്നു.

 

പ്രവർത്തനവും സവിശേഷതകളും

സർവശക്തൻ

എല്ലാ ദേവീദേവന്മാരിലും വച്ച് ഹനുമാനെ മാത്രം അനിഷ്ട ശക്തികൾക്ക് ഉപദ്രവിക്കുവാൻ കഴിയുകയില്ല. ലങ്കയിൽ ലക്ഷക്കണക്കിനു രാക്ഷസന്മാർ ഉണ്ടായിട്ടും, ഹനുമാനെ ആർക്കും ഒന്നും ചെയ്യാൻ സാധിച്ചില്ല. ജനിച്ചതിനു ശേഷം ഉടനെ ഹനുമാൻ സൂര്യനെ ഭക്ഷിക്കുവാൻ കുതിച്ചുയർന്നു എന്ന കഥയുണ്ട്. ഇതിൽ നിന്നും തന്നെ വായുപുത്രനായ ഹനുമാന് തേജതത്ത്വത്തിന്മേൽ വിജയം പ്രാപിക്കാനുള്ള കഴിവുണ്ടെന്ന് വ്യക്തമാകുന്നു. ’വായു പുത്രൻ’ എന്നാൽ വായു തത്ത്വത്തിൽ നിന്നും ജനിച്ചവൻ എന്നർഥം. അഞ്ച് പഞ്ചമഹാഭൂതങ്ങളിൽ വച്ച്  – ഭൂമി, ജലം, തേജസ്സ്, വായു, ആകാശം) വായു തത്ത്വം തേജതത്ത്വത്തേക്കാളും കൂടുതൽ സൂക്ഷ്മവും ശക്തവുമാണ്.

ഭക്തൻ

ഹനുമാന്‍റെ രാമഭക്തിയെ ഇന്നും ദാസ്യഭക്തിയുടെ മാതൃകയായി കരുതുന്നു. തന്‍റെ സ്വാമിക്കുവേണ്ടി പ്രാണൻ പോലും സമർപ്പിക്കാൻ ഹനുമാൻ സദാ തയ്യാറായിരുന്നു. സ്വാമിയുടെ സേവയ്ക്ക് അപ്പുറം ശിവത്വത്തിന്റേയും ബ്രഹ്മത്വത്തിന്റേയും ആഗ്രഹം പോലും ഹനുമാന് വ്യർഥമായി തോന്നിയിരുന്നു. ഹനുമാൻ എന്നാൽ സേവകന്റേയും സൈനികന്റേയും ഗുണങ്ങൾ ഉള്ളവൻ  ഹനുമാൻ എന്നാൽ ഭക്തിയുടേയും ശക്തിയുടേയും സംഗമം!

അഖണ്ഡജാഗ്രതയും സാധനയും

യുദ്ധം നടന്നുകൊണ്ടിരിക്കുന്പോഴും ഹനുമാൻ അല്പ നേരം ഒരിടത്ത് ധ്യാനനിരതനായി ഇരിക്കുമായിരുന്നു. എന്നാൽ ആ സമയത്തും ഹനുമാൻ വളരെ ജാഗരൂകനായി വാലുകൊണ്ട് ഗദ പിടിച്ചിട്ടുണ്ടാകും.

ബുദ്ധിമാൻ

’വ്യാകരണസൂത്രങ്ങൾ, സൂത്രവൃത്തി, ഭാഷ്യം, വാർത്തിക, സംഗ്രഹം എന്നിവയിൽ ഹനുമാനുള്ളത്ര പാണ്ഡിത്യം ആർക്കും ഉണ്ടായിരുന്നില്ല.’ (ശ്രീവാൽമീകി രാമായണം, ഉത്തരകാണ്ഡം 36.44-46). ഹനുമാനെ ’പതിനൊന്നാം വ്യാകരണകർത്താവ്’ എന്നും പറയുന്നു.

