സുഖ നിദ്രയ്ക്കുള്ള നിർദേശങ്ങൾ

ഉറക്കം എന്നത് ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ഇന്നത്തെ തിരക്കുപിടിച്ച ജീവിത ശൈലി, ഗാർഹിക പ്രശ്നങ്ങൾ, ജോലി സ്ഥലത്തെ അമിത സമ്മർദം എന്നിവയെല്ലാം സുഖനിദ്ര എന്നത് വളരെ ദുർലഭമായ ഒന്നാക്കി തീർക്കുന്നു. നിദ്രയെ സംബന്ധിച്ച പ്രകൃതി നിയമങ്ങളോടുള്ള അവഗണന, ധർമ്മം അനുശാസിക്കുന്ന ആചാരങ്ങൾ പിന്തുടരാതെ വരുക എന്നിവയെല്ലാം തന്നെ നിദ്രാവിഹീനതയുടെ മൂല കാരണങ്ങളായി കണക്കാക്കപ്പെടുന്നു. ശാന്തമായ നിദ്ര ലഭിക്കുന്നതിന് ഉറങ്ങുന്നതിന് മുന്നോടിയായി നാം നടത്തേണ്ടുന്ന ചില തയ്യാറെടുപ്പുകളെ കുറിച്ചാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്. ഉറങ്ങുന്നതിന് മുൻപായി നാം ചെയ്യേണ്ടുന്ന പ്രാർത്ഥനകൾ, ജപിക്കേണ്ട മന്ത്രങ്ങൾ എന്നിവയെക്കുറിച്ചും ഇതിൽ പ്രതിപാദിക്കുന്നു.

1. ഉറങ്ങാൻ പോകുന്നതിന്
മുൻപായി നാം നടത്തേണ്ടുന്ന തയ്യാറെടുപ്പുകൾ

A. ആചമനം  ചെയ്യുക

ആചമനം ചെയ്താൽ ചിത്തശുദ്ധി ആകുന്നു.

B. കാൽപാദങ്ങൾ നനഞ്ഞിരിക്കുവാൻ പാടില്ല

കാൽപാദങ്ങൾ നനഞ്ഞിരിക്കുകയാണെങ്കിൽ  നനവ് പൂർണമായും തുടച്ചു നീക്കുക.

സമാഹർത്താവ് : ഉറങ്ങുന്നതിന് മുൻപ് കാൽപാദങ്ങൾ നനഞ്ഞിരിക്കുന്നുവെങ്കിൽ പാദങ്ങൾ നന്നായി തുടയ്ക്കണം എന്ന് നിർദേശിക്കുന്നതിന് പിന്നിലുള്ള ശാസ്ത്രം എന്താണ്?

