ദത്താത്രേയ ഭഗവാന്‍റെ 24 ഗുരുക്കന്മാര്‍

ഗുരു

ശ്രീമദ്ഭാഗവദത്തിന്‍റെ 11 -ാം സ്കന്ധത്തിൽ ’യദു’വിന്‍റെയും ’അവധൂത’ന്‍റെയും സംവാദമുണ്ട്. താൻ ഏതെല്ലാം ഗുരുക്കളെ സ്വീകരിച്ചു എന്നും അവരിൽനിന്നും എന്തെല്ലാം പഠിച്ചു എന്നും ഇതിൽ അവധൂതൻ പറയുന്നു. (ഇവിടെ ’ഗുരു’ എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഇത് ’അധ്യാപക’നെന്ന അർഥത്തിലാണ്.) പ്രപഞ്ചത്തിലെ ഓരോ സൃഷ്ടിയും ഗുരുവാണ്; കാരണം ഓരോ കാര്യത്തിൽനിന്നും നമുക്ക് എന്തെങ്കിലും പഠിക്കാൻ കഴിയും. തെറ്റായ കാര്യത്തിൽനിന്നും ഏതെല്ലാം ദുർഗുണങ്ങൾ നമ്മൾ ഒഴിവാക്കണമെന്നും ശരിയായ കാര്യത്തിൽനിന്നും ഏതെല്ലാം സദ്ഗുണങ്ങൾ നാം സ്വീകരിക്കണമെന്നും പഠിക്കാൻ കഴിയും. താഴെ പറയുന്ന 24 ഗുരുക്കളിൽനിന്നും അല്പാല്പം ജ്ഞാനം ഉൾക്കൊണ്ട് ഞാൻ സാഗരമുണ്ടാക്കി അതിൽ മുങ്ങിക്കുളിച്ച് എല്ലാ പാപങ്ങളും കഴുകിക്കളഞ്ഞു.

ദത്താത്രേയ ഭഗവാന്‍റെ 24 ഗുരുക്കന്മാര്‍

 

1. ഭൂമി

ഭൂമിയെപ്പോലെ ക്ഷമാശീലം, ദ്വന്ദ്വസഹിഷ്ണുത ഇവ വളർത്തിയെടുക്കുക.

 

2. വായു

വായുവിനെപ്പോലെ വിരക്തനായിരിക്കണം. ശീതോഷ്ണങ്ങളിൽ സഞ്ചരിക്കുന്നുണ്ടെങ്കിലും അവയുടെ ഗുണദോഷങ്ങളുടെ ബന്ധനത്തിൽനിന്നും വായു മുക്തനാണ്. അതുപോലെ മുമുക്ഷുക്കൾ ആരുടേയും ഗുണദോഷങ്ങൾ നോക്കാതെ ശ്രുതി (വേദങ്ങൾ) ഉപദേശിക്കുന്ന വഴിയിൽക്കൂടി തുറന്ന മനസ്സോടെ ശീതോഷ്ണങ്ങളിൽ യഥേഷ്ടം സഞ്ചരിക്കണം.

 

3. ആകാശം

ആത്മാവ് ആകാശത്തെപ്പോലെ സർവ ചരാചരങ്ങളിലും വ്യാപിച്ചിരിക്കുന്നുണ്ടെങ്കിലും ഏകവും നിർവികാരവും ചലനം ഇല്ലാത്തതുമാണ്.

 

4. വെള്ളം

വെള്ളം എല്ലാവരോടും സ്നേഹത്തോടെ വർത്തിക്കുന്നതുപോലെ മനുഷ്യനും പെരുമാറണം. ആരോടും പക്ഷപാതം കാണിക്കരുത്. എപ്രകാരമാണോ വെള്ളം സ്വന്തം മാലിന്യങ്ങളെ അടിത്തട്ടിൽ സ്വരൂപിച്ച് മറ്റുള്ളവരുടെ മാലിന്യങ്ങളെ കഴുകിക്കളയുന്നത് അപ്രകാരം മനുഷ്യൻ ദേഹാഭിമാനം കാരണമുണ്ടാകുന്ന മാലിന്യങ്ങളെ ത്യജിച്ച് ജ്ഞാനശക്തി നേടിയെടുക്കുകയും നീച മനുഷ്യരുടെ പാപങ്ങളെ കഴുകി ക്കളയുകയും ചെയ്യണം.