മനഃശാസ്ത്രത്തിൽ നിപുണനും രാജഭരണത്തിൽ പ്രാവീണ്യമുള്ളവനും

പല സന്ദർഭങ്ങളിലും സുഗ്രീവൻ മുതലായ വാനരന്മാർ മാത്രമല്ല ശ്രീരാമൻ പോലും ഹനുമാനോട് അഭിപ്രായം ചോദിച്ചിരുന്നു. രാവണനെ ഉപേക്ഷിച്ചു വന്ന വിഭീഷണനെ സ്വന്തം പക്ഷത്തിൽ സ്വീകരിക്കേണ്ട എന്നു ചില സൈന്യാധിപന്മാർ അഭിപ്രായപ്പെട്ടപ്പോൾ ’അവനെ സ്വീകരിക്കണം’ എന്ന് ഹനുമാൻ പറയുകയും ശ്രീരാമൻ അത് അംഗീകരിക്കുകയും ചെയ്തു. ലങ്കയിൽ സീതയെ ആദ്യമായി കണ്ട് സീതയുടെ മനസ്സിൽ തന്നെക്കുറിച്ച് വിശ്വാസം ഉണ്ടാക്കിയെടുക്കുക, ശത്രുപക്ഷത്തെ ഭയപ്പെടുത്തുവാൻ വേണ്ടി ലങ്കാദഹനം നടത്തുക, തന്‍റെ (ശ്രീരാമന്‍റെ) ആഗമനവാർത്ത കേട്ട് ഭരതന്‍റെ മനസ്സിൽ ഉണ്ടാകാവുന്ന വിചാര വികാരങ്ങൾ അറിയുവാനായി ശ്രീരാമൻ ഹനുമാനെത്തന്നെ അയയ്ക്കുക  മുതലായവയിൽനിന്നും ഹനുമാന്‍റെ ബുദ്ധി, മനഃശാസ്ത്രത്തിലുള്ള നൈപുണ്യം മുതലായവ മനസ്സിലാക്കാം. ലങ്കാദഹനം നടത്തി ഹനുമാൻ ലങ്കാനിവാസികളിൽ രാവണന്‍റെ കഴിവിലുണ്ടായിരുന്ന വിശ്വാസത്തിനു കോട്ടം വരുത്തി.

ജിതേന്ദ്രിയൻ

സീതയെ കണ്ടെത്താനായി രാവണന്‍റെ അന്തഃപുരത്തിൽ പ്രവേശിച്ച ഹനുമാന്‍റെ മനഃസ്ഥിതി ഹനുമാന്‍റെ വ്യക്തിത്വത്തിന്‍റെ ശേഷ്ഠ്രതയെ കാണിക്കുന്നു. ആ സമയം ഹനുമാൻ ആത്മഗതം ചെയ്തു. ’ഒരു കൂസലും കൂടാതെ കിടക്കുന്ന രാവണസ്ത്രീകളെ ഞാൻ കണ്ടു. പക്ഷേ, എന്‍റെ മനസ്സിൽ യാതൊരു വികാരവും ഉണ്ടായില്ല.’ (വാൽമീകിരാമായണം, സുന്ദരകാണ്ഡം 11.42-43) പല സത്പുരുഷന്മാരും ഈ ജിതേന്ദ്രിയനായ ഹനുമാനെ പൂജിക്കുകയും ഹനുമാന്‍റെ ആദർശങ്ങൾ സമൂഹത്തിനു കാട്ടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇന്ദ്രിയജിതൻ ആയതു കാരണമാണ് ഹനുമാന് ഇന്ദ്രജിത്തിനെ തോല്പിക്കാൻ കഴിഞ്ഞത്.

 

സാഹിത്യം, തത്ത്വജ്ഞാനം,
വാക് സാമർഥ്യം എന്നിവയിൽ പ്രവീണൻ

സംഗീതശാസ്ത്ര പ്രോത്സാഹകൻ

ഹനുമാനെ സംഗീതശാസ്ത്രത്തിന്‍റെ ഒരു വലിയ പ്രോത്സാഹകനായി മാനിച്ചിരിക്കുന്നു. ഒരുപക്ഷേ, ഹനുമാന് രുദ്രനുമായുള്ള ബന്ധമായിരിക്കാം ഇതിനു കാരണം. ഹനുമാനെ രുദ്രന്‍റെ അവതാരമായി കരുതുന്നു. രുദ്രൻ ശിവന്‍റെ ഒരു ഭാവമാണ്. ശിവന്‍റെ അവതാരമാണെങ്കിലും രാമന്‍റെ ഉപാസന ചെയ്തതു കാരണം ഹനുമാനിൽ വിഷ്ണുതത്ത്വം കൂടുതലുണ്ട്. ശിവന്‍റെ തുടിയിൽനിന്നും നാദം ഉത്ഭവിച്ചതു കാരണം ശിവൻ സംഗീതത്തിന്‍റെ സൃഷ്ടാവായി മാനിക്കപ്പെടുന്നു. ഹനുമാനിലുള്ള സംഗീതകല കാരണം സമർഥ രാമദാസ് സ്വാമികൾ ഹനുമാനെ ’മഹാനായ സംഗീതജ്ഞാനി’ എന്നു സംബോധന ചെയ്തിരുന്നു.

