സച്ചിദാനന്ദ പരബ്രഹ്മ (ഡോ.) ജയന്ത് ആഠവലെജി വിജയദശമിയോടനുബന്ധിച്ച് നൽകിയ സന്ദേശം

ഹൈന്ദവരേ! സ്വയം പ്രതിരോധിക്കാൻ പ്രാപ്തരാകൂ!

സച്ചിദാനന്ദ പരബ്രഹ്മ (ഡോ.) ജയന്ത് ആഠവലെ

ദശഹര അഥവാ വിജയദശമി എന്നത് കേവലം പരമ്പരാഗത മധുരപലഹാരങ്ങൾ കഴിക്കുന്നതിനോ, ക്ഷണികമായ സന്തോഷം ആഘോഷിക്കുന്നതിനോ ഉള്ള ഒരു ദിവസമല്ല. അധർമ്മത്തിന് മേൽ ധർമ്മത്തിന്റെയും, അനീതിക്ക് മേൽ നീതിയുടെയും വിജയത്തെ ആഘോഷിക്കുന്ന ഒരു ഉത്സവമാണിത്. ഈ ദിവസമാണ് പ്രഭു ശ്രീരാമൻ രാവണനെ വധിച്ച് ധർമ്മധ്വജം ഉയർത്തിയത്; ഈ ദിവസമാണ് മഹിഷാസുരനെ നിഗ്രഹിച്ച് മഹിഷാസുരമർദ്ദിനിയായ ദുർഗ്ഗാദേവി ദുഷ്ടശക്തികളെ ഉന്മൂലനം ചെയ്തത്; ഇതേ ശുഭമുഹൂർത്തത്തിലാണ് ഛത്രപതി ശിവാജി മഹാരാജാവ് സ്വരാജ്യത്തിന്റെ അതിരുകൾ വികസിപ്പിക്കുന്നതിനായി ‘സീമോല്ലംഘനം’ (അതിർത്തി കടക്കൽ) നടത്തിയത്. വീരത്വത്തിന്റെ ഈ മഹത്തായ ചരിത്രം ഇന്നത്തെ കാലത്ത് ഓർമ്മിക്കേണ്ടതുണ്ട്.

ഇന്ന്, ‘ഹിന്ദു’ എന്ന വാക്കിന് വളരെ ദുർബലമായ ഒരു നിർവചനം പ്രചാരത്തിലുണ്ട് – അതായത്, അതിക്രമങ്ങളും കഷ്ടപ്പാടുകളും സഹിക്കുന്നവനാണ് ഹിന്ദു! അയൽരാജ്യങ്ങളിലെ ന്യൂനപക്ഷ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങളായാലും, രാജ്യത്തിനകത്ത് വിവിധ കാരണങ്ങളാൽ ഹിന്ദു ഘോഷയാത്രകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളായാലും, ഹിന്ദു സമൂഹം പലപ്പോഴും വെറും വാക്കാലുള്ള പ്രതികരണങ്ങളിൽ ഒതുങ്ങുകയോ അല്ലെങ്കിൽ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിച്ച് കഴിയുകയോ ചെയ്യുന്നു.

ഹൈന്ദവരേ! അനീതി സഹിക്കുന്നത് ധർമ്മപാലനമല്ല, മറിച്ച് അതൊരു ബലഹീനതയാണെന്ന് തിരിച്ചറിയുക. ഓരോ ആക്രമണത്തിന് ശേഷവും, കേവലം ദുഃഖിക്കുന്നതോ മൗനജാഥകൾ നടത്തുന്നതോ കൊണ്ട് മാത്രം കാര്യമുണ്ടോ? ഇക്കാര്യത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുക.

ഹൈന്ദവരേ! വിജയദശമി എന്നത് ‘സീമോല്ലംഘന’ത്തിന്റെ പ്രതീകമാണ്. ഇന്നത്തെ കാലത്ത് സീമോല്ലംഘനം എന്നാൽ, ഹിന്ദു സമൂഹം തങ്ങളുടെ അപകർഷതാബോധത്തിന്റെയും പരാജയമനോഭാവത്തിന്റെയും അതിരുകൾ ഭേദിച്ച്, ആത്മാഭിമാനവും വീരത്വവും കൈവരിക്കുക എന്നതാണ്. സ്വയവും, തന്റെ കുടുംബത്തെയും സ്വത്തുക്കളെയും സംരക്ഷിക്കാനുള്ള മൗലികാവകാശം നിയമം എല്ലാവർക്കും നൽകുന്നുണ്ടെന്ന് ഓർക്കുക. അതിനാൽ, വരാനിരിക്കുന്ന ദുഷ്കരമായ കാലഘട്ടത്തിൽ സ്വയം സംരക്ഷിക്കാനും കുടുംബാംഗങ്ങളെ കാത്തുസൂക്ഷിക്കാനും പ്രാപ്തരാകൂ!

– സച്ചിദാനന്ദ പരബ്രഹ്മ (ഡോ.) ജയന്ത് ആഠവലെ (സ്ഥാപകൻ, സനാതൻ സംസ്ഥ)