 

5. അഗ്നി

മനുഷ്യൻ അഗ്നിയെപ്പോലെ തപസ്സ് ചെയ്ത് തേജസ്വിയാകണം. അവൻ ലഭിക്കുന്നതെന്തും ഭക്ഷിക്കുകയും ദുഃശീലങ്ങളൊന്നും തന്നെ ശീലിക്കാതിരിക്കുകയും എന്നാൽ ഉചിതമായ സന്ദർഭങ്ങളിൽ തന്‍റെ കഴിവുകൾ പ്രകടിപ്പിക്കുകയും വേണം.

 

6. ചന്ദ്രൻ

അമാവാസി ദിനം കാണുന്ന സൂക്ഷ്മമായ ചന്ദ്രക്കലയും പൌർണമിയിലെ പൂർണചന്ദ്രനുമടക്കം ചന്ദ്രന് 16 വ്യത്യസ്ത കലകളുണ്ട്. ചന്ദ്രക്കലയിലെ വ്യതിയാനം കൊണ്ടുണ്ടാകുന്ന യാതൊരു വിധ പരിണാമങ്ങളും ചന്ദ്രനെ ബാധിക്കാത്തതു പോലെ ആത്മാവിന് ദേഹസംബന്ധമായ യാതൊരു വികാരങ്ങളും ബാധിക്കുന്നില്ല.

 

7. സൂര്യൻ

ഭാവിയിലെ ആവശ്യത്തിനുവേണ്ടി, സൂര്യൻ മേഘങ്ങളിൽ ജലം സംഭരിച്ച് ആവശ്യമുള്ള സമയത്ത് പരോപകാരാർഥം ഭൂമിയിൽ ആ ജലത്തെ മഴയായി പെയ്യിക്കുന്നു. ഇതുപോലെ മനുഷ്യനും അത്യാവശ്യ സാധനങ്ങൾ ശേഖരിച്ച് വച്ച് ദേശം, കാലം, വർത്തമാന പരിസ്ഥിതി തുടങ്ങിയവ മനസ്സിലാക്കി പക്ഷപാതരഹിതമായി എല്ലാ ജീവജാലങ്ങൾക്കും വേണ്ടി അത് ഉപയോഗിക്കണം.

 

8. പ്രാവ്

എപ്രകാരം പ്രാപ്പിടിയൻ പക്ഷി പ്രാവിനെ കുടുംബസമേതം ഭക്ഷിക്കുന്നുവോ അപ്രകാരം മനുഷ്യൻ ഭാര്യയിലും സന്താനങ്ങളിലും ആസക്തനായി, ലൌകിക ജീവിതം സുഖമെന്നു കരുതി ജീവിക്കുകയാണെങ്കിൽ അവനെ കാലം പിടിയിലാക്കും. അതിനാൽ മുമുക്ഷുക്കൾ ഇതിൽ നിന്നും മനസ്സുകൊണ്ടു വേർപെട്ടിരിക്കണം.