ഒരു ജ്ഞാനി : ഉറങ്ങാൻ പോകുമ്പോൾ നമ്മുടെ കാൽപാദങ്ങൾ നനഞ്ഞിരിക്കുന്നുവെങ്കിൽ നമ്മുടെ കാൽപാദങ്ങളിൽ നിന്നും ജല തത്ത്വത്തിന്റെ തരംഗങ്ങൾ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടും.  സൂക്ഷ്മമായ ജല തത്ത്വ തരംഗങ്ങൾ ക്രമേണ ശരീരം മുഴുവനും വ്യാപിക്കും. ശരീരത്തിലെ എല്ലാ കോശങ്ങളിലേക്കും എത്തിചേരുന്നു. ജലം ശരീരത്തെ കൂടുതൽ സംവേദനാക്ഷമമാക്കുകയും തൻമൂലം ആന്തരിക കോശങ്ങൾ കൂടുതൽ പ്രവർത്തനക്ഷമമാവുകയും ചെയ്യുന്നു. ജലത്തിന് എല്ലാത്തിനെയും ആഗിരണം ചെയ്യുന്നതിനുള്ള കഴിവുള്ളതിനാൽ പോസിറ്റീവും നെഗറ്റീവുമായ സ്പന്ദനങ്ങളോട് ഒരേ പോലെ പ്രതികരിക്കുന്നു. ഉറങ്ങുന്ന വ്യക്തി എപ്പോഴും ഭൂമിയുമായി ബന്ധപ്പെട്ടാണ് നിൽക്കുന്നത്, ഭൂമിയിൽ നിന്ന് പുറത്തേക്ക് വരുന്ന അലകൾ നനഞ്ഞ ശരീരത്തിലേക്ക് ആകർഷിക്കപ്പെടുന്നു. ഈ അലകൾ ആന്തരിക കോശങ്ങളിലേക്കും വ്യാപിക്കപ്പെടുന്നു, അതിലൂടെ രജ-തമോ ഗുണങ്ങളുടെ അനുപാതത്തിൽ വർദ്ധനവുണ്ടാകുന്നു. ഇത് ഉറങ്ങുന്ന വ്യക്തിക്ക് അസ്വസ്ഥതകൾ ഉളവാക്കുകയും അയാൾ പേടി സ്വപ്നങ്ങൾ കാണുകയും ഉറക്കത്തിൽ നിലവിളിക്കുകയും ചെയ്യുന്നു. ഇവർ രാത്രിയിലുടനീളം (ഉറക്കത്തിലുടനീളം) അസ്വസ്ഥരായി കാണപ്പെടുന്നു. അതിനാൽ ഉറങ്ങുന്നതിനു മുൻപായി കാലുകൾ നനഞ്ഞിരിക്കുകയല്ലായെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. നനവില്ലാത്ത ഒരു ശരീരത്തിൽ മാത്രമേ തേജ തത്ത്വം നിറയുകയ്യുള്ളൂ. ഇങ്ങനെ ചെയ്യുന്നതിലൂടെ അനിഷ്ട ശക്തികളുടെ ഉപദ്രവത്തിന്റെ സാധ്യതയും  കുറയുന്നതാണ്.

(12.07.2005, രാത്രി 9:45ന് സദ്ഗുരു (ശ്രീമതി.) അഞ്ജലി ഗാഡ്ഗിൽ വഴി ലഭിച്ച ജ്ഞാനം)

C. ഉറങ്ങുന്ന സമയത്ത് വെള്ളം നിറച്ച
ഒരു മൊന്തയോ കിണ്ടിയോ ശിരസ്സിനടുത്തായി
വയ്ക്കണം എന്ന് പറയുന്നത് എന്തുകൊണ്ടാണ്?

1. ജലം നിറച്ച കിണ്ടി ഉറങ്ങുന്ന സമയത്ത് ശിരസ്സിനടുത്തായി  വയ്ക്കുന്നതിലൂടെ അനിഷ്ട ശക്തികളുടെ ഉപദ്രവത്തെ തടയുവാൻ സാധിക്കുന്നു.

A. ജലം എന്നത് വളരെയധികം സംവേദനാക്ഷമത ഉള്ള മാധ്യമം ആണ്. അതായത് സഗുണവും നിർഗുണവുമായ തരംഗങ്ങളെ ഒരേ അനുപാതത്തിൽ ആഗിരണം ചെയ്യുന്നതിനുള്ള കഴിവ് ജലത്തിന് വളരെയധികം ഉണ്ട്. അതിനാൽ ജലം നിറച്ച കിണ്ടി ഉറങ്ങുന്ന വേളയിൽ ശിരസ്സിനു സമീപമായി വച്ചിരുന്നാൽ അത് ശരീരത്തെ അനിഷ്ട ശക്തികളിൽ നിന്നും സംരക്ഷിക്കുവാൻ സഹായിക്കും.

B. ദിവസം മുഴുവൻ ഉള്ള സാധനയിലൂടെ (ആത്മീയ ഉപാസന) ലഭിച്ച സാത്ത്വിക തരംഗങ്ങൾ ഈ ജലത്തിന്റെ സാന്നിധ്യത്തിൽ ഉണർന്ന് പ്രവർത്തിക്കുന്നു.

C. ഉറങ്ങുന്ന വേളയിൽ ശിരസ്സിനു സമീപത്തായി വച്ചിരിക്കുന്ന ജലത്താൽ നിറഞ്ഞ കിണ്ടിയുടെ സാന്നിധ്യം കാരണം ബ്രഹ്മരന്ധ്രം ഊർജ്ജസ്വലമായിരിക്കുന്നു.

