ഓണം അഥവാ വാമന ജയന്തി

മഹാബലിയെന്ന് കേള്‍ക്കുന്ന മാത്രയില്‍ ഏതൊരു മലയാളിയുടെയും മനസ്സില്‍ കപ്പടാമീശയും ഉന്തിയ വയറുമുള്ള ഒരു പൊണ്ണത്തടിയന്‍ ഓലക്കുടയുമായി വരുന്ന ഒരു അപഹാസ്യചിത്രമാണ് തെളിയുന്നത്. പുരാണകഥാപാത്രങ്ങളെ ഇത്തരത്തില്‍ വികൃതമായി ചിത്രീകരിക്കുവാനും പുരാണകഥകളെ വളച്ചൊടിച്ച് അസംബന്ധങ്ങള്‍ പലതും പ്രചരിപ്പിക്കുവാനും ചില കുത്സിതമതികളും മാധ്യമങ്ങളും മത്സരിക്കുകയാണ്. ഹൈന്ദവധര്‍മ്മത്തെ അപമാനിക്കുവാനും അപകീര്‍ത്തിപ്പെടുത്തുവാനുമുള്ള ഇത്തരത്തിലുള്ള കുത്സിത പ്രവര്‍ത്തനങ്ങളെ ശക്തമായും യുക്തമായും എതിര്‍ത്തു തോല്‍പ്പിക്കേണ്ടതുണ്ട്.

മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും

നല്ലവനും സത്യസന്ധനുമായ മഹാബലിയുടെ കാലത്തെപ്പറ്റി കേരളത്തിലെങ്ങും പ്രചാരമുള്ള ഒരു നാടന്‍ പാട്ടാണിത്. നല്ലവനായ മഹാബലിയെന്ന ദളിതനായ അസുര ചക്രവര്‍ത്തിയെ വാമനനെന്ന സവര്‍ണ്ണന്‍ ചതിച്ച്, മഹാബലി അടക്കി വാണിരുന്ന മൂന്നുലോകവും രണ്ടടികൊണ്ടളന്നു കൈക്കലാക്കി മൂന്നാമത്തെ കാലടി വയ്ക്കുവാന്‍ സ്ഥലമില്ലാതെ വന്നപ്പോള്‍ മഹാബലിയുടെ തലയില്‍ കാല്‍വെച്ച് പാതാളത്തിലേക്കു ചവിട്ടിത്താഴ്തിയത്രെ. പ്രതിവര്‍ഷം ചക്രവര്‍ത്തിക്ക് തന്റെ പ്രജകളെ കാണുന്നതിനുവേണ്ടി വാമനന്‍ പ്രത്യേക അനുവാദം കൊടുത്തുവെന്നും അതനുസരിച്ച് മഹാബലി തന്റെ പ്രജകളെ കാണുവാന്‍ കേരളത്തിലേക്ക് എല്ലാവര്‍ഷവും ചിങ്ങത്തിലെ തിരുവോണത്തിന് വരുന്നതാണ് ഓണാഘോഷമെന്നുമാണ് കേരളത്തില്‍ പ്രചാരത്തിലുള്ള ഓണക്കഥ.

പുരാണങ്ങളിലോ ഇതിഹാസങ്ങളിലോ ഒന്നും തന്നെ ഇതിന് ഉപോല്‍ബലകങ്ങളായ പരാമര്‍ശങ്ങളോ വിവരണങ്ങളോ ഇല്ലാതെ ഈ അസത്യമായ ഓണക്കഥ കേരളത്തില്‍ മാത്രം എങ്ങനെ പ്രചാരണത്തില്‍ വന്നു? ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലിയിലും വെട്ടം മാണിയുടെ പുരാണ നിഘണ്ടുവിലും കുട്ടികള്‍ക്ക് പഠിക്കുവാനുള്ള പാഠപുസ്തകങ്ങളിലുമെല്ലാം വാമനമൂര്‍ത്തി മാവേലിമന്നനെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി എന്ന് എഴുതിവെച്ചിരിക്കുന്നതാണ് അത്യന്തം ഖേദകരമായിത്തോന്നുന്നത്.

ശ്രീമദ്ഭാഗവതത്തിലെ അഷ്ടമസ്‌കന്ധത്തിലെ 15-ാമത് അദ്ധ്യായം മുതല്‍ 23-ാമത് അദ്ധ്യായം വരെയുള്ള ഭാഗമാണ് വാമനചരിതമെന്ന മഹാബലിയുടെ കഥയ്ക്കാധാരമായിട്ടുള്ളത്. സര്‍വ്വേശ്വരനായ ഭഗവാന്‍ ശ്രീഹരി ഒന്നുമില്ലാത്തവനെപ്പോലെ എന്തിനാണ് മൂന്നടി മണ്ണ് യാചിച്ചത്? എല്ലാം ലഭിച്ചിട്ടും നിരപരാധിയായ ബലിയെ ബന്ധിച്ചതെന്തിനാണ്? എന്നിങ്ങനെയുള്ള പരീക്ഷിത്തിന്റെ ചോദ്യങ്ങള്‍ക്കുത്തരമായിട്ടാണ് ഭാഗവതത്തില്‍ ശ്രീശുകബ്രഹ്മര്‍ഷി മഹാബലിയുടെ കഥ വിവരിക്കുന്നത്.