ധ്വജനാഥ സന്പ്രദായത്തിന്‍റെ പ്രവർത്തകൻ

നാഥ സന്പ്രദായത്തിലെ പന്ത്രണ്ട് ശാഖകളിൽ ധ്വജനാഥ് എന്ന സന്പ്രദായത്തിന്‍റെ സ്ഥാപകൻ ഹനുമാനാണെന്നു കരുതുന്നു.

ഭക്തന്മാരുടെ നേർച്ചയിൽ പ്രസാദിക്കുന്നവൻ

ഹനുമാൻ നേർച്ച അല്ലെങ്കിൽ വഴിപാടുകൾ സ്വീകരിച്ച് പ്രസാദിക്കുന്ന ദേവനാണ്, എന്ന വിശ്വാസം കാരണം ജനങ്ങൾ നേർച്ചയായി നിത്യേന ഹനുമാനെ നിശ്ചയിച്ചത്രയും പ്രാവശ്യം പ്രദക്ഷിണം വയ്ക്കുന്നു.

ചിരഞ്ജീവി

ശ്രീരാമൻ എപ്പോൾ അവതരിച്ചാലും അതേ രൂപത്തിൽ തന്നെ ആയിരിക്കും. ഹനുമാൻ ഓരോ അവതാരത്തിലും വ്യത്യസ്ത രൂപങ്ങളിലായിരിക്കും. ഹനുമാൻ സപ്തചിരഞ്ജീവികളിൽ ഒന്നാണ്. സപ്തചിരഞ്ജീവികൾ നാല് യുഗങ്ങളുടെ അവസാനം ആകുന്പോഴേക്കും മോക്ഷം പ്രാപിക്കും. അവരുടെ സ്ഥാനം അത്യുന്നതശേണ്രിയിലുള്ള വേറെ ഏഴുപേർ ഏറ്റെടുക്കും.

 

തത്ത്വം, പ്രാപ്തി, പ്രകട ശക്തി

1. തത്ത്വം

വിഷ്ണുതത്ത്വം 60 ശതമാനം, ശിവതത്ത്വം 10 ശതമാനം (വിഷ്ണു/ശിവൻ/ഈശ്വരൻ = 100 ശതമാനം തത്ത്വം). ശിവന്‍റെ അവതാരമാണെങ്കിലും രാമന്‍റെ ഉപാസന കാരണം ഹനുമാനിൽ വിഷ്ണുതത്ത്വം വർധിച്ചിരിക്കുന്നു.

2. കഴിവ്

ഉൽപ്പത്തി, സ്ഥിതി, ലയം എന്നിവയാണ് അടിസ്ഥാനപരമായ പ്രവർത്തനങ്ങൾ. ഹനുമാന്‍റെ ആകെയുള്ള പ്രാപ്തിയുടെ 10 ശതമാനം ഉൽപ്പത്തിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായും, 70 ശതമാനം സ്ഥിതിയുമായി ബന്ധപ്പെട്ടതും 20 ശതമാനം ലയവുമായി ബന്ധപ്പെട്ടതുമായ കാര്യങ്ങൾക്കായും ഉപയോഗിക്കപ്പെടുന്നു.

3. പ്രകടശക്തി

72 ശതമാനം

ഹനുമാൻ ഉപയോഗിക്കുന്ന ശക്തിയെ പ്രകട ശക്തി എന്നു പറയുന്നു. ഉപയോഗിക്കാത്ത ശക്തി അപ്രകട ശക്തിയാകുന്നു. പ്രവർത്തനത്തിനു കൂടുതൽ ശക്തി വേണ്ടിവരുന്നുവെങ്കിൽ പ്രകട ശക്തി കൂടുതൽ അളവിൽ ഉണ്ടായിരിക്കും.

