ശ്രാദ്ധത്തിന്‍റെ മഹത്ത്വവും ആവശ്യകതയും

ശ്രാദ്ധകര്‍മത്തില്‍ നിന്നും നിര്‍ഗമിക്കുന്ന ഊര്‍ജത്തിന് ലിംഗദേഹത്തിലടങ്ങിയ ത്രിഗുണങ്ങളുടെ ഊര്‍ജവുമായി സാമ്യമുണ്ട്. അതിനാല്‍ അല്പ കാലയളവില്‍ തന്നെ ശ്രാദ്ധത്തിലൂടെ നിര്‍മിക്കപ്പെട്ട ഊര്‍ജത്താല്‍ ലിംഗദേഹം മര്‍ത്ത്യലോകം കടക്കുന്നു. മര്‍ത്ത്യലോകം കടന്ന് പോയ ലിംഗദേഹത്തിന് വീണ്ടും ഭൂമിയിലെ സാധാരണ വ്യക്തികള്‍ക്ക് ബുദ്ധിമുട്ട് നല്‍കാന്‍ ഭൗമാന്തരീക്ഷത്തിലേക്ക് വരാന്‍ സാധിക്കുകയില്ല; അതുകൊണ്ട് ശ്രാദ്ധകര്‍മത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ശ്രാദ്ധം നടത്തിയില്ലെങ്കില്‍ വാസനയുടെ ചക്രവ്യൂഹത്തില്‍ പെട്ടിരിക്കുന്ന അനേകം ലിംഗദേഹങ്ങള്‍ക്ക് നമ്മുടെ സാധനയെ തടസ്സപ്പെടുത്താന്‍ കഴിയും. അതിനാല്‍ ഹിന്ദുക്കള്‍, പിതൃപക്ഷത്തിലോ കര്‍ക്കിടക അമാവാസി ദിവസമോ പിതൃ ഋണത്തില്‍ നിന്നും മോചനം നേടുന്നതിനായി ശാസ്ത്രപ്രകാരം കര്‍മങ്ങള്‍ ചെയ്യേണ്ടതാണ്.

1. ‘ദേവ, ഋഷി, സമൂഹം എന്നിവരോടുള്ള ഋണം (കടം) വീട്ടുന്നതിന് എത്ര പ്രാധാന്യമുണ്ടോ അത്ര തന്നെ പ്രാധാന്യം പിതൃഋണം വീട്ടുന്നതിനുമുണ്ട്. പിതൃക്കളോട് ബഹുമാനം കാണിക്കുക, അവരുടെ പേരില്‍ ദാനം ചെയ്യുക, അവര്‍ക്ക് ഇഷ്ടപ്പെടുന്ന കാര്യം ചെയ്യുക, ഇവ പിന്‍തലമുറയുടെ കടമയാണ്. ശ്രാദ്ധം നടത്തുന്നത് ധര്‍മ പാലനത്തിന്‍റെ ഒരു ഭാഗമാണ്’, എന്ന് ധര്‍മശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്.

2. പുത്രന്മാര്‍ നല്‍കുന്ന പിണ്ഡോദകത്താല്‍ (പിണ്ഡവും ജലവും) മാത്രമേ പിതൃക്കള്‍ തൃപ്തിപ്പെടുകയുള്ളു.

3. ശ്രാദ്ധം ചെയ്യാത്തവരെക്കുറിച്ച് ഗീതയില്‍ പറഞ്ഞിരിക്കുന്ന കാര്യം ഇപ്രകാരമാണ് –

പതന്തി പിതരൗ ഹ്യോഷാം ലുപ്തപിണ്ഡോദകക്രിയാഃ
– ശ്രീമദ്ഭഗവദ്ഗീത 1.42

അര്‍ഥം : ഇത്തരക്കാരുടെ (ശ്രാദ്ധം ചെയ്യാത്തവരുടെ) പിതൃക്കള്‍ പിണ്ഡശ്രാദ്ധ തര്‍പണാദി ക്രിയകള്‍ ചെയ്യാത്തതിനാല്‍ നരകത്തില്‍ പോകുന്നു. അതിന്‍റെ ഫലമായി ആ കുടുംബത്തിന് ശ്രേയസ്സ് ഉണ്ടാകുകയില്ല.