ദേവേന്ദ്രനാല്‍ തോല്‍പ്പിക്കപ്പെട്ട്, നിഗ്രഹിക്കപ്പെട്ട ബലിക്ക് ശുക്രാചാര്യരുടെ മൃതസഞ്ജീവനികൊണ്ട് ജീവിതം തിരിച്ചു കിട്ടി. സ്വര്‍ഗ്ഗം ജയിക്കുവാന്‍ ആഗ്രഹിച്ച മഹാബലിയെക്കൊണ്ട് ഗുരുനാഥന്‍ ‘വിശ്വജിത്ത്’ എന്ന യാഗം ചെയ്യിപ്പിച്ചു. മുത്തച്ഛനായ പ്രഹ്ലാദന്‍ നല്‍കിയ വാടാത്ത മാല്യമണിഞ്ഞ് ഗുരു അനുഗ്രഹിച്ചു നല്‍കിയ ദിവ്യരഥമേറി ബലി ദേവലോകം പിടിച്ചടക്കുവാനായി പുറപ്പെട്ടു. അദ്ദേഹത്തിന്റെ പടപ്പുറപ്പാടുകണ്ട് പരിഭ്രമിച്ച ഇന്ദ്രന്‍ ഗുരുവായ ബൃഹസ്പതിയെ കണ്ട് ബലിയുടെ പുനര്‍ജ്ജന്മത്തിന്റെയും തിരിച്ചുവരവിന്റെയും കാരണമാരാഞ്ഞു. ”ശുക്രാചാര്യരാണ് ശിഷ്യനെ തേജസ്വിയാക്കിത്തീര്‍ത്തത്. വിഷ്ണുഭഗവാനല്ലാതെ മറ്റാര്‍ക്കും ബലിയെ നേരിടാനുള്ള ശക്തിയില്ല. ഏതൊരു ഗുരുവിന്റെ അനുഗ്രഹത്താലാണോ ബലി പ്രതാപശാലിയായിത്തീര്‍ന്നത് അതേ ശുക്രാചാര്യരുടെ ഉപദേശത്തിന് വിപരീതമായി പ്രവര്‍ത്തിക്കുമ്പോള്‍ സര്‍വ്വസ്വവും നഷ്ടപ്പെട്ട ബലിയില്‍ നിന്ന് ദേവന്മാര്‍ക്ക് സ്വര്‍ഗ്ഗം തിരിച്ച് കിട്ടും. ഇപ്പോള്‍ കാലം അസുരന്മാര്‍ക്കനുകൂലമായതിനാല്‍ കാത്തിരിക്കുക” എന്ന ഗുരുവിന്റെ ഉപദേശപ്രകാരം യുദ്ധം ചെയ്യാതെ ദേവന്മാര്‍ ഭൂമിയില്‍ വേഷംമാറി സഞ്ചരിച്ചു.

ത്രൈലോക്യ ജേതാവായ മഹാബലിയുടെ ഇന്ദ്രപദവി സ്ഥിരമാക്കിത്തീര്‍ക്കുവാനായി ശുക്രമഹര്‍ഷി ബലിയെക്കൊണ്ട് നൂറ് അശ്വമേധയാഗങ്ങള്‍ കഴിപ്പിച്ചു. ഗുരുവിന്റെ അനുഗ്രഹത്താല്‍ മഹാബലിയുടെ കീര്‍ത്തി ലോകമെമ്പാടും വ്യാപിച്ചു. അസുരന്മാര്‍ സ്വര്‍ഗ്ഗാധിപത്യം നേടിയതും തന്റെ മക്കള്‍ എല്ലാം നഷ്ടപ്പെട്ടവരായിത്തീര്‍ന്നതും കണ്ട് ദേവമാതാവായ അദിതി അത്യന്തം ദുഃഖിതയായിത്തീര്‍ന്നു. ദേവന്മാരുടെ അച്ഛനും തന്റെ ഭര്‍ത്താവുമായ കശ്യപന്‍ ഒരിക്കല്‍ ആശ്രമത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ വ്യസനിച്ചിരിക്കുന്ന അദിതിയെക്കണ്ട് ദുഃഖകാരണമാരാഞ്ഞു. നഷ്ടപ്പെട്ട ഐശ്വര്യവും സ്ഥാനമാനങ്ങളും തന്റെ പുത്രന്മാര്‍ക്ക് തിരിച്ചുകിട്ടുവാന്‍ താന്‍ എന്തു ചെയ്യണമെന്ന് അദിതി കശ്യപ പ്രജാപതിയോട് ചോദിച്ചു. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ദേവമാതാവായ അദിതി പയോവ്രതമനുഷ്ഠിച്ച് ഭഗവാനെ ആരാധിച്ചു. പാല്‍മാത്രമാഹരിച്ചുകൊണ്ട് വിഷ്ണുഭഗവാനെ വ്രതനിഷ്ഠയോടെ പൂജിക്കുന്ന പന്ത്രണ്ടു ദിവസത്തെ പയോവ്രതത്താല്‍ സംപ്രീതനായ ഭഗവാന്‍ പതിമൂന്നാം നാള്‍ വ്രതാവസാനത്തില്‍ അദിതിയുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ആനന്ദാശ്രുക്കള്‍ പൊഴിച്ചുകൊണ്ട് ഗദ്ഗദകണ്ഠയായി അദിതിമാതാവ് ഭഗവാനെ സ്തുതിച്ചു. അദിതിയുടെ സ്തുതിയാല്‍ സംപ്രീതനായ ഭഗവാന്‍ ”അമ്മേ, ശത്രുക്കളാല്‍ സ്ഥാനഭ്രഷ്ടരാക്കപ്പെട്ട അനാഥരായിത്തീര്‍ന്ന പുത്രന്മാരെ ഓര്‍ത്ത് ദുഃഖിക്കുന്ന അമ്മയുടെ മനോരഥം എനിക്കറിയാം. ഈശ്വരാനുകൂലത്വം യഥേച്ഛമുള്ളതുകൊണ്ട് ഇപ്പോള്‍ അസുരന്മാരെ ജയിക്കുക എളുപ്പമല്ല. എന്നാല്‍ എന്നെ ആരാധിച്ചു നടത്തിയ പയോവ്രതം നിഷ്ഫലമാകുവാനും പാടില്ല. അതുകൊണ്ട് ഞാന്‍ തന്നെ അമ്മയുടെ മകനായവതരിച്ച് ദേവന്മാരെ രക്ഷിച്ചുകൊള്ളാം.” എന്നരുളി ചെയ്ത് അന്തര്‍ധാനം ചെയ്തു.