 

9. പെരുമ്പാമ്പ്

പെരുമ്പാമ്പ് ഭയപ്പെടാതെസ്വന്തം വിധിയിൽ വിശ്വസിച്ച് ഒരു സ്ഥലത്തു തന്നെ കിടന്ന് കിട്ടുന്നതെന്തും ഭക്ഷിച്ച് സന്തോഷത്തോടെ ജീവിക്കുന്നു. അതിന്‍റെ ഏറ്റുക്കുറച്ചിലുകളെയോ കയ്പ്-മധുര രസത്തെപ്പറ്റിയോ അതു ചിന്തിക്കുന്നില്ല. കുറച്ചു കാലം ഒന്നും കഴിക്കാൻ കിട്ടിയില്ലെങ്കിൽ തന്നെ പരിഭ്രമിക്കുന്നുമില്ല. ശരീരത്തിൽ ശക്തി ഉണ്ടെങ്കിലും പെരുമ്പാമ്പ് അത് ഉപയോഗിക്കുന്നില്ല. ഇപ്രകാരം മുമുക്ഷു വിധിയിൽ വിശ്വസിച്ച് കിട്ടുന്ന അല്പസ്വല്പം ആഹാരം കഴിച്ച്, അഥവാ ഒന്നും കിട്ടിയില്ലെങ്കിൽ തന്നെ സ്വസ്വരൂപത്തിൽ ലയിച്ച് ഇരിക്കണം.

 

10. സമുദ്രം

നദികൾ മഴക്കാലത്ത് കൂടുതൽ വെള്ളം സമുദ്രത്തിൽ എത്തിക്കുന്പോൾ സമുദ്രത്തിനു സുഖമോ, എത്തിക്കാതിരുന്നാൽ ദുഃഖമോ ആകുന്നില്ല. അതുമൂലം വൃദ്ധിക്ഷയങ്ങളും സംഭവിക്കുന്നില്ല. ഇതുപോലെ മനുഷൻ സ്വധർമാധീനനായി സുഖഭോഗങ്ങൾ ഉള്ളതുകൊണ്ട് സന്തോഷിക്കാതെയും ദുഃഖങ്ങളുടെ പരന്പര തന്നെ ഉണ്ടായാൽ ദുഃഖിതനാകാതെയും സദാ ആനന്ദത്തിലിരിക്കണം.

 

11. നിശാശലഭം

വിളക്കിന്‍റെ പ്രകാശത്താൽ ആകർഷിക്കപ്പെടുന്ന ശലഭം അതിൽ വീണ് നശിക്കുന്നു. ഇതുപോലെ പുരുഷൻ സ്ത്രീലോലുപനായി, സ്ത്രീയുടെ യുവത്വം കണ്ട് ആകർഷിക്കപ്പെട്ടാൽ അതിൽപ്പെട്ട് നശിച്ചു പോകും.

 

12. തേനീച്ചയും തേനെടുപ്പുകാരനും

A. തേനീച്ച

തേനീച്ച വളരെ കഷ്ടപ്പെട്ട്, ദുർഘടമായ സ്ഥലത്ത് ഉയരമുള്ള വൃക്ഷത്തിൽ അടയുണ്ടാക്കി അതിൽ തേൻ ശേഖരിക്കുന്നു. ഈ തേൻ അത് സ്വയം ഭക്ഷിക്കുകയോ മറ്റുള്ളവരെ ഭക്ഷിക്കാൻ അനുവദിക്കുകയോ ചെയ്യുന്നില്ല. അവസാനം തേനെടുപ്പുകാരൻ വന്ന് തേനീച്ചയെ കൊന്ന് അടയോടുകൂടി തേൻ എടുക്കുന്നു. ഇതു പോലെ ഒരു പിശുക്കൻ കഠിനാദ്ധ്വാനം ചെയ്ത്, സന്പത്ത് നേടി, അത് ശേഖരിച്ചു വയ്ക്കുന്പോൾ അപ്രതീക്ഷിതമായി അഗ്നി, കള്ളൻ, രാജാവ് തുടങ്ങിയവരാൽ അത് ഹരിക്കപ്പെടുകയും അതുമൂലം അവൻ ദുഃഖിതനാകുകയും അതല്ലെങ്കിൽ അവന്‍റെ സന്തതികൾ ആ സന്പത്ത് ധൂർത്തടിക്കുകയോ, അവൻ സന്താനങ്ങളില്ലാതെ മരിക്കുകയോ ചെയ്യും. അവന്‍റെ കാലശേഷം ആ സന്പത്ത് ഉപയോഗിക്കപ്പെടാതെ കിടക്കും അല്ലെങ്കിൽ അത് വേറെ ആർക്കെങ്കിലും ലഭിക്കും. മരണ സമയത്ത് സന്പത്തിനോട് ആസക്തിയുണ്ടെങ്കിൽ അവൻ പിശാചോ സർപ്പമോ ആയി ആ സന്പത്ത് ഉപയോഗിക്കുന്നവരെ ഉപദ്രവിക്കുന്നു. ഇപ്രകാരം സന്പത്ത് കുമിഞ്ഞു കൂട്ടുന്പോൾ അപ്രതീക്ഷിത മരണം സഭവിക്കുമെന്ന കാര്യം തേനീച്ചയിൽ നിന്നും മനസ്സിലാക്കി അത് ഒഴിവാക്കുക.