D. ഇങ്ങനെ ചെയ്യുമ്പോൾ സാധനയിലൂടെ നാം നേടിയെടുത്ത ചൈതന്യത്തെ അനിഷ്ട ശക്തികൾക്ക് നശിപ്പിക്കാൻ സാധിക്കാതെ വരുന്നു. രാത്രിയുടെ തമോഗുണം കാരണം നമ്മുടെ ശരീരത്തിലെ സ്വാത്ത്വിക ഊർജ്ജം അനിഷ്ട ശക്തികളിൽ നിന്ന് നമ്മെ പൊരുതി സംരക്ഷിക്കുന്നു.

2. സാധാരണ ആളുകൾ രാത്രി ശിരസ്സിന് സമീപം വയ്ക്കുന്ന കിണ്ടിയിൽ അല്പം ഭസ്മമോ കർപ്പൂരമോ കലർത്തിയ വെള്ളം അല്ലെങ്കിൽ തീർഥക്ഷേത്രങ്ങളിൽ നിന്ന് കൊണ്ടു വന്ന ജലം നിറയ്ക്കുക.

സാധാരണ ആളുകൾ സാധന ചെയ്യാത്തത് കാരണം അവർ കിണ്ടിയിൽ നിറയ്ക്കുന്ന ജലം സാത്ത്വികം ആക്കേണ്ടി വരും. അതിനാൽ അല്പം ഭസ്മമോ കർപ്പൂരമോ കലർത്തിയ വെള്ളം അല്ലെങ്കിൽ തീർഥക്ഷേത്രങ്ങളിൽ നിന്ന് കൊണ്ടു വന്ന ജലം നിറയ്ക്കുന്നത് കൂടുതൽ ഗുണകരമായിരിക്കും.

D. ഉറങ്ങുന്നയാളുടെ സമീപത്തായി
ഒരു ദണ്ഡ് സൂക്ഷിക്കുന്നതിനു പിന്നിലുള്ള ശാസ്ത്രം.

1. തടിയിൽ സുപ്താവസ്ഥയിലുള്ള അഗ്നിയും അതിന്റെ പ്രവർത്തനവും

തടിയിൽ സുപ്താവസ്ഥയിൽ അഗ്നി തത്ത്വം കുടികൊള്ളുന്നു, അതിനാൽ തേജതത്ത്വ തരംഗങ്ങൾ ഇതിൽ നിന്നും പുറത്തേക്ക് സദാ വന്നുകൊണ്ടിരിക്കുന്നു. രാത്രിയുടെ തമോഗുണപ്രദമായ ഘട്ടത്തിൽ ഈ തരംഗങ്ങൾ വ്യക്തിയെ അനിഷ്ട തരംഗങ്ങളിൽ നിന്നും സംരക്ഷിച്ചു നിർത്തുന്നു.

2. ഉറങ്ങുന്നയാളുടെ സമീപത്തായി ദണ്ഡ് വയ്ക്കുന്ന രീതിയും അതിന്റെ പിന്നിലുള്ള ശാസ്ത്രവും

A. ഉറങ്ങുന്നയാളുടെ വലതു ഭാഗത്തായി ദണ്ഡ് വയ്ക്കുന്നതിലൂടെ ദണ്ഡിലുള്ള തേജ തത്ത്വവുമായുള്ള സമ്പർക്കത്തിലൂടെ വ്യക്തിയുടെ വലതു ഭാഗത്തുള്ള, പിംഗള നാഡി, സദാ ജാഗരൂകമായിരിക്കുന്നു. വ്യക്തിയിലുള്ള ക്ഷാത്ര വീര്യം ഉറങ്ങുന്ന വേളയിൽ പോലും പ്രവർത്തനക്ഷമമായിരിക്കുവാൻ ഇത് സഹായിക്കുന്നു.