ഭഗവദനുഗ്രഹത്താല്‍ തന്നില്‍ ഈശ്വര ചൈതന്യം പ്രവേശിച്ചതറിഞ്ഞ കശ്യപന്‍ അദിതിയില്‍ വീര്യാധാനം ചെയ്തു. ഗര്‍ഭഗതവിഷ്ണുവിനെ ബ്രഹ്മാദിദേവതകള്‍ വന്ന് സ്തുതിച്ചു. അങ്ങനെ ചിങ്ങത്തിലെ വെളുത്ത ദ്വാദശിയും തിരുവോണവും കൂടിയ ദിവസം ഉത്രട്ടാതിയുടെ അവസാനത്തെ പതിനഞ്ചുനാഴികയും തിരുവോണത്തിന്റെ ആദ്യത്തെ നാലുനാഴികയും കൂടിയ അഭിജിത്ത് എന്ന ശുഭമുഹൂര്‍ത്തത്തില്‍ മഹാപ്രഭുവായ ഭഗവാന്‍ അവതരിച്ചു. (ശ്രീമദ് ഭാഗവതം അഷ്ടമ സ്കന്ധം/18/5)

വെളുത്ത ദ്വാദശിയിലെ സൂര്യന്‍ ഉച്ചത്തില്‍ നില്‍ക്കുമ്പോള്‍ വിജയ എന്ന മുഹൂര്‍ത്തത്തിലാണ് ശ്രീഹരിയവതരിച്ചത്. ചതുര്‍ബാഹുവായി എല്ലാ ആയുധങ്ങളോടുംകൂടിയാണ് ഭഗവാനവതരിച്ചത്. എല്ലാവരും സ്തുതിച്ച് വന്ദിച്ചപ്പോള്‍ ശ്രീഹരി ഒരു നടന്‍ വേഷം മാറുന്നതുപോലെ പെട്ടെന്ന് വാമനനായി മാറി (ശ്രീമദ് ഭാഗവതം അഷ്ടമ സ്കന്ധം/18/12). കശ്യപപ്രജാപതി ഉണ്ണിയുടെ ഉപനയനം നടത്തി. സൂര്യദേവന്‍ നേരിട്ട് ഗായത്രീമന്ത്രം ഉപദേശിച്ചു. ഉമാദേവിയില്‍ നിന്ന് ഭിക്ഷയും സ്വീകരിച്ച് വാമനമൂര്‍ത്തി മഹാബലിയുടെ യജ്ഞശാലയിലേക്ക് പുറപ്പെട്ടു.

മഹാബലി നര്‍മ്മദാനദിയുടെ വടക്കേ തീരത്തുള്ള ‘ഭൃഗുകച്ഛം’ എന്ന തീര്‍ത്ഥഭൂമിയില്‍ 99 യാഗങ്ങള്‍ കഴിഞ്ഞ് നൂറാമത്തെ അശ്വമേധയാഗമാരംഭിച്ചിരുന്നു. യാഗശാലയില്‍ എത്തിച്ചേര്‍ന്ന ഉജ്ജ്വല തേജസ്സോടുകൂടിയ ബാലനെക്കണ്ടപ്പോള്‍ എല്ലാവരും എഴുന്നേറ്റ് എതിരേറ്റ് സ്വീകരിച്ചു. കുടയും ദണ്ഡവും കമണ്ഡലുവുമായി ഭിക്ഷാംദേഹിയായി തന്റെ യജ്ഞശാലയില്‍ സമാഗതനായ ബ്രഹ്മചാരിക്കുട്ടിയെ മഹാബലി നമസ്‌കാരപൂര്‍വ്വം പാദപൂജ ചെയ്തു. ‘എന്ത് വേണമെങ്കിലും ചോദിച്ചോളൂ. ഞാന്‍ നിനക്ക് എന്തും നല്‍കും’ എന്ന് വാഗ്ദാനവും നല്‍കി.

മഹാബലിയുടെ സ്വാഗതവചസ്സുകള്‍ കേട്ട് സന്തുഷ്ടനായ ഭഗവാന്‍ ബലിയെ പ്രശംസാവചനങ്ങള്‍കൊണ്ട് മൂടി. ‘ദാനശീലരില്‍ ശ്രേഷ്ഠനായ അങ്ങയില്‍ നിന്ന് ഞാന്‍ എന്റെ കാല്‍കൊണ്ടളന്നെടുക്കാവുന്ന മൂന്നടി മണ്ണ് മാത്രമാണ് ആഗ്രഹിക്കുന്നത്’ എന്ന ബ്രഹ്മചാരിയുടെ യാചന കേട്ടപ്പോള്‍ (‘പദാനി ത്രീണി ദൈത്യേന്ദ്ര സംമിതാനി പദാ മമ. – ശ്രീമദ് ഭാഗവതം അഷ്ടമ സ്കന്ധം/19/17)’, ‘ത്വം ബാലോ ബലിശമതിഃ’ – ‘നീ കണ്ടാല്‍ മാത്രമല്ല സ്വഭാവം കൊണ്ടും കുട്ടിതന്നെ. മൂന്ന് ലോകത്തിനുമധിപതിയായ എന്നെ ഇത്രയൊക്കെ സ്തുതിച്ചിട്ട് വെറും മൂന്നടിമണ്ണാണോ ആവശ്യപ്പെടുന്നത്? എന്നോടൊരിയ്ക്കല്‍ യാചിച്ചൊരാള്‍ പിന്നീട് ഒരിയ്ക്കലും മറ്റൊരാളോട് യാചിക്കാനിടവരരുത് എന്നെനിക്ക് നിര്‍ബ്ബന്ധമുണ്ട്. അതിനാല്‍ അങ്ങ് വരം മാറ്റി ചോദിച്ചുകൊള്ളൂ.’ എന്ന് അല്പം അഹങ്കാരവും പരിഹാസവും കലര്‍ന്ന സ്വരത്തോടെ മഹാബലി പറഞ്ഞു (‘മാം വചോഭിഃ സമാരാധ്യ ലോകാനാമേകമീശ്വരം’

– ശ്രീമദ് ഭാഗവതം അഷ്ടമ സ്കന്ധം/18/19).

