പൂജാമണ്ഡപത്തിന്‍റെ നിര്‍മാണം, നിറം, ദിശ എന്നിവയെക്കുറിച്ച് മനസ്സിലാക്കാം !

ഭക്തിമാർഗം അനുഷ്ഠിക്കുന്നവരുടെ ഒരു  പ്രധാനപ്പെട്ട ഉപാസനയാണ് ദേവപൂജ. ദേവപൂജ ചെയ്യുന്നവരുടെ ഗൃഹങ്ങളിൽ പൂജാമുറിയോ പൂജാമണ്ഡപമോ സ്വാഭാവികമായും ഉണ്ടായിരിക്കും. ഈയിടെയായി പല വീടുകളിലും പൂജാമണ്ഡപം ഉണ്ടാക്കുമ്പോൾ അതിന്‍റെ ശാസ്ത്രീയ വശത്തെക്കുറിച്ച് ചിന്തിക്കാതെ അവനവന്‍റെ സൌകര്യം അല്ലെങ്കിൽ സൌന്ദര്യം കണക്കിലെടുത്തുകൊണ്ട് പൂജാമണ്ഡപം ഉണ്ടാക്കുന്നു. ആധ്യാത്മികതയിൽ ഓരോ കാര്യവും ശാസ്ത്രമനുസരിച്ച് ചെയ്യുകയാണെങ്കിൽ മാത്രമേ അതിൽനിന്നും ആധ്യാത്മിക ഗുണം അതായത് ചൈതന്യം കൂടുതലായി ലഭിക്കുകയുള്ളൂ. ഈ ഉദ്ദേശ്യത്തോടെ ഈ ലേഖനത്തിൽ പൂജാമണ്ഡപത്തിന്‍റെ ദിശ, നിറം മുതലായവയോട് അനുബന്ധിച്ചുള്ള അധ്യാത്മശാസ്ത്രപരമായ കാര്യങ്ങൾ വിവരിക്കുന്നു.

 

പൂജാമണ്ഡപം ഏതു ദിശയിലായിരിക്കണം?

’പൂജാമണ്ഡപം എല്ലായ്പോഴും കിഴക്ക്-പടിഞ്ഞാറു ദിശയിലായിരിക്കണം. പൂജാമണ്ഡപത്തിന്‍റെ മുഖം കിഴക്കോട്ടാണെങ്കിൽ ആ ഭാഗത്ത് ശൂന്യസ്ഥലം തയ്യാറാകുന്നു. ഈ ശൂന്യസ്ഥലത്ത് അടങ്ങിയിരിക്കുന്ന ക്രിയാശക്തി ദേവതകളിൽനിന്നും പ്രക്ഷേപിക്കപ്പെടുന്ന തരംഗങ്ങളെ ചലിപ്പിക്കുന്നു. (ബ്രഹ്മാണ്ഡത്തിൽ ഇച്ഛാ, ജ്ഞാനം, ക്രിയ എന്നിങ്ങനെ മൂന്നു ശക്തികളുണ്ട്.) ഇതു ദേവതകളുടെ നിർഗുണ പ്രകടമല്ലാത്ത തരംഗങ്ങളെ പ്രകട സഗുണ തരംഗങ്ങളിലേക്ക് മാറ്റുന്നു. ദേവതകളിൽനിന്നു പ്രക്ഷേപിക്കപ്പെടുന്ന തരംഗങ്ങൾ കാരണം കിഴക്ക് – പടിഞ്ഞാറു ദിശകളുമായി ബന്ധപ്പെട്ട ക്രിയാശക്തി പ്രകടമാകുമ്പോൾ അവ കൂടുതൽ ഊർധ്വഗാമി (മുകളിലേക്ക് സഞ്ചരിക്കുന്നത്) ആയിരിക്കും. അധോഗാമി (കീഴ്ഭാഗത്തേക്ക് സഞ്ചരിക്കുന്ന) തരംഗങ്ങളെക്കാൾ ഊർധ്വഗാമി തരംഗങ്ങളുടെ ഗുണം അന്തരീക്ഷത്തിൽ കൂടൂതൽ നേരം നിലനിൽക്കുന്നു. ദേവതകളിൽനിന്ന് പ്രക്ഷേപിക്കപ്പെടുന്ന സാത്ത്വിക തരംഗങ്ങളുടെ ഗുണം ദീർഘ സമയത്തേക്കു നിലനിർത്തുവാൻ പൂജാമണ്ഡപം കിഴക്ക് – പടിഞ്ഞാറ് ദിശയിലായി വയ്ക്കുന്നു.