 

മൂർത്തിശാസ്ത്രം

നിറം

ഹനുമാന്‍റെ രൂപത്തെ സംബന്ധിച്ച് വ്യത്യസ്തമായ അറിവുകളുണ്ട്. ഹനുമാന്‍റെ വിഗ്രഹം കൂടുതലായും ചുവപ്പു നിറത്തിലും അപൂർവമായി മാത്രം കറുപ്പു നിറത്തിലും കണ്ടുവരുന്നു. ഹനുമാന്‍റെ കറുപ്പുനിറം ശനിയുടെ പ്രഭാവത്താൽ ഉണ്ടായതായിരിക്കാം. ചുവപ്പുനിറമുള്ള ഹനുമാനെന്നു പറഞ്ഞാൽ സിന്ദൂരം പൂശിയിട്ടുള്ള ഹനുമാനാണ്. ഹനുമാന്‍റെ സിന്ദൂരത്തോടുള്ള താത്പര്യത്തെക്കുറിച്ചു പല കഥകളുമുണ്ട്.

1. ഒരു ദിവസം സീത സ്നാനം കഴിഞ്ഞ് നെറ്റിയിൽ സിന്ദൂരം തൊട്ടതു കണ്ടപ്പോൾ ഹനുമാൻ അതിന്‍റെ കാരണം ചോദിച്ചു. ’ഇതു തൊട്ടാൽ അങ്ങയുടെ സ്വാമിയുടെ ആയുസ്സു കൂടും’, എന്ന് സീത മറുപടി നൽകി. ഇതു കേട്ട് ഹനുമാൻ തന്‍റെ ശരീരം മുഴുവനും സിന്ദൂരം വാരിപ്പൂശി.

സിന്ദൂരം വാരിപ്പൂശിയ ഹനുമാൻ

2. ഒരിക്കൽ ദ്രോണഗിരിയെ ഉയർത്തിക്കൊണ്ടു ലങ്കയിലേക്കു പോകുന്പോൾ ഭരതൻ ഹനുമാനെ അന്പെയ്തു. അന്പുകൊണ്ട് ഹനുമാന്‍റെ കാലിനു മുറിവുണ്ടായി. സിന്ദൂരവും എണ്ണയും പുരട്ടിയപ്പോൾ ആ മുറിവ് ഉണങ്ങി. അതിനാൽ ഹനുമാന് സിന്ദൂരവും എണ്ണയും പ്രിയമുള്ളതായി.

ദാസഹനുമാനും  വീരഹനുമാനും

ഇവ ഹനുമാന്‍റെ രണ്ട് രൂപങ്ങളാണ്. ശ്രീരാമന്‍റെ മുന്നിൽ കൈകൂപ്പി, ശിരസ്സ് കുനിച്ച്, വാല് നിലത്തു വച്ചു കൊണ്ടിരിക്കുന്ന രൂപത്തിലാണ് ദാസഹനുമാൻ. വീരഹനുമാന്‍റെ രൂപം യോദ്ധാവിനെപ്പോലെ വീരാസനത്തിലായിരിക്കും. ഇടതു കൈയിലിരിക്കുന്ന ഗദയുടെ മുകൾഭാഗം ഇടതു ചുമലു കൊണ്ടും ഇടതു കൈമുട്ട് ഇടതു തുടകൊണ്ടും താങ്ങിയിരിക്കുന്നു. വലത്തെ കാൽമുട്ട് മടക്കിയും വലത്തെ കൈ അഭയമുദ്രയിലും വാല് മുകളിലേക്ക് ഉയർന്നുമിരിക്കും. ചില സങ്കല്പങ്ങളിൽ കാലിനടിയിൽ രാക്ഷസനുണ്ടായിരിക്കും. ഭൂതബാധ, ദുർമന്ത്രവാദം എന്നീ ദോഷങ്ങൾ ഒഴിപ്പിക്കാൻ വീരഹനുമാനെ ഉപാസിക്കുന്നു.