മറ്റൊന്നും വേണ്ടെന്ന വാമനന്റെ മറുപടികേട്ട മഹാബലി ”അങ്ങയുടെ ആഗ്രഹം പോലെ സ്വീകരിക്കൂ.” എന്ന് പറഞ്ഞ് ജലസഹിതം ദാനം ചെയ്യുവാനായി ജലപാത്രം കയ്യിലെടുത്തു. കപടവേഷധാരിയായി വന്ന വിഷ്ണുവിന് സര്‍വ്വസ്വവും ദാനം ചെയ്യാനൊരുമ്പെട്ട ശിഷ്യനെ ശുക്രാചാര്യന്‍ തടഞ്ഞു. ദാനം നല്കാതിരിക്കുന്നതിനുവേണ്ടി ഗുരുനാഥന്‍ പലപലന്യായങ്ങളും പറഞ്ഞുവെങ്കിലും മഹാബലി അതൊന്നും ചെവിക്കൊണ്ടില്ല. ”ഒരു സാധാരണഗൃഹസ്ഥനെ സംബന്ധിച്ചിടത്തോളം അവിടുന്ന് ഇപ്പോള്‍ പറഞ്ഞതെല്ലാം സത്യമാണ്, സ്വീകാര്യവുമാണ്. പക്ഷേ മുത്തച്ഛനായ പ്രഹ്ലാദനില്‍നിന്ന് സത്യത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ച ഞാന്‍, തരാമെന്ന് പ്രതിജ്ഞ ചെയ്തിട്ട് ഒരു വഞ്ചകനെപ്പോലെ എങ്ങനെ അത് നിരാകരിക്കും? യജ്ഞേശ്വരനായ ഭഗവാന്‍ വിഷ്ണുതന്നെയാണ് തന്റെ മുന്നില്‍ വേഷപ്രച്ഛന്നനായി വന്നിരിക്കുന്നതെങ്കില്‍ ആ ഭഗവാന് ഞാനീ ഭൂമി നല്‍കുന്നതിലുപരിയായി പുണ്യകരമായിട്ടെന്തുണ്ട്?” എന്ന ശിഷ്യന്റെ മറുപടി കേട്ടപ്പോള്‍ തന്റെ ഉപദേശം അംഗീകരിക്കാത്തവനും സത്യസന്ധനും ധീരനുമായ മഹാബലിയെ ശുക്രാചാര്യര്‍ ”നിന്റെ എല്ലാവിധ ഐശ്വര്യങ്ങളുമധികാരവും നഷ്ടപ്പെട്ടുപോകട്ടെ”എന്ന് ശപിച്ചു.

ദാനസങ്കല്പം കഴിഞ്ഞതും വാമനന്‍ മൂന്നുലോകവും നിറഞ്ഞ വിശ്വരൂപത്തെ സ്വീകരിച്ചു. (തദ് വാമനം രൂപം അവര്‍ധതാദ്ഭുതം ഹരേരനന്തസ്യ ഗുണത്രയാത്മകം (ശ്രീമദ് ഭാഗവതം അഷ്ടമ സ്കന്ധം/21/21)) ഒരടികൊണ്ട് അധോലോകങ്ങളും രണ്ടാമത്തെ അടികൊണ്ട് ഊര്‍ധ്വലോകങ്ങളും അളന്നെടുത്ത് മൂന്നാമത്തെ അടി എവിടെ വെക്കണമെന്ന വാമനമൂര്‍ത്തിയുടെ ചോദ്യത്തിന് ‘ലോകാനാമേകമീശ്വരം’ എന്നഹങ്കരിച്ച മഹാബലിക്ക് മറുപടിയില്ലാതായി. വാഗ്ദാനം പാലിച്ചില്ലെങ്കില്‍ നരകവാസമായിരിക്കും ഫലമെന്നും വാമനന്‍ ബലിയെ ഓര്‍മ്മിപ്പിച്ചു. ”തനിക്ക് നരകത്തെയോ വരുണപാശത്തെയോ തെല്ലും ഭയമില്ല. വാക്ക് പാലിക്കാന്‍ പറ്റാത്തതാണെന്റെ ഖേദം. അതിനാല്‍ എന്റെ വാക്ക് വീണ്‍വാക്കാകാതിരിക്കാന്‍, പ്രഹ്ലാദന്റെ പേരക്കുട്ടി പ്രതിജ്ഞ ലംഘിച്ചവനാണെന്ന ചീത്തപ്പേര് കേള്‍പ്പിക്കാതിരിക്കാന്‍ മഹാപ്രഭോ! ഞാനെന്നെത്തന്നെ നിവേദ്യമായി അങ്ങയ്ക്ക് സമര്‍പ്പിക്കുന്നു. അങ്ങയുടെ തൃപ്പാദമെന്റെ ശിരസ്സില്‍ വെച്ച് മൂന്നാമത്തെ അടി അളന്നെടുത്ത് എന്നെ സത്യവ്രതനാക്കേണമേ.” (യദ്യുത്തമശ്ലോക ഭവാന്മമേരിതം വചോ വ്യളീകം സുരവര്യ മന്യതേ കരോമ്യതം തന്ന ഭവേത് പ്രലംഭനം പദം തൃതീയം കുരു ശീര്‍ഷ്ണി മേ നിജം.

– ശ്രീമദ് ഭാഗവതം അഷ്ടമ സ്കന്ധം/22/2) എന്ന് മഹാബലി വാമനനോട് അഭ്യര്‍ത്ഥിച്ചു.