B. ക്ഷാത്ര തേജസ്സ് കാരണം വ്യക്തിയുടെ സ്ഥൂല ശരീരം സദാ ജാഗരൂകവും സംവേദനാക്ഷമവുമായി രാത്രി സമയങ്ങളിൽ ഉപദ്രവിക്കുന്ന അനിഷ്ട ശക്തികളെ ചെറുത്തു നിർത്താൻ സഹായിക്കുന്നു. – ഒരു ജ്ഞാനി [സദ്ഗുരു (ശ്രീമതി.) അഞ്ജലി ഗാഡ്ഗിൽ മുഖാന്തരം ലഭിച്ച ജ്ഞാനം]

 

2. ഉറങ്ങുവാൻ പോകുന്നതിന് മുൻപായി
ചൊല്ലേണ്ടുന്ന മന്ത്രങ്ങളും പ്രാർത്ഥനകളും

A. രാത്രിസൂക്തം

സൂര്യസൂക്തങ്ങൾ എന്നതുപോലെ (വേദങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന സൂര്യദേവനെ പ്രകീർത്തിക്കുന്ന മന്ത്രങ്ങൾ) രാത്രി സൂക്തങ്ങളും ഉണ്ട് (രാത്രിയുടെ ദേവതയെ പ്രകീർത്തിക്കുന്ന വേദമന്ത്രങ്ങൾ). നിദ്രയെ നിദ്രാദേവിയായാണ് നാം കണക്കാക്കുന്നത്. അനേകം ദേവതകളിൽ ഒന്നാണ് നിദ്രാദേവീ. ഉറങ്ങുന്നതിന് മുമ്പ് രണ്ടോ മൂന്നോ തവണ രാത്രി സൂക്തം ചൊല്ലുക. വേദങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നത് പ്രകാരം ചൊല്ലുവാൻ കഴിയുന്നവർ അങ്ങനെ തന്നെ ചൊല്ലണം.

B. ഉറങ്ങുന്നതിനു മുമ്പ് ചൊല്ലേണ്ടുന്ന മന്ത്രങ്ങളും ശ്ലോകങ്ങളും.

യാ ദേവീ സർവ്വഭൂതേഷൂ നിദ്രാ രൂപേണ സംസ്ഥിതാ.
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ.

-ശ്രീ ദുർഗാസപ്തശതി, അദ്ധ്യായം 5, 16-ആം ശ്ലോകം.

അർത്ഥം : എല്ലാ ജീവജാലങ്ങളിലും നിദ്രയുടെ രൂപത്തിൽ കുടികൊള്ളുന്ന ആ ദേവിയെ ഞാൻ മൂന്നു തവണ വണങ്ങുന്നു.

ഈ ശ്ലോകം ആവർത്തിച്ചു ചൊല്ലികൊണ്ട് കിടക്കുക. ഇത് ചൊല്ലുന്നതിലൂടെ നാം സാവധാനം നമ്മുടെ ചിന്തകളിൽ നിന്നും മോചിതരാകുന്നു. നമ്മുടെ ഉള്ളിൽ ക്രമേണ ഒരു താളം ഉടലെടുക്കുന്നു, തുടർന്ന് ഒരു പത്ത് മിനുട്ടുകൾക്കുള്ളിൽ നാം അഗാധ നിദ്രയിലേക്കു വഴുതി വീഴും.

ദുഃസ്വപ്നങ്ങൾ ഒഴിവാക്കാനായി ചൊല്ലേണ്ട മന്ത്രം.

രാമം സ്കന്ദം ഹനുമന്തം വൈനതേയം വൃകോദരം.
ശയനേ യഃ സ്മരേന്നിത്യം ദുഃസ്വപ്നസ്തസ്യ നശ്യതി.

അർത്ഥം : ശ്രീരാമൻ, കാർത്തികേയൻ, ഹനുമാൻ, ഗരുഡൻ, ഭീമൻ എന്നിവരെ ഉറങ്ങാൻ പോകുന്ന വേളയിൽ ഓർക്കുന്നതിലൂടെ ദുഃസ്വപ്നങ്ങളെ ഒഴിവാക്കാവുന്നതാണ്.