ദാസഹനുമാൻ

ദാസഹനുമാൻ

പഞ്ചമുഖ ഹനുമാൻ

പഞ്ചമുഖ ഹനുമാൻ

ഇത്തരം മൂർത്തികൾ വളരെയധികം കാണപ്പെടുന്നു. ഗരുഡൻ, വരാഹം, ഹയഗ്രീവൻ, നരസിംഹം, കപി എന്നിവയാകുന്നു ഹനുമാന്‍റെ അഞ്ചു മുഖങ്ങൾ. ഈ ദശഭുജ മൂർത്തിയുടെ കൈകളിൽ ധ്വജം, ഖഡ്ഗം, പാശം തുടങ്ങിയ ആയുധങ്ങൾ ഉണ്ടായിരിക്കും. പഞ്ചമുഖ ദേവതകളുടെ മറ്റൊരു അർഥം ഇങ്ങനെയാണ് – കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് എന്നീ നാലു ദിക്കുകളും ഊർധ്വദിക്കും കൂടി അഞ്ചു ദിശകളേയും ഈ ദേവൻ ശദ്ധ്രിക്കുന്നു. അതായത് ആ ദിക്കുകളുടെ ആധിപത്യം ഈ ദേവനുണ്ട്.

 

ദക്ഷിണമുഖ (വലത്തോട്ട് ദർശനമായിരിക്കുന്ന) ഹനുമാൻ

ദക്ഷിണം എന്ന വാക്ക് ’തെക്ക് ദിശ’, ’വലതു വശം’ എന്നീ രണ്ട് അർഥത്തിലും ഉപയോഗിക്കുന്നു. തെക്കോട്ട് ദർശമനമെന്നാൽ വിഗ്രഹത്തിന്‍റെ മുഖം തെക്കോട്ട് ആയിരിക്കും. അതിനാൽ ഇതിനെ ദക്ഷിണമുഖ ഹനുമാൻ എന്നു പറയുന്നു. വലത്തോട്ട് ദർശനമെന്നാൽ ഹനുമാന്‍റെ മുഖം വലതു വശത്തേക്കായിരിക്കും. ദക്ഷിണമുഖ ഹനുമാന്‍റെ സൂര്യനാഡി ഉത്തേജിതമായിരിക്കും. സൂര്യനാഡി തേജസ്സ് ഉള്ളതും ശക്തിദായകവുമാണ്. (ഗണപതിയുടേയും ഹനുമാന്റേയും സുഷുമ്ന നാഡിയാണ് സദാസമയവും പ്രവർത്തിക്കുന്നത്; എന്നാൽ ഭാവം മാറിയാൽ സൂര്യനാഡി അല്ലെങ്കിൽ ചന്ദ്രനാഡി അല്പം പ്രവർത്തിക്കാൻ തുടങ്ങും). വലത്തോട്ടു ദർശനമായിരിക്കുന്ന ഹനുമാൻ വലതു വശത്തേക്കു വളഞ്ഞ തുന്പിക്കൈയുള്ള ഗണപതിയെപ്പോലെ വളരെ ശക്തിമാനാണ്. അനിഷ്ട ശക്തിയുടെ ബാധ മാറ്റാൻ വേണ്ടി ഈ ദേവനെ ഉപാസിക്കുന്നു.

ഇടത്തോട്ട് ർശനമായിരിക്കുന്ന ഹനുമാൻ

വലത്തോട്ട് ദർശനമായിരിക്കുന്ന ഹനുമാൻ

 

ശനിയും ഹനുമാനും

ശനിയും ഹനുമാനും തമ്മിലുള്ള ബന്ധം ആൾക്കാരുടെ മനസ്സിൽ ദൃഢമാണെങ്കിലും ഇതിന്‍റെ വിശദീകരണം വളരെ ഗഹനവും മനസിലാക്കാൻ വിഷമമുള്ളതുമാണ്.

സാമ്യം

1. ഹനുമത് സഹസ്രനാമ സ്തോത്രത്തിൽ കൊടുത്തിട്ടുള്ള ഹനുമാന്‍റെ പല നാമങ്ങളിൽ ഒരു നാമമാണ് ’ശനി’.

2. സൂര്യസംഹിതയിൽ ’ഹനുമാൻ ശനിയാഴ്ച ജനിച്ചു’ എന്നു പറയുന്നു.

3. ശനിയുടെ പത്തു നാമങ്ങളിൽനിന്നും ഒരു നാമമാണ് ’രുദ്രൻ’ എന്നത്.