ഈ സമയത്ത് ബ്രഹ്മാവും പ്രഹ്ലാദനുമവിടെ സമാഗതരായി. ബ്രഹ്മാവ് മഹാബലിയെ രക്ഷിക്കണമേ, നിഗ്രഹിക്കരുതേ എന്ന് ഭഗവാനോടഭ്യര്‍ത്ഥിച്ചു. വിശ്വരൂപിയായിരുന്ന വാമനന്‍ ബ്രഹ്മചാരിക്കുട്ടിയായി മാറി തന്റെ തൃപ്പാദം ബലിയുടെ ശിരസ്സില്‍ സ്പര്‍ശിച്ച് അനുഗ്രഹിച്ചതുകണ്ട ഭക്തോത്തമനായ പ്രഹ്ലാദനാകട്ടെ, ”ഭഗവന്‍! ഈ ബലിയുടെ സ്വത്ത് അങ്ങ് പിടിച്ചുപറിച്ചിട്ടില്ല. ഒരു കാലത്ത് ഇന്ദ്രന്‍ ഐശ്വര്യത്താല്‍ മദോന്മത്തനായെന്ന് കണ്ടപ്പോള്‍ ലോകാധിപത്യം ഇന്ദ്രനില്‍നിന്നെടുത്ത് താല്‍ക്കാലികമായി ബലിയുടെ കൈവശമേല്പിച്ചു. ഇവനും ഇന്ദ്രനെപ്പോലെ ഐശ്വര്യമദം കൊണ്ട് ദുഷിച്ചുപോകുന്നുവെന്ന് കണ്ടപ്പോള്‍ അങ്ങത് തിരിച്ചെടുക്കുന്നു. ഇതൊരനുഗ്രഹമാണ്, നിഗ്രഹമല്ല”, എന്ന് വിനയാന്വിതനായി ഭഗവാനോടുണര്‍ത്തിച്ചു. (ശ്രീമദ് ഭാഗവതം അഷ്ടമ സ്കന്ധം/23/610)

”ബന്ധഹേതുവായ അജ്ഞാനം നശിച്ച് ശുദ്ധനായ മഹാബലിയ്ക്ക് ബന്ധനമല്ല മുക്തിയാണ് നല്‍കേണ്ടത്” എന്ന ബ്രഹ്മാവിന്റെ വാക്ക് കേട്ട് ഭഗവാന്‍ പറഞ്ഞു. ”ഹേ ബ്രഹ്മന്‍! ഞാനൊരു ഭക്തനെയനുഗ്രഹിക്കുവാന്‍ ആഗ്രഹിച്ചാല്‍ ആദ്യം അവന്റെ ഐശ്വര്യത്തെ അപഹരിക്കും. ഐശ്വര്യമദംകൊണ്ട് ഉന്മത്തനായ മനുഷ്യന്‍ ലോകത്തെയും എന്നെയും അപമാനിക്കുന്നു (ശ്രീമദ് ഭാഗവതം അഷ്ടമ സ്കന്ധം/22/24). ദാനവദൈത്യന്മാരിൽ അഗ്രഗണ്യനായ ഈ മഹാബലി ആര്‍ക്കും ജയിക്കാന്‍ കഴിയാത്ത മായയെപ്പോലുമിന്ന് ജയിച്ചിരിക്കുന്നു. ദൃഢവ്രതനായ മഹാബലി ധനമെല്ലാം നഷ്ടപ്പെട്ടിട്ടും സ്ഥാനഭ്രഷ്ടനാക്കപ്പെട്ടിട്ടും ശത്രുക്കളാല്‍ ബന്ധിക്കപ്പെട്ടിട്ടും ഗുരുശാപമേല്‍ക്കേണ്ടി വന്നിട്ടും പലവിധ ക്ലേശങ്ങളനുഭവിക്കേണ്ടി വന്നിട്ടും സത്യവ്രതനായതുകൊണ്ട് സത്യത്തില്‍നിന്ന് വ്യതിചലിച്ചില്ല. ആയതിനാല്‍ ദേവന്മാര്‍ക്കുപോലും പ്രാപിക്കാനാകാത്ത സുദുര്‍ലഭസ്ഥാനമാണ് ഞാനിവന് കൊടുക്കുന്നത്. (ഏഷ മേ പ്രാപിതഃ സ്ഥാനം ദുഷ്പ്രാപമമരൈപി. സാവര്‍ണേരന്തരസ്യായം ഭവിതേന്ദ്രോ മദാശ്രയഃ. – ശ്രീമദ് ഭാഗവതം അഷ്ടമ സ്കന്ധം/22/31). ഇനി വരുന്ന സാവര്‍ണിമന്വന്തരത്തിലെ ഇന്ദ്രപദമാണ് ഞാനെന്റെ മഹാബലിയ്ക്ക് നല്‍കുന്നത്. അതുവരെ, വിശ്വകര്‍മ്മാവ് നിര്‍മ്മിച്ച സ്വര്‍ഗവാസികള്‍പോലും പോകുവാനാഗ്രഹിയ്ക്കുന്ന സുതലത്തില്‍ വസിക്കട്ടെ ഇന്ദ്രസേന! അങ്ങയ്ക്ക് മംഗളം ഭവിക്കട്ടെ. അങ്ങ് ബന്ധുമിത്രാദികളോടുകൂടി ദേവന്മാര്‍ക്കും പ്രാപ്യമല്ലാത്ത സുതലത്തിലേക്ക് പോവുക. ഇനി ലോകപാലന്മാര്‍ക്കുപോലും അങ്ങയെ ആക്രമിക്കുവാന്‍ സാധ്യമല്ല. അങ്ങയുടെ കല്പനയെ ലംഘിക്കുന്ന അസുരന്മാരെ എന്റെ സുദര്‍ശനചക്രം നിഗ്രഹിക്കും. ഞാനങ്ങയെ ഒരാപത്തും വരാതെ രക്ഷിക്കുന്നതാണ്. സുതലത്തില്‍ സന്നിഹിതനായ തന്നെ എന്നും അങ്ങയ്ക്ക് കാണുവാന്‍ കഴിയും (ശ്രീമദ് ഭാഗവതം അഷ്ടമ സ്കന്ധം/22/32 -36) എന്നിപ്രകാരം വാമനമൂര്‍ത്തി മഹാബലിയെ അനുഗ്രഹിച്ചു. വാമനന്റെ ഇപ്രകാരമുള്ള അനുഗ്രഹവചസ്സുകള്‍ കേട്ട് കൃതാര്‍ത്ഥനായ മഹാബലി ഗദ്ഗദകണ്ഠനായി പറഞ്ഞു.