B. തേനെടുപ്പുകാരൻ

യാതൊരു കഷ്ടപ്പാടുമില്ലാതെ തേനെടുപ്പുകാരൻ എപ്രകാരം തേൻ നേടിയെടുക്കുന്നുവോ അപ്രകാരം സാധകരും അടുപ്പ്, പാത്രങ്ങൾ, തീ, വിറക് തുടങ്ങിയവ ശേഖരിക്കുന്നതിനായി വേവലാതിപ്പെടാതെ ഗൃഹസ്ഥാശമ്രികളുടെ വീട്ടിലുണ്ടാക്കിയ ഭക്ഷണം വാങ്ങി കഴിച്ച് ഇതിനായി ചിലവാക്കുന്ന സാധനയ്ക്കുവേണ്ടി വിനിയോഗിക്കുക. മുമുക്ഷുക്കൾ ഗൃഹസ്ഥാശമ്രികളുടെ ഭക്ഷണം വാങ്ങി കഴിച്ച് ഗൃഹസ്ഥാശമ്രികൾക്കും നന്മയാണ് വരുത്തുന്നത്.

 

13. ഗജേന്ദ്രൻ (ആന)

ആനയെ മെരുക്കുന്നതിനുവേണ്ടി കുഴിയുണ്ടാക്കി അതിനു മുകളിലായി പുല്ല് വിരിക്കുന്നു. അതിനു മുകളിൽ തടികൊണ്ട് ഒരു പിടിയാനയെ ഉണ്ടാക്കി അതിനെ ആനത്തോൽ അണിയിച്ച് നിർത്തുന്നു. ഈ പിടിയാനയെ കാണുന്ന കൊന്പനാന വിഷയസുഖത്തിന്‍റെ ആഗ്രഹത്തിൽ ആ പഴന്തുണി പൊതിഞ്ഞ ആനയുടെ അടുക്കലേക്കു വരികയും കുഴിയിൽ വീഴുകയും ചെയ്യുന്നു. ഇങ്ങനെ അനായാസം മനുഷ്യന്‍റെ കൈകളിൽ കുടുങ്ങുന്നു. ഇപ്രകാരം വിഷയസുഖം ആഗ്രഹിക്കുന്ന പുരുഷനും ബന്ധനത്തിലാകുന്നു. കാമത്തിനു വശംവദരായ ആനകൾ തമ്മിൽ മല്ലിട്ട് മരിക്കുന്നതുപോലെയാകും വ്യഭിചാരിണിയെ മോഹിക്കുന്ന പുരുഷന്മാരുടെ ഗതി.

 

14. വണ്ട്

സൂര്യൻ ഉദിക്കുന്പോൾ വിരിയുന്ന താമരപൂവിന്‍റെ ഇതളുകൾ, സൂര്യൻ അസ്തമിക്കുന്പോൾ കൂന്പുന്നു. ആ സമയത്ത് പൂവിനുള്ളിൽ വണ്ട് ഇരിക്കുന്നുണ്ടെങ്കിൽ അതു ബന്ധനസ്ഥനാകും. ഇതിൽനിന്നും വിഷയാസക്തി മൂലം ബന്ധനത്തിൽ കുടുങ്ങുമെന്നുള്ളത് മനസിലാക്കി, വിഷയ സുഖത്തിൽ ആസക്തരാകാതിരിക്കുക.