4. ശനിയെപ്പോലെ ഹനുമാനും ചില സ്ഥലങ്ങളിൽ കറുത്ത വർണത്തിൽ കാണപ്പെടുന്നു.

5. ഗഢവാൽ പ്രദേശത്തു ശനി പ്രസിദ്ധമായതു കാരണം ഹനുമാനും ശനിയെപ്പോലെ ഇരുന്പിന്‍റെ ചാട്ടവാർ പിടിച്ചിട്ടുള്ളതായി കാണപ്പെടുന്നു. ഇതുകൊണ്ടായിരിക്കാം അറിയാതെ തന്നെ ശനിയുടേയും ഹനുമാന്റേയും സാമ്യത കൽപ്പിച്ചിരിക്കുന്നത്. ശനിയാഴ്ച ദിവസം ഹനുമാന്‍റെ പൂജയും ശനിയാഴ്ച എടുക്കുന്ന വ്രതത്തിൽ ഹനുമാന്‍റെ ഉപാസനയും തുടങ്ങിയത് ഇക്കാരണത്താലായിരിക്കും.

വ്യത്യാസങ്ങൾ

ശനിയും ഹനുമാനും തമ്മിൽ സാമ്യതയേക്കാളും ഭിന്നതകളാണ് കൂടുതലുള്ളത്.

1. ശനി സൂര്യപുത്രൻ അതായത് തേജതത്ത്വത്തിൽ നിന്നും ഉത്ഭവിച്ചവനാണ് എന്നാൽ ഹനുമാൻ വായുപുത്രൻ അതായത് വായുതത്ത്വത്തിൽനിന്നും ഉത്ഭവിച്ചവനാണ്.

2. ശനിയും സൂര്യനും തമ്മിൽ ശത്രുതയിലാണ് എന്നാൽ ഹനുമാൻ ഒരു സൂര്യഭക്തനാണ്. ഹനുമാൻ സൂര്യനിൽനിന്നുമാണ് എല്ലാ വിദ്യകളും പഠിച്ചത്. സൂര്യൻ സ്വന്തം തേജസ്സിന്‍റെ നൂറിലൊരു ഭാഗം ഹനുമാന് നൽകി. ശനിയും സൂര്യനും തമ്മിലുള്ള കലഹം കാരണം സൂര്യൻ തന്‍റെ ശത്രുവിന്‍റെ (ശനിയുടെ) ശത്രുവിനെ (ഹനുമാനെ) സഹായിച്ചിരുന്നു. ആ സമയം ഹനുമാനിലുള്ള വായുതത്ത്വവും ശക്തിയും പൂർണമായും പ്രകടമായിട്ടില്ലായിരുന്നു.

3. ശനിയുടെ സഞ്ചാരം മന്ദഗതിയിലാണ്. എന്നാൽ ഹനുമാൻ ഗരുഡനെപ്പോലെയാണ്.

4. ശനി പാപഗ്രഹമാണ്. എന്നാൽ ഹനുമാൻ തീർച്ചയായും ഒരു പാപഗ്രഹമല്ല.

5. ശനിയാഴ്ച എണ്ണ വിൽക്കാൻ പാടില്ല എന്നൊരു ചൊല്ലുണ്ട്. എന്നാൽ അതേ ദിവസം ഹനുമാന് എണ്ണ അർപ്പിക്കുന്ന പതിവുമുണ്ട്.

 

യക്ഷനും ഹനുമാനും

വീരൻ, അത്ഭുതം എന്നിവ യക്ഷന്മാരെക്കുറിച്ച് ഉപയോഗിക്കുന്ന പദങ്ങളാണ്. വാല്മീകി രാമായണത്തിൽ ഹനുമാനേയും ’അത്ഭുതം’ എന്നു വിശേഷിപ്പിക്കുന്നു. ഹനുമാന്‍റെ ’മഹാവീരൻ’ എന്ന പേരും പ്രസിദ്ധമാണ്. ഇതിൽനിന്നും ഹനുമാനും യക്ഷോപാസനയും തമ്മിലുള്ള ബന്ധം വ്യക്തമാകുന്നു. ’കപില ഊന്പീർ’ എന്ന പേരോടെ ഹനുമാനെ അൻപത്തിരണ്ട് വീരന്മാരുടെ കൂട്ടത്തിൽ കണക്കാക്കപ്പെട്ടിരിക്കുന്നു. മഹാരാഷ്ട്രയിൽ ഫാൽഗുന മാസത്തിൽ വീരന്മാർ കൂട്ടത്തിൽ വീരഹനുമാന്‍റെ ദർശനത്തിനുവേണ്ടി പോകുന്നു.