നേരെ മറിച്ച് തെക്ക്-വടക്ക് ദിശകളിൽ കേന്ദ്രീകരിക്കപ്പെട്ട ഇച്ഛാശക്തി പ്രകടമാകുമ്പോൾ അവയുടെ ചലനം അധോഗാമിയായിരിക്കും. ഇതിന്‍റെ ഫലമായി അന്തരീക്ഷത്തിലടങ്ങിയിരിക്കുന്ന തിര്യക് തരംഗങ്ങൾ (ബുദ്ധിമുട്ട് തരുന്ന രജ-തമ തരംഗങ്ങൾ) പ്രവർത്തനക്ഷമമാകുന്നു. ഇതു കാരണം ദേവതകളിൽനിന്നു പ്രക്ഷേപിക്കപ്പെടുന്ന സാത്ത്വിക തരംഗങ്ങൾ തടസ്സപ്പെടുകയും നമുക്ക് കിട്ടുന്ന ഗുണം കിഴക്ക്-പടിഞ്ഞാറ് മുഖമുള്ള മണ്ഡപത്തെ അപേക്ഷിച്ച് കുറവായിരിക്കുകയും ചെയ്യും. 

 

പൂജാമണ്ഡപത്തിന്‍റെ നിര്‍മാണം എങ്ങനെ ആയിരിക്കണം ?

A. പൂജാമണ്ഡപം ഏതു തടി ഉപയോഗിച്ച് നിർമിക്കണം ?

പൂജാമണ്ഡപം സാധിക്കുമെങ്കിൽ ചന്ദനമല്ലെങ്കിൽ തേക്കുകൊണ്ട് നിർമിക്കുക. മറ്റു മരങ്ങളെക്കാൾ തേക്കിൽ സാത്ത്വിക തരംഗങ്ങളെ ശേഖരിക്കാനും പ്രക്ഷേപിക്കുവാനുമുള്ള കഴിവ് കൂടുതലാണ്. പൂജിക്കുന്ന വ്യക്തിയുടെ ഈശ്വരനോടുള്ള ഭക്തിഭാവം കാരണം മണ്ഡപത്തിന്‍റെ മുകളിലുള്ള കൂർത്ത ഭാഗത്തേക്ക് ദേവതാതരംഗങ്ങൾ ആകർഷിക്കപ്പെടുകയും, ആവശ്യം അനുസരിച്ച് വാസ്തുവിലേക്ക് പ്രക്ഷേപിക്കപ്പെടുകയും ചെയ്യുന്നു. 

B. പൂജാമണ്ഡപത്തിന്‍റെ നിറം എന്തായിരിക്കണം?

ഇക്കാലത്ത് അലങ്കാരത്തിനായി വീടുകളിലുള്ള പൂജാമണ്ഡപത്തിന് വിവിധ നിറങ്ങൾ കൊടുക്കുന്നു. പൂജാമണ്ഡപത്തിന് മരത്തിന്‍റെ നിറം അതായത് ഇളം തവിട്ടു നിറം കൊടുക്കുന്നതാണ് നല്ലത്. ഇതിനുള്ള കാരണം താഴെ കൊടുക്കുന്നു. ഈശ്വരന് രണ്ടു തത്ത്വങ്ങളുണ്ട് – സഗുണ തത്ത്വവും നിർഗുണ തത്ത്വവും. തവിട്ടു നിറം സഗുണതത്ത്വത്തിന്റേയും നിർഗുണ തത്ത്വത്തിന്റേയും അതിർവരന്പാണ്, അതായത് സഗുണത്തിൽനിന്ന് നിർഗുണത്തിലേക്കുള്ള അവസ്ഥാന്തരത്തെ സൂചിപ്പിക്കുന്നു. പഞ്ചതത്ത്വങ്ങളാൽ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ സഗുണനും നിരാകാരനായ ഈശ്വരൻ നിർഗുണനുമാണ്. ദേവതാപൂജ പോലുള്ള ധാർമിക കാര്യങ്ങളിലൂടെ ഈശ്വരോപാസന നടത്തുമ്പോൾ വ്യക്തിക്ക് സഗുണത്തിൽനിന്ന് നിർഗുണത്തിലേക്ക് അതായത് ദ്വൈതത്തിൽനിന്ന് അദ്വൈതത്തിലേക്ക് ഉയരാൻ സഹായം ലഭിക്കുന്നു. സ്വാഭാവികമായും പൂജാമണ്ഡപത്തിന്‍റെ ഇളം തവിട്ടുനിറം ഈ പ്രയാണത്തിന്  സഹായകമാകുന്നു.

സന്ദർഭം : ’പൂജാമണ്ഡപവും പൂജാസാമഗ്രികളും’ എന്ന സനാതൻ സംസ്ഥയുടെ ലഘുഗ്രന്ഥം

Leave a Comment