C. ഉറങ്ങുന്നതിനു മുമ്പ് നിദ്രാദേവിയോട്
അല്ലെങ്കിൽ ഉപാസ്യദേവതയോട് പ്രാർഥിക്കുക

1. ശുഭവും അശുഭവുമായ എല്ലാ കർമ്മങ്ങളും ഈശ്വര ചരണങ്ങളിൽ സമർപ്പിക്കുക, അതേപോലെ പുണ്യ കർമങ്ങളും പാപ കർമ്മങ്ങളും അറിഞ്ഞോ അറിയാതെയോ ചെയ്ത എല്ലാ കാര്യങ്ങളും ഈശ്വര ചരണങ്ങളിൽ സമർപ്പിക്കുക. അന്നേ ദിവസം ചെയ്ത തെറ്റുകൾക്ക് ഭഗവാനോട് ക്ഷമ ചോദിക്കുക. – ഗുരുദേവ് ഡോക്ടർ കാടേസ്വാമിജി

2. ഉപാസ്യദേവതയോടുള്ള പ്രാർത്ഥന – ഉറങ്ങുന്ന വേളയിലും എന്റെ അന്തഃകരണത്തിൽ നാമജപം തുടർന്നുകൊണ്ടിരിക്കണേ, എനിക്ക് ശാന്തമായി ഉറങ്ങുവാൻ സാധിക്കണമേ.

3. പ്രാർത്ഥനയ്ക്ക് ശേഷം ഉറങ്ങുവാൻ പോയതിലൂടെ ലഭിച്ച ആത്മീയ അനുഭവങ്ങൾ.

നിദ്രാദേവിയോട് പ്രാർത്ഥിച്ച ഉടനെ തന്നെ ഗാഢനിദ്ര ലഭിച്ചു !

25.08.2006ന് രാത്രി എനിക്ക് ഉറങ്ങുവാൻ സാധിക്കുന്നുണ്ടായിരുന്നില്ല, അതിനാൽ ഞാൻ ഇങ്ങനെ പ്രാർത്ഥിച്ചു – ‘നിദ്രാദേവീ, എനിക്ക് അനിഷ്ട ശക്തികളുടെ ഉപദ്രവമില്ലാതെ നന്നായി ഉറങ്ങാൻ കഴിയണമേ.’ തന്മൂലം എനിക്ക് നന്നായി ഉറങ്ങുവാൻ സാധിച്ചു. – കൗശൽ നിതിൻ, മീരജ്, മഹാരാഷ്ട്ര (15 വയസ്സ്)

E. ഉപാസ്യദേവതയുടെ നാമം ജപിക്കുക

ഉറങ്ങുവാനായി കിടക്കുമ്പോൾ  ഉപാസ്യദേവതയുടെ നാമം ജപിച്ചുകൊണ്ട് കിടക്കുക.

 

3. ഉറങ്ങുന്ന വേളയിൽ അനിഷ്ട
ശക്തികളിൽ നിന്ന് സംരക്ഷിക്കപ്പെടുന്നതിന്
ചെയ്യേണ്ടുന്ന ആത്മീയ പ്രതിവിധികൾ

1. സ്വാത്തിക ഗുണമുള്ള ചന്ദനത്തിരി തലയിണയ്ക്ക് കുറച്ച് അകലെയായി ഉറങ്ങുന്ന വേളയിൽ കത്തിച്ചു വയ്ക്കണം. കൊളുത്തിയ ചന്ദനത്തിരി മുറിയിൽ ആകെ അതിന്റെ സുഗന്ധം കിട്ടുന്നരീതിയിൽ ഉഴിയുകയും ചെയ്യണം.

2. എള്ളെണ്ണ അല്ലെങ്കിൽ നെയ്യ് ഒഴിച്ച ഒരു വിളക്ക് ചെറിയ  നാളത്തോടെ ശിരസ്സിന് കുറച്ച് അകലെയായി കത്തിച്ചു വയ്ക്കുക.

3. ഉറങ്ങുവാൻ പോകുന്നതിന് മുമ്പ് ഭസ്മമോ അല്ലെങ്കിൽ ഭസ്മം കലർത്തിയ വെള്ളമോ കിടക്കയ്ക്ക് ചുറ്റും തളിക്കുക.