ഇത്യുക്തവന്തം പുരുഷം പുരാതനം
മഹാനുഭാവോൽ അഖിലസാധുസമ്മതഃ
ബദ്ധാഞ്ജലിര്‍ബാഷ്പ കലാകുലേക്ഷണോ
ഭക്ത്യുദ്ഗലോ ഗദ്ഗദയാ ഗിരാബ്രവീത്

– ശ്രീമദ് ഭാഗവതം അഷ്ടമ സ്കന്ധം/23/1

”ഭഗവാനേ ! അങ്ങയുടെ കാരുണ്യാതിരേകം അത്യാശ്ചര്യകരം തന്നെ. ഞാനങ്ങയെ നമസ്‌കരിക്കുവാൻ ഉദ്ദേശിച്ചപ്പോഴേക്കും തപോദാനാദികളിലൂടെ പോലും ലഭിക്കാത്ത ഫലമെനിയ്ക്കങ്ങ് നല്‍കി അനുഗ്രഹിച്ചിരിക്കുന്നു”. ഇത്രയും പറഞ്ഞ് മഹാബലി ത്രിമൂര്‍ത്തികളെയും വണങ്ങി അത്യന്തം സന്തോഷത്തോടെ അസുരന്മാരോടൊപ്പം സുതലത്തിലേയ്ക്ക് പോകാനൊരുങ്ങി. (ശ്രീമദ് ഭാഗവതം അഷ്ടമ സ്കന്ധം /23/1112) ഇന്ദ്രാനുജനായ വാമനമൂര്‍ത്തി (ഉപേന്ദ്രന്‍) ഇന്ദ്രന് അര്‍ഹതപ്പെട്ട സ്വര്‍ഗത്തെ നല്‍കിയശേഷം മാതാവായ അദിതിയെ നമസ്‌കരിച്ച് തന്റെ അവതാരദൗത്യം നിറവേറ്റിയതായി അറിയിച്ചു. ഭഗവദ്ഭക്തിയില്‍ മുങ്ങിയ പ്രഹ്ലാദന് ‍”ബ്രഹ്മാദിദേവന്മാര്‍ക്കുപോലും നല്‍കാത്ത കാരുണ്യമങ്ങ് ഞങ്ങളില്‍ പ്രദര്‍ശിപ്പിച്ചല്ലോ. ഇതിന് ഞങ്ങള്‍ക്കര്‍ഹതയുണ്ടോ ഭഗവാനേ” എന്ന് ചോദിച്ചപ്പോള്‍ ”വത്സാ, പ്രഹ്ലാദ! നിങ്ങളെല്ലാവരും സുതലത്തിലേക്ക് പോയ്‌ക്കൊള്‍ക. പൗത്രാദികളോടൊപ്പം സുഖമായി കഴിയുക. സുതലദ്വാരത്തില്‍ ഗദാപാണിയായ ഞാന്‍ നിനക്ക് സദാ ദര്‍ശനമേകും” എന്ന് ഭഗവാന്‍ പ്രഹ്ലാദനെയനുഗ്രഹിച്ച് മഹാബലിയോടൊപ്പം സുതലത്തിലേയ്ക്ക് യാത്രയാക്കി. മഹാബലിയുടെ യാഗത്തില്‍ വന്ന ന്യൂനത പരിഹരിച്ച് യാഗം പൂര്‍ത്തിയാക്കാന്‍ ശുക്രാചാര്യരോട് വാമന മൂര്‍ത്തി നിര്‍ദ്ദേശിച്ചതനുസരിച്ച് ശുക്രാചാര്യര്‍ യാഗം പൂര്‍ത്തിയാക്കി. ബ്രഹ്മാവ് പിന്നീട് ലോകരുടെയും ലോകപാലന്മാരുടെയുമെല്ലാം പിതാവായി വാമനമൂര്‍ത്തിയെ നിശ്ചയിച്ചു. (ശ്രീമദ് ഭാഗവതം അഷ്ടമ സ്കന്ധം/23/21) ബ്രഹ്മശിവാദികള്‍ ഭഗവാന്റെ കൃത്യത്തെ മുക്തകണ്ഠം പ്രശംസിച്ചുകൊണ്ട് സ്വസ്ഥാനങ്ങളിലേക്ക് പോയി. ഇപ്പോള്‍ നടന്നുവരുന്ന മന്വന്തരത്തിലവതരിച്ച വാമന മൂര്‍ത്തിയുടെ അവതാരകഥയുടെ സാരാംശമിപ്രകാരമാണ് ശ്രീമദ് ഭാഗവതത്തില്‍ അഷ്ടമ സ്‌കന്ധത്തില്‍ വര്‍ണ്ണിച്ചിരിക്കുന്നത്.

ശ്രീമദ് ഭാഗവതത്തിലോ നാരായണീയത്തിലോ മറ്റേതെങ്കിലും പ്രാമാണികഗ്രന്ഥങ്ങളിലോ വാമനന്‍ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയെന്ന് പറയുന്നില്ല. മറിച്ച് സത്യസന്ധനും ധര്‍മ്മിഷ്ഠനുമായ മഹാബലിയെ വാമനമൂര്‍ത്തി പരീക്ഷിക്കുകയും പരീക്ഷണത്തില്‍ വിജയിച്ച ബലിയെ വാമനന്‍ അനുഗ്രഹിക്കുകയുമാണ് ചെയ്‌തെന്നാണ് പ്രാമാണിക ഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നത്. ശബ്ദതാരാവലിയിലും പുരാണനിഘണ്ടുവിലും ചില ഭാഗവത കഥാസംഗ്രഹഗ്രന്ഥങ്ങളിലും പ്രാമാണിക ഗ്രന്ഥങ്ങളുടെ പിന്തുണയില്ലാതെ പറഞ്ഞുവരുന്ന തെറ്റായ കഥ എങ്ങനെ വന്നുവെന്നതജ്ഞാതമാണ്.വായ്‌മൊഴിയായി പറഞ്ഞുപരന്ന ചില നാടോടിക്കഥകളെയാധാരമാക്കി കഥയെ വികൃതവും വികലവുമാക്കിയതാകാം.

