നമ്മൾ എന്തിനാണ് വീണ്ടും വീണ്ടും ഭൂമിയിൽ ജന്മമെടുക്കുന്നത് ?

ആത്മീയതയുടെ അർത്ഥവും മനുഷ്യജീവിതത്തിൽ അതിന്‍റെ പ്രാധാന്യവും മനസ്സിലാക്കാൻ, എല്ലാ ജീവജാലങ്ങളുടെയും മനുഷ്യരുടെയും ലക്ഷ്യത്തെക്കുറിച്ച് ആദ്യം നമുക്ക് സ്വയം പരിചയപ്പെടാം.

1. നാം എന്തിന് ജനിക്കുന്നു ?

എന്തിനാണ് നമ്മുടെ എല്ലാ ജോലികളും മാറ്റിവെച്ച് ഈ ലേഖനം  നാം വായിക്കുവാൻ ഇരുന്നത്? വ്യക്തമായും, നമ്മൾ എന്തെങ്കിലും പഠിക്കുകയും അതുവഴി കുറച്ച് സന്തോഷം നേടുകയും ചെയ്യുമെന്ന പ്രതീക്ഷയോടെ. ‘സുഖം (സന്തോഷം) ഒരു യവം പോലെ ചെറുതായി തോന്നുമ്പോൾ, ദുഃഖം പർവ്വതം പോലെ വലുതായി തോന്നുന്നു’, എന്ന സത്യം മിക്കവരും അനുഭവിക്കുന്നുണ്ട്. ഒരു ശരാശരി വ്യക്തിയുടെ ജീവിതത്തിൽ, സന്തോഷം 25 ശതമാനമെങ്കിൽ ദുഃഖം 75 ശതമാനമാണ്. എല്ലാ ജീവജാലങ്ങളും, ഏറ്റവും ചെറിയ പ്രാണി മുതൽ ഉന്നതനായ മനുഷ്യൻ വരെ, സന്തോഷത്തിന്‍റെ പരമോന്നത അവസ്ഥയ്ക്കായുള്ള അന്വേഷണത്തിലാണ്. എന്നിരുന്നാലും, ഈ സന്തോഷം എങ്ങനെ നേടാമെന്ന് സ്കൂളുകളും സർവകലാശാലകളും പഠിപ്പിക്കുന്നില്ല. ശാശ്വതവും അത്യുന്നതമായ ഗുണവുമുള്ള സന്തോഷത്തെ ആനന്ദം എന്ന് വിളിക്കുന്നു. ഈ ആനന്ദം എങ്ങനെ നേടണമെന്ന് മിക്ക ആളുകൾക്കും അറിയാത്തതിനാൽ, ഓരോരുത്തരും പഞ്ചേന്ദ്രിയങ്ങൾ, മനസ്സ്, ബുദ്ധി എന്നിവയിലൂടെ താൽക്കാലിക സുഖം നേടാൻ ശ്രമിക്കുന്നു. ആനന്ദം എങ്ങനെ നേടാമെന്ന് പഠിപ്പിക്കുന്ന ശാസ്ത്രത്തെ ആത്മീയതയുടെ ശാസ്ത്രം എന്ന് വിളിക്കുന്നു.

 

2. പുനർജന്മത്തിനുള്ള കാരണങ്ങൾ

രണ്ട് കാരണങ്ങളാൽ മനുഷ്യൻ വീണ്ടും വീണ്ടും ഭൂമിയിൽ ജനിക്കുന്നു. ആദ്യത്തേത് – 65% കാരണം, പ്രാരാബ്ധം (ഈ ജന്മത്തിൽ അനുഭവിച്ചു തീർക്കേണ്ട വിധി) അനുഭവിച്ചു തീർക്കുക എന്നതാണ്. രണ്ടാമത്തേത് – 35% കാരണം, ആനന്ദം നേടുന്നതിന് ആത്മീയ പുരോഗതി കൈവരിക്കുക എന്നതാണ്. നമ്മളെ സൃഷ്ടിച്ച ആനന്ദസ്വരൂപമായ ബ്രഹ്മത്തിലേക്ക് (പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവ്) മടങ്ങി പോകാൻ നമുക്ക് ഓരോരുത്തർക്കും ആഗ്രഹമുണ്ടാകും.

