
പൊതുവേ കർമയോഗി എന്ന് ആരെക്കുറിച്ചെങ്കിലും പറയുമ്പോൾ പാവപ്പെട്ടവർക്ക് ദാനം നൽകുന്നവർ, വിദ്യാലയങ്ങൾക്കും കോളേജുകൾക്കും വേണ്ടുന്ന സൌകര്യങ്ങൾ ചെയ്തു കൊടുക്കുന്നവർ, സാമൂഹികമായ കാര്യങ്ങൾ ചെയ്യുന്നവർ ഇവരാണ് ഓർമ വരുന്നത്. എന്നാൽ യഥാർഥത്തിൽ അദ്ധ്യാത്മത്തിൻ്റെ കാഴ്‌ചപ്പാടിൽ ഇത് കർമയോഗം അല്ല. സാമൂഹികമായ കാര്യങ്ങൾ ചെയ്യുന്ന വ്യക്തി മിക്കവാറും വൈകാരികമായോ അല്ലെങ്കിൽ പേരിനു വേണ്ടിയോ പ്രശസ്തിക്കുവേണ്ടിയോ കാര്യങ്ങൾ ചെയ്യുന്നു. അതിനാൽ ആ കർമത്തെ കർമയോഗം എന്ന് പറയുവാൻ സാധിക്കുകയില്ല. എന്നാൽ യാതൊന്നും ചെയ്യാത്തവരെക്കാൾ അതായത് തനിക്കുവേണ്ടി മാത്രം ജീവിക്കുന്നവരുമായി താരതമ്യം ചെയ്യുമ്പോൾ സമൂഹത്തിനുവേണ്ടി വല്ലതും ചെയ്യുന്നത് നല്ല കാര്യം തന്നെയാണ്. എന്നാൽ ഇതിൽ ഒരു പരിധിക്കപ്പുറം ആദ്ധ്യാത്മിക ഉന്നതി ഉണ്ടാകുന്നില്ല. അതിനാൽ എന്താണ് കർമയോഗം എന്ന് ശരിയായി മനസ്സിലാക്കേണ്ടത് മഹത്ത്വപൂർണമാണ്.
1. കർമയോഗം എന്നു വച്ചാൽ എന്താണ് ?
1. ഏതു കർമങ്ങൾ ചെയ്യുന്നതിലൂടെയാണ് നമുടെ ആധ്യാത്മിക ഉന്നതിയായി നമുക്ക് ഈശ്വരപ്രാപ്തി ഉണ്ടാകുന്നത് അത്തരം കർമങ്ങൾ ചെയ്യുക. ആധ്യാത്മിക ഉന്നതി എങ്ങനെ ഉണ്ടാകുന്നു? സാധന ചെയ്യുന്നതിലൂടെ മാത്രമേ ആദ്ധ്യാത്മിക ഉന്നതി ഉണ്ടാവുകയുള്ളൂ. സാധന ചെയ്യുന്നതിലൂടെ ആധ്യാത്മിക ഉന്നതി ഉണ്ടായി നമൾ ബ്രഹ്മവുമായി അല്ലെങ്കിൽ ഈശ്വരനുമായി എന്നെന്നേക്കുമായി ഒന്നിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ സാധന ചെയ്താൽ ജനന മരണത്തിന് അതീതമായി മുക്തമാകുന്നു. അതാണ് യഥാർഥ കർമയോഗം.
2. ‘നമുടെ സ്വഭാവവും പ്രവണതകളും ക്രമേണ തമോഗുണപ്രധാനതയിൽ നിന്ന് രജോഗുണ – പ്രധാനതയിലേക്ക് മാറുകയും പിന്നീട് സത്ത്വഗുണത്തിൽ സ്ഥിരത പ്രാപിക്കുകയും അതിനുശേഷം ഭഗവാനോടുള്ള ഭാവത്തിൽ മനസ്സ് സ്ഥിതി ചെയ്യുവാൻ തുടങ്ങുമ്പോൾ, നമുടെ തപസ്സ് സഫലമായി എന്നു മനസ്സിലാക്കാം. ഇതിനെയാണ് കർമയോഗം എന്ന് പറയുന്നത്.’ – പൂജനീയ കാണേ മഹാരാജ്, നാരായൺഗാവ്, പുണേ, മഹാരാഷ്ട്ര.