 

15. മാൻ

വായുവേഗത്തിൽ ഓടുന്നതിനാൽ ആരുടേയും കൈയിലകപ്പെടാത്ത കസ്തൂരിമാൻ മധുര സംഗീതത്തിൽ മോഹിതനായി സ്വന്തം പ്രാണൻ മറ്റുള്ളവർക്ക് അടിയറ വയ്ക്കുന്നു. ആയതിനാൽ ഒരു തരത്തിലുള്ള മോഹത്തിലും കുടുങ്ങാതെ ശദ്ധ്രിക്കണം.

 

16. മത്സ്യം

ചൂണ്ടയിലെ മാംസക്കഷ്ണം കണ്ടു മോഹിച്ച് മത്സ്യം അതു വിഴുങ്ങുന്പോൾ ചൂണ്ട വായിൽ കുടുങ്ങി അതിന്‍റെ ജീവൻ വെടിയുന്നു. അതുപോലെ മനുഷ്യൻ നാവിന്‍റെ രുചിയിൽ ബന്ധനസ്ഥനായാൽ ജന്മമരണരൂപി ചുഴിയിൽ അകപ്പെടുന്നു.

 

17. പിംഗള വേശ്യ

ഒരു രാത്രി വളരെ നേരം കാത്തിരുന്നിട്ടും ഒരു പുരുഷൻ പോലും പിംഗള വേശ്യയുടെ അടുക്കൽ വന്നില്ല. ആശയോടെ കാത്തിരുന്നു മുഷിഞ്ഞ അവൾക്ക് പെട്ടെന്നു വിരക്തി തോന്നി. മനുഷ്യന്‍റെ മനസ്സിൽ ആഗ്രഹം എത്രത്തോളം പ്രബലമായിട്ടുണ്ടോ അത്രത്തോളം അവന് സുഖനിദ്ര ലഭിക്കുകയില്ല. ആശകൾ ത്യജിച്ചവന് ഈ ലോകത്ത് ഒരു ദുഃഖവും ഉണ്ടാവില്ല.

 

18. മണ്ണാത്തിപ്പുള്ള്‌ (കുളക്കോഴി)

ഒരിക്കൽ ഒരു മണ്ണാത്തിപ്പുള്ള്‌ കൊക്കിൽ മീനുമായി പറന്ന് പോകുന്പോൾ കുറെ കാക്കകളും പരുന്തുകളും അതിനെ ശല്യപ്പെടുത്തി മീനിനെ തട്ടിയെടുക്കാൻ ശമ്രിച്ചു. മണ്ണാത്തിപ്പുള്ള്‌ പോകുന്നിടത്തെല്ലാം അവയും പിന്തുടർന്നു. അവസാനം ഗത്യന്തരമില്ലാതെ മണ്ണാത്തിപ്പുള്ള്‌ ഉപേക്ഷിച്ചു. ഉടനെ ഒരു പരുന്ത് അതു കൊത്തിയെടുത്തു. അതോടെ മണ്ണാത്തിപ്പുള്ളിനെ വിട്ട് കാക്കകളും മറ്റു പരുന്തുകളും ആ പരുന്തിന്‍റെ പിന്നാലെ കൂടി. മണ്ണാത്തിപ്പുള്ള്‌ യാതൊരു മരക്കൊന്പിൽ ഇരുന്നു. ഈ പ്രപഞ്ചത്തിലുള്ള, ഇന്ദ്രിയവിഷയങ്ങളായ എല്ലാ വസ്തുക്കളും ഉപേക്ഷിക്കുന്പോഴാണ് ശാന്തി ലഭിക്കുന്നത്. അല്ലെങ്കിൽ ഘോര വിപത്തായിരിക്കും ഫലം.