കേരളമുള്‍പ്പെടെയുള്ള പരശുരാമക്ഷേത്രം മഹാബലിയുടെ ഭരണകാലത്ത് ഉണ്ടായിരുന്നില്ല. പരശുരാമന്‍ ഇരുപത്തിയൊന്ന് തവണ ഭൂമി മുഴുവന്‍ സഞ്ചരിച്ച് ദുഷ്ടക്ഷത്രിയ നിഗ്രഹം നടത്തി പിടിച്ചെടുത്ത ദേശമെല്ലാം കശ്യപമഹര്‍ഷിയ്ക്കും ബ്രാഹ്മണര്‍ക്കുമായി ദാനം ചെയ്തു. ദാനം കൊടുത്ത ഭൂമിയില്‍ താമസിക്കുന്നത് ശരിയല്ലാത്തതിനാല്‍ സമുദ്രത്തോട് ഭൂമിചോദിച്ചുവാങ്ങുവാനുള്ള കശ്യപമഹര്‍ഷിയുടെ ഉപദേശപ്രകാരം പരശുരാമന്റെ പ്രാര്‍ത്ഥനയുടെ ഫലമായി സമുദ്രം മാറി കരയായി ഉയര്‍ന്നുവന്നതാണ് പരശുരാമക്ഷേത്രമായ നമ്മുടെ കേരളം. കന്യാകുമാരിക്കടുത്തുള്ള മഹേന്ദ്രപര്‍വതത്തില്‍ തപസ്സനുഷ്ഠിച്ചുവന്ന പരശുരാമന്‍ അവിടെ നിന്ന് മഴുവെറിഞ്ഞ് സൃഷ്ടിച്ചതാണെന്നും പറഞ്ഞുവരുന്നു. പരശുരാമാവതാരം വാമനാവതാരത്തിന് ശേഷമാണ് സംഭവിച്ചതെന്നിരിക്കെ മഹാബലിയുടെ കാലത്ത് നിലവില്ലാതിരുന്ന കേരളത്തില്‍ മഹാബലി എങ്ങനെ നാടുവാഴിയായി? തമിഴ്‌നാട്ടിലുള്ളതുപോലെ കേരളത്തിലും പുതുവര്‍ഷപ്പിറപ്പ് മേടം ഒന്നിന് വിഷുദിനത്തിലായിരുന്നുവത്രെ. ചേരമാന്‍പെരുമാള്‍ രാജാവ് യുദ്ധത്തില്‍ കൊല്ലം നഗരം കീഴ്‌പ്പെടുത്തി സ്വന്തമാക്കിയതിന്റെ ഓര്‍മ്മയ്ക്കാണ് 1196 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊല്ലവര്‍ഷമാരംഭിച്ചതെന്നാണ് ചരിത്രം. ചിങ്ങമാസം പഞ്ഞക്കര്‍ക്കിടകം കഴിഞ്ഞുള്ള വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും മാസമാണ്. ചിങ്ങത്തില്‍ സൂര്യന്‍ സ്വക്ഷേത്രബലവാനാകയാല്‍ സൂര്യനെയടിസ്ഥാനപ്പെടുത്തിയുള്ള ചിങ്ങംതൊട്ടുള്ള കാലനിര്‍ണയവും ഉത്തമം തന്നെയെന്ന് തോന്നിയിരിക്കാം. വിളവെടുപ്പുത്സവവും പുതുവര്‍ഷപ്പിറപ്പും ഒന്നിച്ചാഘോഷിക്കാമല്ലോ എന്ന കാഴ്ചപ്പാടായിരിക്കണം ഓണമഹോത്സവത്തിന്റെ തുടക്കം.

മഹാബലിയുടെ മഹാസാമ്രാജ്യമായിരുന്ന ഭാരതത്തില്‍ മറ്റൊരിടത്തുമില്ലാത്ത ഓണം കേരളത്തില്‍ മാത്രമെങ്ങനെവന്നു? കേരളത്തിന്റെ ഉത്തരഭാഗത്ത് ഓണം അത്രമാത്രം പ്രധാനവുമല്ല. ശ്രീമദ്ഭാഗവതം പോലെയുള്ള പുരാണഗ്രന്ഥങ്ങളെയനുസന്ധാനം ചെയ്താല്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ വ്യക്തമാകുന്നതാണ്.

സത്യസന്ധനും ധര്‍മ്മിഷ്ഠനും നീതിമാനുമായിരുന്ന മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയിട്ടില്ല.

”ലോകാനാമേകമീശ്വരം” എന്ന് തന്റെ ഐശ്വര്യത്തിൽ അഹങ്കരിച്ചുപോയ ബലിയുടെയഹങ്കാരത്തെ നീക്കി അനുഗ്രഹിക്കുകയാണ് ചെയ്തത്. തന്റെ ഭക്തനായ മഹാബലിയെ ചിരഞ്ജീവിയാക്കി, ദേവന്മാര്‍പോലും കൊതിക്കുന്ന (സുതലം സ്വര്‍ഗ്ഗിഭിഃ പ്രാര്‍ത്ഥ്യം) സുതലത്തിന്റെ അധിപതിയാക്കിയുയര്‍ത്തി. അടുത്ത മന്വന്തരമായ സാവര്‍ണിമന്വന്തരത്തില്‍ ഇന്ദ്രസേനനെന്ന മഹാബലിയെ ഇന്ദ്രപദത്തിലേക്ക് ഉയര്‍ത്തുവാനും തീരുമാനിച്ചു. (സാവര്‍ണേരന്തരസ്യായം ഭവിതേന്ദ്രോ മദാശ്രയഃ) മന്വന്തരമെന്നാല്‍ മനുവിന്റെ കാലഘട്ടമെന്നര്‍ത്ഥം. ഒരു മന്വന്തരത്തില്‍ ഇന്ദ്രനും മനുവും സപ്തര്‍ഷികളും മനുപുത്രന്മാരുമെല്ലാം ലോകരക്ഷയ്ക്കായി നിയോഗിക്കപ്പെടുകയാണ്. ഒരു മന്വന്തരത്തില്‍ ദേവേന്ദ്രനായി നിയമിക്കപ്പെട്ടാല്‍ അടുത്ത മന്വന്തരം വരെ അദ്ദേഹം തന്നെ ഇന്ദ്രപദത്തില്‍ തുടരുമെന്നാണ് ഭഗവന്നിയോഗം. അഹങ്കാരം കാരണം മഹാബലി ഈ ഈശ്വരനിയമം ലംഘിച്ചുകൊണ്ടാണ് ദേവലോകത്തെയാക്രമിച്ച് കീഴടക്കിയത്. അതുകൊണ്ടുതന്നെയാണ് മഹാവിഷ്ണു വാമനനായവതരിച്ച് മഹാബലിയില്‍ നിന്ന് ദേവലോകം കരസ്ഥമാക്കിയതും ഇന്ദ്രന് തിരിച്ച് നല്‍കിയതും.