 

ഗണപതിയും ഹനുമാനും

ഗണപതിയുടെയും ഹനുമാന്‍റെയും നിറം ചുവപ്പാണ് (സിന്ദൂരനിറം). രണ്ടു പേർക്കും അഷ്ടമഹാസിദ്ധികളുണ്ട്.

 

ഹനുമാനെക്കുറിച്ച് സത്പുരുഷന്മാർ പറഞ്ഞിട്ടുള്ള മഹത്ത്വം

’ഹനുമാൻ ഞങ്ങളുടെ ദൈവം’ എന്നു മഹാരാഷ്ട്രയിലെ സത്പുരുഷനായ സമർഥ രാമദാസ് സ്വാമികൾ പറഞ്ഞിട്ടുണ്ട്. ശക്തി, യുക്തി, ഭക്തി എന്നിവയുടെ പ്രതീകമാണ് ഹനുമാൻ. അതിനാലാണ് സമർഥ രാമദാസ് സ്വാമികൾ ഹനുമാനെ ആരാധിച്ചിരുന്നത്. അദ്ദേഹത്താൽ പ്രതിഷ്ഠിക്കപ്പെട്ട പതിനൊന്ന് ഹനുമത് ക്ഷേത്രങ്ങൾ പ്രസിദ്ധമാണ്. ഉത്തരഭാരതത്തിൽ സന്ത് തുളസീദാസും പല ക്ഷേത്രങ്ങൾ സ്ഥാപിച്ച് ഹനുമാന്‍റെ ഉപാസന ദൃഢപ്പെടുത്തി. മധ്വാചാര്യർ ഹനുമാന്‍റെ അവതാരമായി അറിയപ്പെടുന്നു. കർണാടകത്തിലെ ബസവഗുഡി പ്രദേശത്തെ ഹനുമാനെ സന്ത് വ്യാസറായാണ് പ്രതിഷ്ഠിച്ചത്. വ്യാസറായുടെ ദാസശേഷ്ഠ്ര പുരന്ദരദാസ് എന്ന ശിഷ്യൻ ഹനുമാനെക്കുറിച്ച് പല കവിതകളും എഴുതിയിട്ടുണ്ട്. വിവേകാനന്ദ സ്വാമികളും ഹനുമാന്‍റെ പരമഭക്തനായിരുന്നു. ഹനുമാനെ അദ്ദേഹം മാതൃകയായി കരുതിയിരുന്നു. പല സത്പുരുഷന്മാരും ഹനുമാന്‍റെ ആദർശങ്ങൾ അവരുടെ കൃതികളിൽക്കൂടി സമൂഹത്തിനു സമർപ്പിച്ചിട്ടുണ്ട്.

 

ഹനുമാൻ ഗായത്രി

ആഞ്ജനേയായ വിദ്മഹേ.
വായുപുത്രായ ധീമഹി.
തന്നോ വീരഃ പ്രചോദയാത്.

അർഥം : ഞങ്ങൾ അഞ്ജനാപുത്രനായ ഹനുമാനെ അറിയുന്നു. വായുപുത്രനായ ഹനുമാനെ ധ്യാനിക്കുന്നു. ആ വീരഹനുമാൻ ഞങ്ങളുടെ ബുദ്ധിക്കു സത്പ്രേരണ തന്നാലും.

 

നമ്മുടെ ജീവിതത്തിലെ ഹനുമാൻ

നമ്മുടെ ശ്വാസത്തിൽ ഹനുമാൻ ഉണ്ടെങ്കിൽ മാത്രമേ അന്തഃകരണത്തിൽ രാമൻ (ജീവാത്മാവ്/ ആത്മാരാമൻ) വസിക്കുകയുള്ളൂ.

സന്ദര്‍ഭഗ്രന്ഥം : സനാതന്‍ സംസ്ഥയുടെ ‘ഹനുമാന്‍’ എന്ന ലഘുഗ്രന്ഥം

Leave a Comment