3. ഹിന്ദു ധർമവും വേദഗ്രന്ഥങ്ങളും ഉപദേശിക്കുന്നതുപോലെ, ഫലത്തോടുള്ള ആസക്തിയും പ്രതീക്ഷകളും ത്യജിച്ചുകൊണ്ട് കർമം അനുഷ്ഠിക്കുക എന്നത് കർമയോഗത്തിൻ്റെ ഒരു പരിപൂർണ്ണമായ നിർവചനമാണ്.
2. കർമവും കർമയോഗവും
കർമം എന്നാൽ ഒരു പ്രവൃത്തി അല്ലെങ്കിൽ ചെയ്തി എന്നർഥം. കർമം എന്നു വച്ചാൽ ഭക്ഷണം കഴിക്കുക, നടക്കുക, വണ്ടി ഓടിക്കുക, ചിരിക്കുക തുടങ്ങിയ ശാരീരിക പ്രവൃത്തികൾ മാത്രമല്ല മറിച്ച് അഞ്ച് ജ്ഞാനേന്ദ്രിയങ്ങൾ, അഞ്ച് കർമേന്ദ്രിയങ്ങൾ, മനസ്സ്, ബുദ്ധി എന്നിവയാൽ നിർവ്വഹിക്കപ്പെടുന്ന എല്ലാ കർമങ്ങളും ഇതിൽ ഉൾപ്പെടുന്നു.
കർമയോഗം എന്നു വച്ചാൽ നമുടെ ആത്മീയ വളർച്ചയ്ക്ക് കാരണമാകുന്ന കർമം അനുഷ്ഠിക്കുക. അതുവഴി നാം ബ്രഹ്മം അല്ലെങ്കിൽ ഈശ്വരനുമായി ശാശ്വതമായി ബന്ധപ്പെട്ടിരിക്കും. ചുരുക്കത്തിൽ കർമം ചെയ്യുന്നതിലൂടെ ജനനമരണ ചക്രത്തൽ നിന്ന് മോചനം നേടുന്നതാണ് കർമയോഗം.
യോഗയുക്തോ വിശുദ്ധാത്മാ വിജിതാത്മാ ജിതേന്ദ്രിയഃ ।
സർവഭൂതാത്മഭൂതാത്മാ കുർവന്നപി ന ലിപ്യതേ ॥
– ശ്രീമദ്ഭഗവദ്ഗീത 5.7
അർഥം : പഞ്ചേന്ദ്രിയങ്ങളെയും മനസ്സിനെയും കീഴടക്കിയ, ഭക്തിയോടെ കർമങ്ങൾ ചെയ്യുന്നവൻ എല്ലാവർക്കും പ്രിയപ്പെട്ടവനാണ്, എല്ലാവരും അവനും പ്രിയപ്പെട്ടവരാണ്. അവൻ തുടർച്ചയായി കർമങ്ങൾ ചെയ്താലും, അതിൽ കുടുങ്ങിപ്പോകുന്നില്ല, അതായത്, അവൻ കർമങ്ങളുടെ ബന്ധനത്തിൽ നിന്ന് മുക്തനാണ്.