ശ്രാവണമാസത്തിലെ തിരുവോണം വാമനാവതാര ദിവസമാണ്. വാമനജയന്തിയാണ്. ഓണത്തപ്പനായിട്ട് വാമനമൂര്‍ത്തിയെയാണ് പൂജിക്കുന്നത്. കുടവയറും കപ്പടാമീശയുമായി ഓലക്കുടയും ചൂടിവരുന്ന മഹാബലിയാണ് ഓണത്തപ്പന്‍ എന്ന് ചിലര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ട്. മണ്ണുകൊണ്ടും ചാണകംകൊണ്ടും മറ്റും തൃക്കാക്കരയപ്പനെയുണ്ടാക്കി പൂക്കളമിട്ട് അടനിവേദ്യം സമര്‍പ്പിക്കുന്നത് തൃക്കാക്കരയിലെ വാമനമൂര്‍ത്തിയ്ക്കാണ്, മഹാബലിയ്ക്കല്ല. ദക്ഷിണകേരളത്തിലെങ്ങും ഈ ആചാരാനുഷ്ഠാനങ്ങള്‍ ഇപ്പോഴും തുടര്‍ന്നുവരുന്നുമുണ്ട്.

മഹാബലിയുടെ സാമ്രാജ്യമെന്നത് ഉത്തര ഭാരതത്തിലായിരുന്നു. അദ്ദേഹം അശ്വമേധയാഗങ്ങള്‍ നടത്തിയത് നര്‍മ്മദാനദിയുടെ തീരത്തെ ‘ഭൃഗുകച്ഛ’ മെന്ന തീര്‍ത്ഥ ഭൂമിയിലാണ്. (അന്ന് നിലവിലില്ലാതിരുന്ന കേരളത്തിലല്ല).

മഹാബലി സത്യസന്ധനും പരാക്രമിയുമായ ധീരയോദ്ധാവായിരുന്നു. കൊമ്പന്‍മീശക്കാരനായ കുടവയറനല്ല. മഹാബലിയെ ഇപ്രകാരം വിചിത്രമായി ചിത്രീകരിക്കുന്നതില്‍ മനംനൊന്ത തിരുവിതാങ്കൂര്‍ രാജാവായിരുന്ന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ വീരപുരുഷനായ യുവാവായ മഹാബലിയുടെ ഒരു മനോഹരമായ ചിത്രം നാലഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് ചില മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു.

പരശുരാമ ക്ഷേത്രത്തിലേക്ക് നമ്പൂതിരിമാര്‍ കുടിയേറിപ്പാര്‍ത്തു തുടങ്ങിയത് ക്രിസ്തുവര്‍ഷം അഞ്ചാം നൂറ്റാണ്ടിനടുത്താണെന്നും ബ്രാഹ്മണരായതിനാല്‍ അവര്‍ വാമനജയന്തി ആഘോഷിച്ചുതുടങ്ങിയതാവാമെന്നും ചില അഭിജ്ഞര്‍ പറയുന്നു. പില്‍ക്കാലത്ത് ആ നമ്പൂതിരിമാര്‍ ജന്മികളായപ്പോള്‍ വിളവെടുപ്പുത്സവവും വാമനജയന്തിയും കൂട്ടിയിണക്കി ഓണാഘോഷം തുടങ്ങിയിരിക്കാമെന്നുമാണ് ഇക്കൂട്ടര്‍ അഭിപ്രായപ്പെടുന്നത്. മഹാബലി കേരളം കാണാന്‍ വരുന്നുവെന്നുള്ള കഥ ജനങ്ങളെയാകര്‍ഷിക്കാന്‍വേണ്ടി പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ത്തതായിരിക്കാം.

പുരാണങ്ങളില്‍ വിശ്വസിക്കുവാനും വിശ്വസിക്കാതിരിക്കുവാനും ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ നമ്മുടെ വിലപ്പെട്ട നിധികളായ അവയെ വികലവും വികൃതവുമായി ചിത്രീകരിക്കുന്നത് തികച്ചും അപലപനീയമാണ്. അടുത്ത കാലത്തായി ഹൈന്ദവപുരാണങ്ങളിലെ കഥാപാത്രങ്ങളെയും നമ്മുടെ ആദര്‍ശമൂര്‍ത്തികളെയുമെല്ലാം വികൃതമായി ചിത്രീകരിക്കുന്ന, പരസ്യമായി പരിഹസിക്കുന്ന പ്രവണത പതിവാക്കിയിരിക്കുന്നു. ഈ ദുഷ്പ്രവണതയെ നിയമപരമായ രീതിയിൽ തടയുന്നത് ദേശാഭിമാനികളുടെ കര്‍ത്തവ്യമാണ്. നമ്മുടെയിടയില്‍ മനഃപൂര്‍വ്വം പടച്ചിറക്കുന്ന മഹാബലിയുടെ പാതാളക്കഥപോലെയുള്ള കെട്ടുകഥകളെ നാം ജനമനസ്സില്‍ നിന്നും തൂത്തെറിയുകതന്നെവേണം !

സമാഹരണം : ശ്രീ. ബിനിൽ സോമസുന്ദരം
Source : https://jagrathanews.online/2020/08/27/15657/uncategorized/