 

19. ശിശു

അഭിമാനം, അപമാനം എന്നിവയുടെ ചിന്തയില്ലാതെ ലോകത്തിൽ നടക്കുന്നതെല്ലാം വിധിയാണെന്നു സമാധാനിച്ച്, എല്ലാ ചിന്തകളിൽ നിന്നും മുക്തരായി ശിശുക്കളെപ്പോലെ ആനന്ദം അനുഭവിക്കുക.

 

20. വള

രണ്ടു വളകൾ തമ്മിൽ തട്ടിയാൽ ശബ്ദമുണ്ടാകുകയും വളകൾ കൂടുന്നതനുസരിച്ച് ശബ്ദം കൂടുകയും ചെയ്യുന്നു. രണ്ടുപേർ ഒന്നിച്ചു താമസിക്കുന്പോൾ സംവാദമുണ്ടാകുകയും കൂടുതൽ ആളുകൾ ഒന്നിച്ചു താമസിക്കുന്പോൾ കലഹമുണ്ടാകുകയും ചെയ്യുന്നു. ഈ രണ്ടു സ്ഥിതിയിലും മനസ്സിനു ശാന്തത ഉണ്ടാകുകയില്ല. ആയതിനാൽ ധ്യാനം, യോഗാഭ്യാസം മുതലായവ ചെയ്യുന്നവർ വിജനമായ സ്ഥലം കണ്ടുപിടിച്ച് അവിടെ ഒറ്റയ്ക്കു താമസിക്കുന്നതാണ് ഉചിതം.

 

21. ശരകർത്താവ് (അമ്പ് ഉണ്ടാക്കുന്നവൻ)

ഒരു ദിവസം ഒരു ശരകർത്താവ് ഏകാഗ്രചിത്തനായി അന്പിന്‍റെ മുന ശരിയാക്കിക്കൊണ്ടിരിക്കുന്പോൾ അതുവഴി രാജാവിന്‍റെ ഘോഷയാത്ര എഴുന്നെള്ളി. അതിനുശേഷം ഒരു വ്യക്തി വന്ന് ’ഇതു വഴി കടന്നുപോയ ഘോഷയാത്ര നിങ്ങൾ കണ്ടോ എന്നു ചോദിച്ചു. ’ഞാൻ എന്‍റെ ജോലിയിൽ മുഴുകിയിരുന്നതു കാരണം ഘോഷയാത്ര കണ്ടില്ല,’ എന്നു ശരകർത്താവ് പറഞ്ഞു. ഈ ശരകർത്താവിനെപ്പോലെ മുമുക്ഷുക്കൾ ഇന്ദ്രിയങ്ങളെ ഈശ്വരന്‍റെ അടുക്കൽ സമർപ്പിച്ച് ധ്യാനനിരതരായിരിക്കണം.

 

22. സർപ്പം

രണ്ടു സർപ്പങ്ങൾ ഒരിക്കലും ഒന്നിച്ചു താമസിക്കുകയോ സഞ്ചരിക്കുകയോ ചെയ്യുന്നില്ല. അവ പതുങ്ങി ശദ്ധ്രയോടെ സഞ്ചരിക്കുകയും താമസിക്കാൻ സ്വന്തമായി മാളമുണ്ടാക്കാതെ അന്യ ജീവികളുടെ മാളത്തിൽ കഴിയുകയും ചെയ്യുന്നു. സർപ്പം തുറസ്സായ സ്ഥലത്ത് സഞ്ചരിക്കുകയോ, കുറ്റം ചെയ്യാത്തവരെ നിന്ദിക്കുകയോ, ദ്രോഹിക്കാത്തവരെ ഉപദ്രവിക്കുകയോ ചെയ്യുന്നില്ല. അതുപോലെ രണ്ടു ബുദ്ധിശാലികൾ ഒരുമിച്ചു സഞ്ചരിക്കാനും പാടില്ല. ആവശ്യത്തിനു മാത്രം സംസാരിക്കുകയും, കലഹമുണ്ടാക്കാതിരിക്കുകയും, ചിന്തിച്ചു പെരുമാറുകയും, സഭ വിളിച്ചുകൂട്ടി പ്രസംഗിക്കാതിരിക്കുകയും ചെയ്യണം. വസിക്കുന്നതിനുവേണ്ടി മഠമുണ്ടാക്കാതെ എവിടെയെ ങ്കിലും താമസിച്ച് ജീവിതകാലം കഴിച്ചു കൂട്ടണം. വസിക്കുന്നതിനായി സ്വന്തം വീട് നിർമിച്ചാൽ അഭിമാനവും അത്യാഗ്രഹവുമുണ്ടാകും.