A. കർമയോഗത്തിലെ കർമങ്ങൾ വെറും പ്രവർത്തികളല്ല, വേദങ്ങളിൽ ഉപദേശിച്ചിട്ടുള്ള കർമങ്ങളാണ്
ഇന്ന് പലരും, ‘യോഗഃ കർമസു കൌശലം.’ എന്ന സംസ്‌കൃത വചനത്തെ ‘കർമം ചെയ്യുന്നതിൽ വൈദഗ്ദ്ധ്യം നേടുക എന്നതാണ് കർമയോഗം’ എന്ന് വ്യാഖ്യാനിക്കുന്നു. ഏതൊരു കർമവും വിദഗ്ദ്ധമായി ചെയ്യുന്നതാണ് കർമയോഗമാണെന്ന് ഇന്ന് ആളുകൾ കരുതുന്നു. എന്നാൽ ഇവിടെ കർമം എന്നത് ഏതൊരു കർമവും അല്ല മറിച്ച് വേദവിഹിതമായ കർമങ്ങൾ അതായത് വേദങ്ങൾ മുഖേന അല്ലെങ്കിൽ ധർമം മുഖേന പറഞ്ഞ കർമങ്ങളെയാണ് ഉദ്ദേശിക്കുന്നത്.
B. വേദങ്ങളിൽ പരാമർശിക്കാത്ത കർമങ്ങൾ വിദഗ്ദ്ധമായി ചെയ്യുന്നത് കർമയോഗമല്ല
അശാസ്ത്രീയമോ അധാർമീകമോ ആയ കർമങ്ങൾ പ്രാവീണ്യത്തോടുകൂടി ചെയ്യുന്നത് കർമയോഗം ആകുന്നില്ല. ഉദാഹരണത്തിന് മദ്യപാനം, പുകവലി മുതലായ കർമങ്ങൾ, ഇവ നമ്മുടെ ധർമത്തിൽ നിഷിദ്ധമാണ്. ആരെങ്കിലും ഈ കർമങ്ങൾ പൂർണ മനസ്സോടെയും ഇഷ്ടത്തോടുകൂടിയും ശാന്തമായും ചെയ്യുകയാണെങ്കിൽ അത് കർമയോഗം ആകുമോ? തീർച്ചയായും ആകില്ല. ഏത് കർമമാണോ ധർമത്തിന് സ്വീകാര്യമല്ലാത്തത് അതൊരിക്കലും കർമയോഗം ആവുകയില്ല. അത് എത്ര തന്നെ പ്രാവീണ്യത്തോടുകൂടി ചെയ്യുകയായാൽ പോലും അത് സ്വീകാര്യമാവുകയില്ല. ‘കർമ ബ്രഹ്മോത്ഭവ വിധി’, എന്ന് ശ്രീകൃഷ്‌ണ ഭഗവാൻ പറഞ്ഞിട്ടുണ്ട്. അതായത് കർമം ബ്രഹ്മത്തിൽ നിന്നും ഉണ്ടാകുന്നു. ബ്രഹ്മം എന്നാൽ വേദം. വേദവിഹിത കർമങ്ങൾ മാത്രമാണ് കർമ യോഗത്തിൽ ഉൾപ്പെടുന്നത്.
കർമയോഗത്തിൻ്റെ മാധ്യമത്തിലൂടെ നമ്മുടെ കർമം അതായത് പ്രവർത്തി മാത്രം നന്നായാൽ പോര, മറിച്ച് നമ്മുടെ മനസ്സ്, ബുദ്ധി ചിന്തകൾ ഇവ കൂടി ഈശ്വരൻ ആഗ്രഹിക്കുന്നതു പോലെ ആകേണ്ടതുണ്ട്. ഈ യോഗത്തിലൂടെ മുക്തി സാധ്യമാകുന്നു. അതായത് അന്തഃകരണം പ്രസന്നമാകുന്നു. – ഗുരുദേവ് ഡോ. കാട്ടേസ്വാമിജി എഴുതിയ ‘ശ്രീമദ്ഭഗവദ്ഗീത, അധ്യായ 2’ എന്നതിൽ നിന്ന്.
സന്ദർഭം : സനാതൻ സംസ്ഥയുടെ ‘കർമയോഗം’ എന്ന ഗ്രന്ഥം