ബ്രഹ്മാനന്ദത്തിന്‍റെ നിത്യമായ സന്തോഷം ദേവതകൾ അനുഭവിക്കുന്ന സന്തോഷത്തേക്കാൾ നൂറുകണക്കിന് ദശലക്ഷം മടങ്ങ് (1020) കൂടുതലാണ്. ഇത് വിവരണാതീതമാണ്, മനുഷ്യ മനസ്സിന് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. എന്നിരുന്നാലും, മനുഷ്യന് നിത്യവും സാധന (ആത്മീയ അഭ്യാസം) ചെയ്യാനും ഈ ജന്മത്തിൽ തന്നെ ബ്രഹ്മത്തിൽ നിന്ന് ആനന്ദം അനുഭവിക്കാനും കഴിയും.

സ്വർഗത്തിൽ ഈ ആനന്ദം അനുഭവപ്പെടുകയില്ല. അതുകൊണ്ട് നാം സ്വർഗപ്രാപ്തി അല്ലാതെ മോക്ഷപ്രാപ്തിക്കു വേണ്ടി പ്രയത്നിക്കണം. മനുഷ്യജന്മമെടുത്താൽ മാത്രമേ മോക്ഷം ലഭിക്കൂ എന്ന സത്യം ദേവന്മാരും മനസ്സിലാക്കിയതിനാൽ അവരും മനുഷ്യ ജന്മം ആഗ്രഹിക്കുന്നു.

സുഖ-ദുഃഖങ്ങളുടെ ചക്രത്തിൽ നിന്ന് രക്ഷപ്പെടാൻ ഒരേയൊരു വഴിയേയുള്ളൂ, അത് ഭൗതിക സുഖത്തിനുള്ള ആഗ്രഹം ഇല്ലാതാക്കുക എന്നതാണ്. സന്തോഷത്തിനായുള്ള ആഗ്രഹം കാരണം, പുണ്യങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ, മനുഷ്യൻ പാപം ചെയ്യുകയും അങ്ങനെ ജനനമരണ ചക്രം ശാശ്വതമായി തുടരുകയും ചെയ്യുന്നു. പ്രളയ കാലം വരുമ്പോൾ ബ്രഹ്മദേവൻ വിശ്രമിക്കുന്നു. അതുകൊണ്ട് പുതിയ സൃഷ്ടികളൊന്നും നടക്കുന്നില്ല. ഈ കാലയളവിൽ മാത്രമാണ് ഒരു ജീവന് വിശ്രമം ലഭിക്കുന്നത്. എന്നാൽ ഈ വിശ്രമം കൊണ്ട് എന്താണ് പ്രയോജനം? ബ്രഹ്മദേവൻ ഉണർന്നതിനുശേഷം, ഒരിക്കൽ കൂടി നമ്മുടെ കർമങ്ങൾക്ക് അനുസൃതമായി വീണ്ടും നമ്മളെ ജനിപ്പിക്കുന്നു. ആഗ്രഹം (അതായത്, സന്തോഷത്തിനായുള്ള ആഗ്രഹം) നിലനിൽക്കുന്നിടത്തോളം, നാം ജനിച്ചുകൊണ്ടേയിരിക്കും. സന്തോഷത്തിനായുള്ള ആഗ്രഹത്തിന്‍റെ നാശത്തിൽ തന്നെ യഥാർത്ഥ സന്തോഷം (ആനന്ദം) ഉണ്ട്. സന്തോഷത്തിനുള്ള ആഗ്രഹം തന്നെയാണ് എല്ലാ അസന്തുഷ്ടിയുടെയും ദുഃഖത്തിന്‍റെയും അടിസ്ഥാന കാരണം. അതിനാൽ, സന്തോഷത്തിനുള്ള ആഗ്രഹം ഒരു പാപമാണ്.

സന്ദർഭം : സനാതൻ സംസ്ഥയുടെ ‘അധ്യാത്മത്തിന്‍റെ മുഖവുര’, ‘അധ്യാത്മം’ എന്ന ഗ്രന്ഥങ്ങൾ