 

23. ചിലന്തി

ചിലന്തി സ്വന്തം നാഭിയിൽനിന്നും നൂലെടുത്ത് വലയുണ്ടാക്കി അതിൽ അഹോരാത്രം ക്രീഡ ചെയ്യുന്നു. തോന്നുന്ന നിമിഷം ആ വല ഭക്ഷിച്ച് ചിലന്തി സ്വതന്ത്രനാകുന്നു. ഇതുപോലെ ഈശ്വരൻ കേവലം തന്‍റെ ഇച്ഛകൊണ്ട് ലോകം സൃഷ്ടിക്കുകയും അതിൽ പല വിധ കേളികൾ നടത്തുകയും ചെയ്യുന്നു. എന്നാൽ ഈശ്വരൻ തോന്നുന്ന നിമിഷം സ്വന്തം ഇച്ഛകൊണ്ട് എല്ലാം നശിപ്പിച്ച് ഒറ്റയ്ക്ക് ഇരിക്കുകയും ചെയ്യുന്നു.

ചിലന്തി വീണ്ടും നൂൽനൂറ്റ് വലയുണ്ടാക്കുന്നതുപോലെ ഈശ്വരൻ ഇച്ഛിക്കുന്ന ക്ഷണത്തിൽ ചരാചരലോകം സൃഷ്ടിച്ച് അതിനെ തന്നിൽ ലയിപ്പിച്ച് വീണ്ടും വിചാരിക്കുന്ന നിമിഷം പഴയതുപോലെ ലോകം സൃഷ്ടിക്കുന്നു. ആയതിനാൽ ലോകത്തിലെ സംഭവങ്ങൾക്കു മഹത്ത്വം കൊടുക്കാതിരിക്കുക.

 

24. വേട്ടാളൻ (പുഴു)

ഏതൊരു ജീവിയും നിത്യവും ആരെയാണോ ധ്യാനിക്കുന്നത് അത് ധ്യാനത്താൽ അതേ രൂപമായിത്തീരുന്നു. വേട്ടാളൻ മണ്ണുകൊണ്ടുള്ള മാളം ഉണ്ടാക്കി അതിൽ ഒരു പുഴുവിനെ വച്ച് ഇടയ്ക്കിടയ്ക്ക് അതിൽ ഊതിക്കൊണ്ടിരിക്കും. അങ്ങനെ ആ പുഴുവിനു വേട്ടാളന്‍റെ ധ്യാനം പ്രാപ്തമാകുകയും അത് ഒടുവിൽ വേട്ടാളനായിത്തീരുകയും ചെയ്യും. ഇതുപോലെ മുമുക്ഷുക്കളും ഗുരു ഉപദേശിച്ച മാർഗപ്രകാരം ഈശ്വരധ്യാനത്തിൽ മുഴുകിയാൽ അവർ ഈശ്വരസ്വരൂപമാകും.

സന്ദർഭഗ്രന്ഥം : സനാതൻ സംസ്ഥയുടെ ’ദത്താത്രേയൻ’ എന്ന ലഘുഗ്രന്ഥം

Leave a Comment