4. കൈകളിലും കാൽപ്പാദങ്ങളിലും ഭസ്മം പുരട്ടുക.

5. സാത്ത്വിക നാമജപ പത്രികകൾ കിടക്കയ്ക്ക് ചുറ്റും വയ്ക്കുക. ശ്രീ ഗണപതി ഭഗവാന്റെ നാമജപ പത്രിക ശിരസ്സിനും കാൽപ്പാദത്തിനും സമീപത്തായി വയ്ക്കുക. ശ്രീ കൃഷ്ണ ഭഗവാന്റെ നാമജപ പത്രികകൾ ഇരു കൈകൾക്ക് സമീപത്തായി വയ്ക്കുക. നമ്മുടെ സൌകര്യമനുസരിച്ച് ഇവ കിടയ്ക്കയ്ക്ക് മുകളിലായോ താഴെയായോ വയ്ക്കാവുന്നതാണ്. മുകളിൽ പറഞ്ഞത് പ്രകാരം നാമജപ പത്രികകൾ വയ്ക്കുവാൻ സാധിക്കുന്നില്ലാ എങ്കിൽ ഭസ്മം കലർത്തിയ വെള്ളം ചുറ്റും തളിക്കുക. കിടക്കയിൽ ഇരുന്നുകൊണ്ട് ഭസ്മം കലർത്തിയ ജലം നിദ്രാ ദേവിയെ പ്രാത്ഥിച്ചു കൊണ്ട് കിടക്കയ്ക്കു ചുറ്റും മൂന്നു തവണ ഘടികാരദിശയിൽ തളിക്കുക. അതിനുശേഷം കിടക്ക വിട്ട് എഴുന്നേൽക്കുവാൻ പാടില്ല, കാരണം അങ്ങനെ ചെയ്താൽ സൃഷ്ടിക്കപ്പെട്ട സംരക്ഷണ കവചം നഷ്ടമാകും. എന്തെങ്കിലും കാരണവശാൽ എളുന്നേൽക്കേണ്ടതായി വന്നാൽ വീണ്ടും ഈ ക്രിയ ആവർത്തിക്കുക.

6. പരമ പൂജനീയ ഭക്തരാജ് മഹാരാജ് ജീ ആലപിച്ച ഭജനങ്ങൾ (കുറിപ്പ് 1) കേട്ടു കൊണ്ട് കിടക്കുക.

7. കിടക്കയ്ക്ക് ചുറ്റും ഒഴിഞ്ഞ കാർഡ്ബോഡ്പ്പെട്ടികൾ വയ്ക്കാവുന്നതാണ്. (കുറിപ്പ് 2)

കുറിപ്പ് 1 : പരമ പൂജനീയ ഭക്തരാജ് മഹാരാജ്, സനാതൻ സംസ്ഥയുടെ പ്രേരണാസ്രോതസ്സാണ്. അദ്ദേഹം സ്വയമാണ് ഈ ഭജന പാട്ടുകൾ രചിച്ചതും, അതിന് സംഗീതം നൽകിയതും അവ ആലപിച്ചതും. ഈ ഭജനകളിൽ നിന്നുള്ള ചൈതന്യം അനിഷ്ട ശക്തികളിൽ നിന്നും നമ്മെ സംരക്ഷിക്കുന്നു.

കുറിപ്പ് 2 : ഒരു വശം മാത്രം തുറന്നു വച്ചുകൊണ്ടുള്ള ഒരു കാർഡ്ബോഡ്പ്പെട്ടിയിൽ ശൂന്യത സൃഷ്ടിക്കപ്പെടുന്നു. ഇത് നിർഗുണ തത്ത്വത്തെ പ്രതിനിധാനം ചെയ്യുന്നു. നിർഗുണ തത്ത്വം അനിഷ്ട ശക്തികളെ നശിപ്പിക്കുന്നു.

 

സന്ദർഭം : സനാതൻ സംസ്ഥ തയ്യാറാക്കിയ ‘എങ്ങനെ ശാന്തമായി ഉറങ്ങാം?’ എന്ന ഗ്രന്ഥം.