4. ഏതെങ്കിലും ആത്മാവിന്, ‘എനിക്കുവേണ്ടി ശ്രാദ്ധം നടത്തണം’ എന്ന ആഗ്രഹമുണ്ടായിട്ട് അത് നടന്നില്ലെങ്കില്‍ ആ ആത്മാവിന് ആഗ്രഹം സാധിക്കാത്തതിനാലുള്ള ദുഃഖമുണ്ടാകുന്നു. അത്തരം ആത്മാക്കള്‍ പിശാചായി ശ്രാദ്ധം നടത്താത്ത ബന്ധുക്കളെ ഉപദ്രവിക്കാനിടയുണ്ട്.

5. ജീവിച്ചിരിക്കുമ്പോള്‍ ‘ശ്രാദ്ധത്തില്‍ യാതൊരു അര്‍ഥവുമില്ല; എന്‍റെ മരണാനന്തരം ആരും എനിക്കു വേണ്ടി ശ്രാദ്ധം നടത്തേണ്ട ആവശ്യമില്ല’, എന്നു പറയുന്നവര്‍ മരണശേഷം ശ്രാദ്ധം നടത്താത്തതിനാല്‍ ‘ഞാന്‍ കുടുങ്ങി പോയി’ എന്നു മനസ്സിലാക്കിയാലും അവര്‍ക്ക് ഇക്കാര്യം ആരോടും പറയാന്‍ കഴിയുകയില്ല. ആഗ്രഹം നടക്കാത്തതിനാല്‍ അവര്‍ ദുഃഖിതരായി കഴിയുന്നു. അതിനാല്‍ നാം എല്ലാ പൂര്‍വികര്‍ക്കുവേണ്ടിയും ശ്രാദ്ധം നടത്തേണ്ടതാണ്.

ഇക്കാരണത്താലും സാധനയുടെ അഭാവം കാരണവും പലര്‍ക്കും പിതൃക്കളുടെ അതൃപ്തമായ ആത്മാക്കളുടെ ബുദ്ധിമുട്ടുണ്ടാകാനുള്ള സാധ്യതയുണ്ട്. ‘വീട്ടില്‍ നിത്യവും കാരണമില്ലാതെ കലഹമുണ്ടാകുക, ജോലി കിട്ടാതിരിക്കുക, സാമ്പത്തികമായ പ്രശ്നങ്ങള്‍, എത്ര ചികിത്സ നടത്തിയിട്ടും അസുഖം മാറാതിരിക്കുക, വിവാഹം നടക്കാതിരിക്കുക, ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ സ്വരച്ചേര്‍ച്ച ഇല്ലായ്മ, ഗര്‍ഭം ധരിക്കാതിരിക്കുക, പല തവണ ഗര്‍ഭം അലസുക, വികലാംഗനോ മന്ദബുദ്ധിയോ ആയ കുട്ടി ജനിക്കുക, ലഹരി പദാര്‍ഥങ്ങള്‍ക്ക് അടിമയാകുക’ ഇവ പിതൃദോഷം കാരണമുണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍ ചിലതാണ്. ശ്രാദ്ധം നടത്തിയാല്‍ പിതൃക്കള്‍ തൃപ്തിപ്പെടുകയും അവരുടെ ആശീര്‍വാദത്താലും അവര്‍ക്ക് മര്‍ത്ത്യലോകത്തുനിന്നും അടുത്ത ലോകത്തേക്ക് ഗതി ലഭിക്കുന്നതിനാലും കുടുംബാംഗങ്ങളുടെ ബുദ്ധിമുട്ടുകള്‍ കുറയുന്നു.

സന്ദര്‍ഭഗ്രന്ഥം : സനാതന്‍ സംസ്ഥയുടെ ‘ശ്രാദ്ധത്തിന്‍റെ മഹത്ത്വവും അടിസ്ഥാനപരമായ ശാസ്ത്രവും’ എന്ന ഇംഗ്ലീഷ് ഭാഷയിലുള്ള ഗ്രന്ഥം

Leave a Comment